കൃഷിയിലൂടെ ജീവിതം തിരിച്ചു പിടിക്കൂ


ഒരു തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട ഏറ്റവും പ്രസക്തമായ കാര്യം എന്തായിരിക്കും. കേരളം പോലൊരു സമൂഹമാകുന്പോൾ ഈ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെയാണല്ലോ അടിസ്ഥാന പ്രശ്നം. ആധുനിക  വ്യവസായങ്ങൾ അത്രയൊന്നും കടന്നുവന്നിട്ടില്ലാത്ത കേരളത്തിൽ പരന്പരാഗത വ്യവസായവും കൃഷിയുമായിരുന്നു ഏറ്റവും പ്രധാന വരുമാനമാർഗം. കയർ, കൈത്തറി, കശുവണ്ടി, കള്ളുചെത്ത്, മത്സ്യബന്ധനം, ഈറ്റ, പനന്പ്, പായ, കൊട്ട നി‍‍ർമ്മാണം എന്നിവയൊക്കെയായിരുന്നു പരന്പരാഗത വ്യവസായത്തിൽ പ്രധാനം. എന്നാലിന്ന് ഇവയൊക്കെ കുറ്റിയറ്റ് കഴിഞ്ഞ നിലയിലാണ്. പുനരധിവാസം പോലും ഏറെക്കുറെ അസാധ്യമായ അവസ്ഥ. ഏറ്റവും കുറഞ്ഞ കൂലിയും അസംസ്കൃത വസ്തുക്കളുടെ അപര്യാപ്തതയും കൂടിയാകുന്പോൾ ഇത്തരം വ്യവസായങ്ങളെ പുനരുദ്ധരിക്കൽ പോലും പ്രയാസമായി തീരും. എന്നാൽ കയർ, കൈത്തറി പോലുള്ളവയൊക്കെ ആധുനികവൽക്കരിക്കാനുള്ള സാധ്യതകൾ തള്ളാനുമാകില്ല. പരന്പരാഗത വ്യവസായം കഴിഞ്ഞാൽ ഏറ്റവും പ്രധാനവും അടിസ്ഥാനമേഖലയും കൃഷിയായിരുന്നു. കേരളത്തിലിന്ന് കൃഷിയുടെ അവസ്ഥയെന്താണ്? കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ഇന്ന് വിരളമാണ്. കൃഷിയുടെ ഇന്നത്തെ നിലയിലുള്ള തകർച്ചക്ക് പല കാരണങ്ങളുമുണ്ട്.

ഏറ്റവും പ്രധാനകാരണം കാർഷികോത്പന്നങ്ങളുടെ വിലത്തക‍ർച്ച തന്നെയാണ്. കൃഷി ചെലവിൽ വന്ന സമാനതകളില്ലാത്ത വളർച്ചയാണ് രണ്ടാമത്തെ കാരണം. കാർഷിക ജോലികൾക്ക് ആളുകളെ കിട്ടാനില്ല എന്നത് പ്രധാന കാരണം. കൃഷിക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന സാംസ്കാരിക പ്രശ്നവും ഏറ്റവും പ്രധാനം തന്നെ. എന്നാൽ ഒരു സമൂഹത്തിന്റെ നിലനിൽപ്പും വളർച്ചയും കൃഷിയുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. കൃഷി തകർന്നുപോകുന്ന ഒരു സമൂഹം അതിന്റെ സ്വാഭാവികവും ഗുരുതരവുമായ തകർച്ചയിലേയ്ക്ക് പതിക്കുക തന്നെയാണ് ചെയ്യുക. പക്ഷേ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനമായ ചർച്ചാവിഷയമായി തീരേണ്ട ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും രാഷ്ട്രീയ പാർട്ടികളോ കർഷകസംഘടനകളോ ഇന്ന് ഒന്നും ചെയ്യുന്നില്ല. കേരളത്തിലേയ്ക്ക് ഇന്ന് ഒഴുകിയെത്തുന്ന പുറം വരുമാനം കൊണ്ട് എല്ലാ കാലത്തും കൈയിലും കാലിലും മണ്ണു പുരളാതെ കുശാലായി ജീവിച്ചു പോകാം എന്നാണവർ കരുതുന്നത്. കേരളത്തിലെ പുതിയ തലമുറ കാർഷികവൃത്തിയിൽ തല്പരല്ലെന്നും അതുകൊണ്ട് കൃഷിയിലൂടെ കേരളീയ വികസനം സാധ്യമാകില്ലെന്നും കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയനേതാവ് ഈയിടെ പ്രസ്താവിച്ചു കണ്ടു. പകരം ടൂറിസം വ്യവസായത്തിലൂടെയും ഐ.ടി അധിഷ്ഠിത വ്യവസായങ്ങളിലൂടെയും കേരളത്തെ മുന്നോട്ടു നയിക്കാമെന്നും അദ്ദേഹം പറയുന്നു.

ഇവയൊന്നും പാടില്ലെന്നോ ആവശ്യമില്ലെന്നോ അല്ല വിവക്ഷ. ഇതൊക്കെയാവാം, സേവനമേഖലയിലെ ഇത്തരം ഇടപാടുകൾക്കടിസ്ഥാനമായി വർത്തിക്കേണ്ടത് പ്രാഥമിക മേഖലയിലെ ഉല്പാദനപരമായ കൃഷിയും ദ്വിതീയ മേഖലയിലെ ഉല്പാദനപരമായ വ്യവസായങ്ങളുമാണ്. (Production Based)  എന്നാൽ ദ്വിതീയ മേഖലയിലെ വ്യവസായത്തിന് വലിയ സാധ്യതകൾ കേരളത്തിൽ ഒരു കാലത്തും വേണ്ടപോലെ വികസിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ടൂറിസം വ്യവസായമാകട്ടെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുകയും ചെയ്യും. അത്യാവശ്യം മദ്യവും ഡ്രഗ്സുമൊക്കെയുണ്ടെങ്കിലെ ടൂറിസ്റ്റ് വ്യവസായം പച്ചപിടിക്കു എന്ന് കേരളത്തിലെ ഒരു മന്ത്രി പണ്ട് പറഞ്ഞത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതല്ലാതെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ഒരു മേഖലയുണ്ട് എന്ന് കാണാതിരിക്കുന്നില്ല. പക്ഷേ  അദ്ദേഹം പറഞ്ഞതിൽ ചില വസ്തുതകൾ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഹോട്ടലുകളിൽ മദ്യം വിളന്പുന്നതിൽ വന്ന കുറവ് ടൂറിസം വ്യവസായത്തെ ഇതിനികം ബാധിച്ചു കഴിഞ്ഞതായാണ് ടൂർ ഓപ്പറേറ്റർമാ‍ർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തൊക്കെയായാലും ടൂറിസം വ്യവസായം നമ്മുടെ സംസ്കാരത്തിന് സാരമായ പരിക്കുകൾ ഏല്പിക്കും എന്ന കാര്യത്തിലും സംശയമില്ല. ഐ.ടി വ്യവസായമാകട്ടെ ഒരുതരം ഒഴുകി നടക്കുന്ന (Floting) വ്യവസായമാണ്. ലോകത്തിന്റെ ഒരു കോണിൽ നിന്ന് മറ്റൊരു കോണിലേക്ക് അത് സഞ്ചരിച്ചു കൊണ്ടിരിക്കും. അതിനെ മാത്രം ആശ്രയിച്ച് ഒരു സമൂഹത്തിൽ നിലനിൽക്കാനാവില്ല.

ഏത് നിലയിൽ പരിശോധിച്ചാലും കൃഷിയെ പുനരുദ്ധരിക്കാതെ കേരളീയ സമൂഹത്തിന് ഒരു ജനപഥം എന്ന നിലയിൽ നിലനില്പില്ല എന്നതാണ് വസ്തുത. ഇതാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപഥത്തിന്റെ  നിലനിൽപ്പിന് താല്പര്യമുള്ള എല്ലാവരും തിരിച്ചറിയേണ്ടത്. ഏറെ ദുഃഖകരമായ വസ്തുത ചില പരിസ്ഥിതി സംഘടനകളോ വ്യക്തികളോ ഒക്കെയല്ലാതെ മറ്റാരും ഇത്തരം ഒരു ഗൗരവം ഉൾക്കൊള്ളുന്നുമില്ല. കേരളത്തിന് ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ ലഭിക്കുന്ന പുറംവരുമാനം സ്ഥായിയായി നിൽനിൽക്കുന്ന ഒന്നല്ലല്ലോ. അത് നിലയ്ക്കുന്പോൾ കേരളീയ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നിസ്സാരമായിരിക്കില്ല. ഹ്വസ്വകാലത്തേയ്ക്കും ദീർഘകാലത്തേക്കുമുള്ള ആസൂത്രിതമായ പദ്ധതികളിലൂടെ കൃഷിയെ വീണ്ടെടുത്തു കൊണ്ടേ കേരളീയ സമൂഹത്തിന് നിലനിൽക്കാനാകൂ. കൃഷി നഷ്ടപ്പെടുക വഴി കേരളത്തിലെ മനുഷ്യരുടെ സ്വഭാവരീതികളിലും സംസ്കാരത്തിലും സംഭവിച്ച മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ  പരിഹരിക്കുന്നതിനും ഇത് അനിവാര്യം തന്നെ. മണ്ണുമായി ബന്ധമില്ലാത്ത, മേലനങ്ങി പണിയെടുക്കാത്ത, ഊഹക്കച്ചവടങ്ങളിലൂടെ പണമുണ്ടാക്കുന്നവരുടെ ലുംബനൈസ്ഡ് (Lumbanized) സമൂഹമായി കേരളം മാറിയത് കൃഷിയിൽ നിന്ന് അകന്നു മാറിയതു കൊണ്ടാണ്.

കേരളീയ സമൂഹത്തിൽ കൃഷി നശിക്കുന്നതിനിടയാക്കിയ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ കാരണങ്ങളുണ്ട്. വസ്തുനിഷ്ഠമായ കാരണങ്ങളിൽ പ്രധാനം ഭൂമിയുടെ തുണ്ടുവൽക്കരണമാണ്. 57ലെയും 67ലെയും കമ്യൂണിസ്റ്റു ഗവൺമെന്റുകൾ നടപ്പിലാക്കിയ ഭൂപരിഷ്കരണ നടപടികൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് തന്റേടം (തന്റെ+ഇടം) ഉണ്ടാക്കി നൽകി എന്നത് വാസ്തവമാണ്. അത് വിപ്ലവകരവുമാണ്. പക്ഷേ അത് ഭൂമിയുടെ തുണ്ടുവൽക്കണത്തിന് കാരണമായി. അതേപോലെ ജാതി വിരുദ്ധ പ്രസ്ഥാനം ശക്തി പ്രാപിക്കുകയും ജന്മിത്വം ചില അ‍ർത്ഥതലങ്ങളിൽ നശിക്കുകയും ചെയ്തതോടെ ഭൂമിയുടെ സംരക്ഷണ പ്രവർത്തികൾ നിർവഹിച്ചിരുന്ന പഴയ ജാതി വിഭാഗങ്ങൾ ഇല്ലാതായി. തോടു കീറിലും കുളം ശുചിയാക്കലും കയ്യാല കെട്ടലും തുടങ്ങി ഭൂസംരക്ഷണ പ്രവർത്തനങ്ങളിലേ‍‍ർപ്പെട്ടിരുന്ന വിഭാഗങ്ങളൊക്കെ അതിൽ നിന്ന് വിട്ടുപോയി. അതോടെ ജന്മിത്വത്തിന്റെ സ്വാഭാവിക ഭൂസംരക്ഷണ പ്രവർത്തികൾ തുടർന്നു. പകരമായി മുതലാളിത്തത്തിന്റെ ആധുനിക രീതിയിലുള്ള ഭൂസംരക്ഷണ പ്രവർത്തികൾ നടപ്പിലായതുമില്ല. ഭൂപരിഷ്കരണത്തെ തുടർന്ന് നടപ്പിലാക്കേണ്ടിയിരുന്ന കാർഷിക പരിഷ്കരണ പ്രവർത്തനങ്ങളൊന്നും നടപ്പിലായില്ല. ഇതോടെ ഭൂമിയുടെ പ്രഥമ ഉപയോഗമായ കാർഷികവൃത്തികൾ മുരടിച്ചു. എന്നാൽ പുറംവരുമാനം നന്നായി ലഭിക്കാൻ തുടങ്ങിയതോടെ കൃഷി ചെയ്യാതെ പണം നൽകി ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുടെ ഉപഭോക്തൃ സംസ്ഥാനമായി കേരളം മാറി തീർന്നു. ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ നിലവാരം ലോകോത്തരമായതോടെ കൃഷിക്കപ്പുറത്തുള്ള ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്ന (റിസോർട്ട് നിർമാണം ഉൾപ്പെടെ) സംസ്കാരം വളർന്നു. ഇതോടെ ഭൂമി സ്വർണ്ണം പോലെ വാങ്ങാനും വിൽക്കാനും റിയൽ എേസ്റ്ററ്റ് വ്യാപാരത്തിനുള്ള വിനിമയ ഉപോധിയായി തീർന്നു. ഇതിന് പുറമെയാണ് കാർഷിക വിലത്തകർച്ച അതി ഭീകരമായി തീർന്നത്. ഒരു നാളീകേരം=ഒരു കിലോ അരി, 100 നാളീകേരം=ഒരു പവൻ എന്നൊക്കെയുള്ള ചില അനൗപചാരിക സാന്പത്തിക സിദ്ധാന്തങ്ങൾ കേരളത്തിലുണ്ടായിരുന്നു. എന്നാലിന്ന് 10 നാളീകേരം കൊടുത്താലും ഒരു കിലോ അരി കിട്ടില്ല. 1000 നാളീകേരം കൊടുത്താലും അര പവൻ കിട്ടി എന്നുവരില്ല. ഇതാണ് കാർഷിക വില തകർച്ചയുടെ സ്വഭാവം. മറ്റൊന്ന് കാർഷിക തൊഴിൽ സാമൂഹ്യമായ അന്തസ്സ് നൽകുന്ന ഒന്നല്ല. വിദഗ്ദ്ധ തൊഴിലാളികളായി കാർഷിക മേഖലയിലെ തൊഴിലാളികളെ ആരും പരിഗണിക്കാറുമില്ല. ഈ നിലയിലൊക്കെ മാറ്റം വരാതെ കൃഷിയെ പുനരുദ്ധരിക്കുക സാധ്യവുമല്ല.

ഭൂമിക്കു വേണ്ടി വലിയ സമരങ്ങളും രക്തസാക്ഷിത്വങ്ങളും ഉണ്ടായ മണ്ണാണ് കേരളത്തിന്റേത്. കർഷകരുടെ സംഘടനകൾ, രാഷ്ട്രീയത്തിൽ തന്നെ നിർണായകമായ സ്വാധീനം ചെലുത്തിയ ഒരു കാലമുണ്ടായിരുന്നു. പക്ഷേ പിന്നീട് രാഷ്ട്രീയപാർട്ടികളുടെ പോഷക സംഘടനകളായി കർഷക സംഘടനകൾ അധഃപതിച്ചു. പലപ്പോഴും റിട്ടയർ ചെയ്ത കൃഷിയുമായി ഒരു ബന്ധവുമില്ലാത്ത പാർട്ടി കേ‍‍ഡർമാരെ കുടിയിരുത്തുവാനുള്ള ഒന്നായി ഇത്തരം സംഘടനകൾ മാറിത്തീർന്നു. ഫലമോ കൃഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ കൃഷിയെ ശാസ്ത്രീയമായി സമീപിക്കാനോ കർഷകർക്ക് പിന്തുണ നൽകാനോ ഇത്തരം സംഘടനകൾക്ക് കഴിയാതായി. കേരളത്തിന്റെ മണ്ണിന്റെ സവിശേഷത, കാലാവസ്ഥ, മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാനുള്ള രീതിശാസ്ത്രം, വിളകളെ കുറിച്ചുള്ള വിജ്ഞാനം എന്നിവയൊന്നും വികസിപ്പിക്കപ്പെട്ടില്ല. കേരളത്തിൽ എന്ത് കൃഷിയാണ് ലാഭകരമായി നടത്താൻ കഴിയുക എന്നൊരന്വേഷണം പോലും നടന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് കോർപ്പറേറ്റുകൾ പ്ലാവില കാണിച്ച് ആടുകളെ കൊണ്ടു നടക്കുന്നതുപോലെ കർഷകരെ കൊണ്ടുനടന്നു. കൊക്കോയുടെയും വാനിലയുടെയും മൾബറിയുടെയും സഫേദ് മുസലിയുടെയുമൊക്കെ പിറകെ ഓടി കിതച്ചു വീഴുന്നവരായി കേരളത്തിലെ കർഷകർ മാറി. ഇവിടെയൊന്നും കർഷകർക്ക് വേണ്ട സംരക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാരിനോ കർഷകസംഘടനകൾക്കോ കഴിഞ്ഞതുമില്ല. വിസ്മയ പാ‍‍ർക്കുപോലുള്ള വിനോദ വ്യവസായങ്ങൾ ആരംഭിക്കാൻ മൂലധന സമാഹാരണം നടത്താൻ ശേഷിയുള്ളവർ പോലും കാർഷിക ഗവേഷണ സ്ഥാപനങ്ങൾക്കായി ഒന്നും ചെയ്തതുമില്ല. ഫലത്തിൽ ഒരിടത്തു നിന്നും ഒരു സംരക്ഷണവും കിട്ടാത്ത വിഭാഗമായി കർഷകർ മാറി.

ആസന്നമായ തിരഞ്ഞെടുപ്പിൽ പോലും ഇത്തരം ഗൗരവമായ പ്രശ്നങ്ങൾ അതർഹിക്കുന്ന ഗൗരവത്തിനനുസരിച്ച് ചർച്ച ചെയ്യാൻ ഒരു മുന്നണിയും സന്നദ്ധമല്ല. ജൈവകൃഷിയെകുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും അതുപോലും ഗൗരവമായ പഠനങ്ങളുടെ പിൻബലത്തിലല്ല. കാലിവളവും പച്ചിലത്തൂപ്പും ചാരവുമൊന്നും കിട്ടാത്ത ഒരു സമൂഹത്തിൽ എങ്ങിനെയാണ് ജൈവകൃഷി വ്യവസായാടിസ്ഥാനത്തിൽ വിജയിപ്പിക്കാനാകുക? ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ എല്ല തരിശിലും കൃഷിയിറക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാക്കണം. അതിനുള്ള ശേഷി വ്യക്തികൾ എന്ന നിലയിൽ കൃഷിക്കാർക്കുണ്ടാവില്ല. അതിന് പഞ്ചായത്തുകൾ തോറും കർഷകരുടെ സഹകരണ സംഘങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുടെയും പ്രദേശിക ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ ആരംഭിക്കാൻ കഴിയണം. ഒരു പഞ്ചായത്തിലെയും കൃഷിയോഗ്യമായ ഭൂമിയുടെ നല്ല ശതമാനവും നെൽകൃഷിക്കാരുടെ കൈവശമല്ല. അത് കച്ചവടക്കാരുടെയും ഗൾഫുകാരുടെയും ഉദ്യോഗസ്ഥരുടെമൊക്കെ കൈവശമാണ്, അവരാരും കൃഷിയിൽ നേരിട്ടിടപെടുന്നവരുമല്ല. അത്തരം ഭൂമിയെല്ലാം കണ്ടെത്തി ഉടമസ്ഥന് നിശ്ചിത അനുപാതത്തിൽ പാട്ടം നൽകി കൃഷിഭൂമി സഹകരണസംഘത്തിന് ഏറ്റെടുക്കാൻ കഴിയണം. ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനും കാലാവസ്ഥക്കുമനുസരിച്ച് അവിടെ എന്ത് കൃഷി ചെയ്യണം എന്ന് നിർദേശിക്കാനും കൃഷിയുടെ എല്ലാ ഘട്ടത്തിലും കൂടെ നിൽക്കാനും കഴിയുന്ന കാർഷിക ഗവേഷണ സ്ഥാപനങ്ങളുണ്ടാവണം. അവരുടെ സഹകരണത്തോടെ മണ്ണിന്റെ ജൈവഘടന സംരക്ഷിച്ചു നിർത്താൻ കഴിയുന്ന വളപ്രയോഗങ്ങൾ മാത്രം അനുവദിച്ച് കൃഷി ചെയ്യാൻ കഴിയണം, കർഷക തൊഴിലാളികൾക്ക് യൂണിഫോം, നല്ല ശന്പളം, തൊഴിൽ സുരക്ഷാ സംവിധാനങ്ങൾ, സാമൂഹ്യമായ അംഗീകാരം എന്നിവ ഉറപ്പുവരുത്താനാകണം. അത് കഴിയണമെങ്കിൽ കാർഷിക സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യാനുള്ള സംവിധാനം വേണം. ഇടത്തട്ടുകാരുടെ ചൂഷണം പൂർണ്ണമായും ഒഴിവാക്കാനാകണം. ഉദാഹരണത്തിന് വയനാട്ടിലെ മുള്ളൻകൊല്ലി പഞ്ചായത്തെടുക്കുക. അവിടെ കുരുമുളകായിരുന്നു പ്രധാന കൃഷി. കുരുമുളകിന്റെ വിലത്തകർച്ച ഈ കൃഷിയെ പൂർണ്ണമായി ഇല്ലാതാക്കി. ഇവിടെ കർഷകരുടെ സഹകരണ സംഘം രൂപീകരിച്ച് മേൽത്തരം വള്ളികൾ നന്നായി കൃഷി ചെയ്യാം. ഇവിടെ നിന്ന് ലഭിക്കുന്ന കുരുമുളക് നേരിട്ട് വിപണിയിൽ വിൽക്കുന്നതിന് പകരം മൂല്യവർദ്ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന ഫാക്റികൾ ആരംഭിക്കാം. കുരുമുളക് എണ്ണ, (pepper oil) വെള്ള കരുമുളക് തുടങ്ങി കുരുമുളകുപയോഗിച്ച് ഉണ്ടാക്കുന്ന ഉല്പന്നങ്ങളുണ്ടാക്കി കയറ്റുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാം. ഇതിനാവശ്യമായ മൂലധനം സമാഹാരിക്കാൻ സഹകരണസംഘങ്ങൾക്ക് കഴിയും. അനാവശ്യമായ കാര്യങ്ങൾക്ക് ചിലവഴിക്കുന്ന പണം പ്രത്യുല്പാദനപരമായ ഇത്തരം കാര്യങ്ങൾക്കായി തിരിച്ചുവിടാം. അങ്ങനെ ചെയ്താൽ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് കൃഷിക്കാർക്ക് സംരക്ഷണം ലഭിക്കും. കർഷകതൊഴിലാളികൾക്ക് നല്ല സാമൂഹ്യപദവിയും ജീവിതസുരക്ഷയും ലഭിക്കും. അതോടെ കാർഷിക മേഖലയ്ക്ക് ഉണർവ് കൈവരും. മലയാളി ഉല്പാദനപരമായ ഒരു സമൂഹമായി രൂപാന്തരം പ്രാപിക്കും. മലയാളി സംസ്കാര സന്പന്നരുടെ നാടായി മാറിത്തീരുകയും ചെയ്യും.

 

You might also like

Most Viewed