ജനാധിപത്യം സാങ്കേതിക വിദ്യയിലൂടെ...

എങ്ങിനെയാണ് ഒരു ലീഡർ ആവുക എന്ന വിഷയത്തിൽ പല ചർച്ചകളും സെമിനാറുകളും പലരും സംഘടിപ്പിക്കാറുണ്ട്. പക്ഷെ എങ്ങിനെയാണ് ‘ഒരു നേതാവിനെ ഉണ്ടാക്കുക’ എന്നതിനെ ആസ്പദമാക്കി ഒരു ചർച്ചയോ സെമിനാറോ അധികമാരും നടത്തിയിട്ടില്ല എന്നാണ് തോന്നുന്നത്.
ബരാക് ഒബാമ പത്ത് വർഷം മുന്പ് ഇലക്ഷനിൽ മത്സരിക്കുവാൻ തയ്യാറായി വന്നപ്പോഴാണ് എങ്ങിനെയാണ് അധികം ആരും അറിയാത്ത വ്യക്തിയെ അമേരിക്ക പോലുള്ള ഒരു രാജ്യത്ത് നേതാവായി ബ്രാൻഡ് ചെയ്യുകയും പിന്നീട് അമേരിക്കൻ ്രപസിഡണ്ടാക്കി മാറ്റുകയും ചെയ്യുന്ന ഒരു വിസ്മയം ജനം കണ്ടതും ചർച്ച ചെയ്ത് തുടങ്ങിയതും.
ഒരു കറുത്ത വർഗ്ഗക്കാരൻ, പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഒരു സാധാരണക്കാരൻ ഹിലാരി ക്ലിന്റൺ പോലുള്ള ഒരു പ്രശസ്തയായ, മുൻ അമേരിക്കൻ പ്രസിഡണ്ടിന്റെ ഭാര്യയായ സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരുന്നില്ല.
സോഷ്യൽ മീഡിയ പ്രചാരത്തിലെത്തി തുടങ്ങിയ സമയത്ത് സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുന്ന കൺവെൻഷണൽ രീതിയിൽ നിന്ന് മാറി ചിന്തിച്ചതാണ് ഒബാമയുടെ വിജയത്തിന്റെ യഥാർത്ഥ രഹസ്യം.
തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ ഒബാമയെ ബ്രാൻഡ് ചെയ്യണമെന്ന ഒരു സ്ട്രാറ്റജി ആദ്യം രൂപപ്പെടുത്തിയെടുത്തു. ജനത്തെ അറിയിക്കേണ്ട വോട്ടാക്കാൻ പറ്റിയ ചില ഗുണങ്ങൾ ഒബാമയിൽ കണ്ടെത്തി. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയായിരുന്നു.
1. ഒബാമ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗം.
2. ഒബാമ ജനങ്ങളുമായി സംവദിക്കുന്ന സാധാരണക്കാർക്ക്
എത്താൻ പറ്റുന്ന മനുഷ്യസ്നേഹി.
3. ഒബാമ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ
ആരോഗ്യപരിപാലനത്തിനും മുൻതൂക്കം നൽകുന്ന വ്യക്തി.
4. ഒബാമ എന്ന എഴുത്തുകാരൻ.
5. ഒബാമ എന്ന പ്രഭാഷകൻ.
ഇങ്ങനെ അഞ്ച് ്രപധാന ബ്രാൻഡിംഗ് രീതികളായിരുന്നു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ലക്ഷ്യമിട്ടത്.
ഒബാമ അദ്ദേഹത്തിന്റെ ഗ്രാമത്തിലെ പഴയ ഓല മേഞ്ഞ കുടിലിൽ മുത്തച്ഛനോടൊപ്പം നിൽക്കുന്ന ഫോട്ടോ, ഒബാമ ഒരു ചാക്ക് പിറകിലേറ്റി നടക്കുന്ന ഫോട്ടോ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത് വൈറൽ ആക്കിയപ്പോൾ ജനം ഈ പുതിയ നേതാവിനെ ശ്രദ്ധിച്ചു തുടങ്ങി.
പിന്നീട് മൂന്നൂറിലധികം പേരെ, സോഷ്യൽ മിഡിയയിൽ ഒബാമയോട് ജനം ചോദിക്കാവുന്ന ഒരു ആയിരം ചോദ്യങ്ങൾക്ക് വ്യക്തമായി ഇരുന്ന് പ്രതികരിക്കുവാൻ ആവശ്യപ്പെട്ടു. ട്വിറ്റർ, ബ്ലോഗ്, ഫെയ്സ്ബുക്ക് എന്നീ സോഷ്യൽ മീഡിയ വഴി ലക്ഷക്കണക്കിന് വോട്ടർമാരോട് ഒബാമ പ്രതികരിച്ചു തുടങ്ങിയപ്പോൾ ജനം പുതിയ നേതാവിനെ ഇഷ്ടപ്പെട്ട് തുടങ്ങി.
പിന്നീട് സോഷ്യൽ മീഡിയ വഴി ഒബാമയോടൊപ്പം ഒരു അത്താഴവിരുന്നിന് പൊതുജനത്തെ ക്ഷണിച്ചപ്പോൾ ലക്ഷക്കണക്കിന് ഡോളർ അതുവഴി സംഭരിച്ച് ആ തുക ഒരു ചാരിറ്റി ട്രസ്റ്റിന് നൽകിയപ്പോൾ ജനം ഒബാമയെ ഒരു മനുഷ്യസ്നേഹിയായി ബ്രാൻഡ് ചെയ്തു.
അതുകഴിഞ്ഞ് ഒബാമ എഴുതിയ ഒരു പുസ്തകത്തിന്റെ പ്രകാശനവും അതിന് ശേഷം അദ്ദേഹത്തിന്റെ മനോഹരമായ പ്രസംഗവും യൂട്യൂബിലൂടെ വൈറൽ ആയപ്പോൾ അമേരിക്കൻ ജനതയുടെ മനസ്സ് ഈ നേതാവ് കീഴടക്കി കഴിഞ്ഞിരുന്നു.
പക്ഷെ ഇത്തരം അഭ്യാസങ്ങൾ ഇന്ത്യയിൽ നടക്കുമെന്നോ അങ്ങിനെ വേണ്ടിവരുമെന്നോ ജനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മോഡി സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ‘ചായ വാല’ യുമായി പിൻതുടർന്നത് ഒബാമയുടെ ഇലക്ഷൻ തന്ത്രങ്ങളായിരുന്നു.
ഇപ്പോൾ 90 കഴിഞ്ഞ വി.എസും കോർപ്പറേറ്റുകളുടെ ശത്രുവായ സി.പി.എമ്മും പിണറായി സഖാവും ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഒപ്പം സ്വതന്ത്രമായി വെബ്സൈറ്റും ഒക്കെയായി മുന്നേറുന്പോൾ ഒരു കാര്യം ഉറപ്പായിരിക്കുന്നു. ഭാവിയിൽ വ്യക്തികൾക്കപ്പുറം സാങ്കേതിക വിദ്യ തന്നെയായിരിക്കും നമ്മുടെ നേതാവ്. ഒപ്പം പുരോഗമന ചിന്തയുടെ കാര്യത്തിലും ആശയത്തിലും ഇന്ത്യ ഇന്നും അമേരിക്ക പോലുള്ള രാജ്യങ്ങളെക്കാൾ പത്ത് വർഷം പിറകിലാണെന്ന സത്യവും.