വേരറ്റു വേർപെട്ട ബാല്യങ്ങൾ

വി.ആർ സത്യദേവ്
‘കൊടുമൈയിലും കൊടുമൈ വറുമൈ,
അതിലും കൊടുമൈ ഇളമൈ വറുമൈ..’
പ്രമുഖ തമിഴ് സിനിമാ താരം മനോരമ ഒരിക്കൽ തന്റെ ബാല്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വിശേഷിപ്പിക്കാൻ ഉദ്ധരിച്ച വരികളാണ് അവ. ദുരിതങ്ങളിലും വെച്ച് ഏറ്റവും വലിയ ദുതിതമാണ് ദാരിദ്ര്യം. അതിലും ദുരിതമാണ് ബാല്യത്തിലെ ദാരിദ്ര്യമെന്ന് അർത്ഥം. ബാല്യത്തിലെ അരക്ഷിതാവസ്ഥ അനുഭവിച്ചവർ ഏറെയാണ്. അപൂർവ്വം ചിലർ അതിനെ അതിജീവിച്ച് ഉയരങ്ങളിലെത്തി. പക്ഷേ ഒരുപാടൊരുപാടു ബാല്യകൗമാരങ്ങൾ ചൂഷണങ്ങളുടെ ചതിക്കുഴികളിൽപ്പെട്ട് നരകിച്ച് ആയുസ്സെത്താതെ, ഒന്നുമാകാതെ ഒടുങ്ങി.
ലോകചരിത്രം പരിശോധിക്കുന്പോൾ ഇങ്ങനെയൊരുപാടു സംഭവങ്ങൾ നമുക്കു കാണാം. എന്നാൽ തനിയാവർത്തനങ്ങളെന്ന ന്യായം പറഞ്ഞ് കണ്ണീർകുടിച്ച് ലോക ജീവിതത്തിൽ നിന്നു തന്നെ നിഷ്കാസിതരാക്കപ്പെടുന്ന ബാല്യ ലക്ഷങ്ങളെ കണ്ടില്ലെന്നു നടിക്കാനോ അവർക്കുവേണ്ടി ചെറുവിരലനക്കാതെ നിഷ്കൃയരായിരിക്കാനോ പരിഷ്കൃതരെന്നവകാശപ്പെടുന്ന നമുക്കാവില്ല. ഈ ഭൂമിയും അതിലെ സുഖഭോഗങ്ങളും നമുക്കു മാത്രമെന്ന് അവകാശപ്പെട്ട്, സഹായമാവശ്യമുള്ള ജനലക്ഷങ്ങൾക്ക് അവ നിഷേധിക്കുന്നത് ന്യായീകരിക്കാനാവില്ല. അത് നീതിയല്ല, കാട്ടു നീതിയാണ്. കൈയൂക്കുള്ളവനു മാത്രം ആഹാരവും വാസസ്ഥാനവും ലഭ്യമാക്കുന്നതാണ് കാട്ടു നീതി. വികാസം പ്രാപിച്ച തലച്ചോറും ചുമന്നു നടക്കുന്ന വികസിത ലോകത്തിന് സഹജീവികളുടെ കണ്ണീരു കാണാതിരിക്കാനാവില്ല.
ലോകത്ത് എല്ലാവർക്കും താമസിക്കാനുള്ള ഇടവും വിശപ്പടക്കുന്നതിന് ആവശ്യമുള്ളത്ര ആഹാരവുമുണ്ട്. എന്നാൽ ഇതിന്റെ വിതരണം കൃത്യമായല്ല നടക്കുന്നത്. ചിലയിടങ്ങളിൽ ആഹാരം സുലഭമാണ്. വസിക്കാൻ ഫലഭൂയിഷ്ടമായ സമാധാനം പുലരുന്ന ഭൂമിയും ആവശ്യത്തിലേറെ. എന്നാൽ ഇതേ ലോകത്തിന്റെ മറ്റു ചിലയിടങ്ങളിലുള്ളവർ കൊടിയ വറുതിയിലാണ്. എത്യോപ്യയും സോമാലിയയുമടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പലതും വറുതിമൂലം അസ്വസ്ഥതയുടെ പരകോടിയിലാണ്. വിശ്വ പ്രസിദ്ധ ഫോട്ടോ ജേണലിസ്റ്റ് കെവിൻ കാർട്ടർ പകർത്തിയ ആഫ്രിക്കൻ ബാലന്റെ ചിത്രം മേൽപ്പറഞ്ഞ ദുരിതത്തിന്റെ ഏറ്റവും ദയനീയമായ നേർ കാഴ്ചകളിലൊന്നായിരുന്നു. വറുതിമൂലം മരണത്തിലേയ്ക്ക് അടുക്കുന്ന ആഫ്രിക്കൻ ബാലന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരുന്നു അത്. ദാഹമകറ്റാൻ ഗോപൃഷ്ഠത്തിൽ ആശ്രയം തേടുന്ന ഹെയ്തി ബാലന്റെ ദൃശ്യവും ഇതിനു സമാനമാണ്. അനധികൃത കുടിയേറ്റത്തിനിടെ ബോട്ടുമറിഞ്ഞ് ആസുസ്സറ്റ അയ്ലൻ കുർദിയെന്ന ബാലന്റെ ചിത്രവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ചു. അയ്ലന്റെ ചിത്രം മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും വഴി വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോൾ അറിയപ്പെടാതെ പോയ അയ്ലൻമാർ ഇനിയും എത്രയെത്ര എന്ന ഞെട്ടിപ്പിക്കുന്ന ചോദ്യം നമ്മളെ കൂടുതൽ വേദനിപ്പിച്ചു.
ഞെട്ടിപ്പിക്കുന്നതാണ് അഭയാർത്ഥി പ്രശ്നം മൂലം ലോകത്തൊട്ടാകെ ലക്ഷക്കണക്കിനു കുട്ടികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം. 700 ദശലക്ഷം സ്കൂൾ ദിനങ്ങളാണ് വേരറ്റ കുഞ്ഞുങ്ങൾക്ക് സമീപ വർഷങ്ങളിലായി നഷ്ടപ്പെട്ടിരിക്കുന്നത്. ലോകത്ത് 22 ദശലക്ഷം പേർ അഭയാർത്ഥികളായി ഉണ്ട് എന്നാണ് ലഭ്യമായ കണക്ക്. ഇതിൽ പാതിയോളം പേർ കുട്ടികളാണ്.
സ്വന്തമിടങ്ങളിലെ വിവിധ പ്രശ്നങ്ങൾ മൂലം കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ തേടുന്നവരാണ് അഭയാർത്ഥികൾ. അവർ സ്വാഭാവികമായും തേടുന്നത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അടക്കമുള്ള സന്പന്ന രാഷ്ട്രങ്ങളുടെ സുരക്ഷിതത്വമാണ്. സഹാനുഭൂതിയുള്ളവനാകണം സന്പന്നൻ. എന്നാൽ അതിനു വലിയ വില കൊടുക്കാൻ അവർ തയ്യാറാവേണ്ടി വരും. ഇതാണ് അഭയാർത്ഥിപ്രശ്നത്തിൽ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ നിർബന്ധിതമാവുന്നത്.
കടുത്ത നടപടികളാണ് ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായുള്ള കടുത്ത നിലപാടുകളുടെ ഫലമായാണ് മുലകുടി മാറാത്ത കുരുന്നുകളെപ്പോലും അമ്മമാരിൽ നിന്നും വേർപെടുത്തുന്നുവെന്ന ആരോപണത്തിന് ട്രംപ് വിധേയനാകേണ്ടി വരുന്നത്. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കു പുറമേ സ്വന്തം പാർട്ടിക്കാരും എന്തിനേറെ പ്രിയപ്പെട്ട പുത്രിയും ഭാര്യയും പോലും വിഷയത്തിൽ ട്രംപിനെ എതിർക്കുകയാണ്..
അഭയാർത്ഥി പ്രശ്നത്തിൽ തെരഞ്ഞെടുപ്പിനു മുന്പുതൊട്ടേ ട്രംപിന്റെ പ്രഖ്യാപിത നിലപാട് ഇതു തന്നെയാണ്. ഭരണത്തിലെത്തിയപ്പോൾ രാജ്യത്തിന്റെ ബജറ്റുകൂടി ഇക്കാര്യത്തിൽ നിലപാട് കടുപ്പിക്കാൻ ട്രംപിനെ നിർബന്ധിതനാക്കുന്നു. അഭയാർത്ഥി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുകയിൽ പാതിയോളം കുറവു വരുത്തിയിരിക്കുകയാണ് ട്രംപ് സർക്കാർ. Education can not wait പദ്ധതിയുടെ ഭാഗമായി അമേരിക്കയുടെ നായകത്വത്തിൽ നടന്നു വന്ന അഭയാർത്ഥിവിദ്യാഭ്യാസ പദ്ധതിയുടെ അന്തസത്ത ചോർത്തുന്നതാണ് ഈ നടപടി.
അസ്വസ്ഥവും സംഘർഷഭരിതവുമായ മെക്സിക്കോ, ഹോണ്ടുറാസ്, എൽ സാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹം നിയന്ത്രണാതീതമായതോടെയാണ് ട്രംപ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഇക്കാര്യത്തിൽ യാഥാർത്ഥ്യങ്ങൾക്ക് അതീതമായ വിമർശനമാണ് ട്രംപ് സർക്കാർ കേൾക്കുന്നത് എന്ന വാസ്തവവും ഇതിനൊപ്പം ശ്രദ്ധേയമാണ്. അഭയാർത്ഥികളായെത്തിയ കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്നും വേർപിരിക്കുന്ന വില്ലൻ വേഷമാണ് ട്രംപിന് ഇപ്പോഴുള്ളത്. ഇതിലും അവാസ്തവമുണ്ട്. 2016 തൊട്ടിങ്ങോട്ട് അനധികൃതമായി അമേരിക്കയിലെത്തിയ കുട്ടികളിൽ 1475 പോരേക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ മനുഷ്യകാര്യ വകുപ്പിന്റെ പക്കലില്ല എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഹേതു.
അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് അനുവാദമില്ലാതെ അതിർത്തി കടന്നെത്തുന്നവർക്കെതിരേ അമേരിക്ക നിയമ നടപടികൾ ശക്തമാക്കിയത്. ഇതനുസരിച്ച് കുടുംബങ്ങളായോ തനിച്ചോ അതിർത്തി ലംഘനത്തിന് പിടിക്കപ്പെടുന്ന കുഞ്ഞുങ്ങളെ പുനരധിവാസ കേന്ദങ്ങളിലേക്കയക്കും. ഇവരെ പിന്നീട് സ്പോൺസർമാരുടെ സംരക്ഷണത്തിലാക്കും. ഇത്തരത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി പാർപ്പിക്കപ്പെട്ടത് 7645 കുട്ടികളെയാണ്. കുട്ടികളെ സംരക്ഷിച്ചു പോന്ന സ്പോൺസർമാരിൽ നിന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ വർഷം വിവരങ്ങൾ ആരാഞ്ഞതിൽ 6075 പേരെക്കുറിച്ചുമാത്രമാണ് വിവരങ്ങൾ ലഭിച്ചത്. ബാക്കിയുള്ള 1475 കുഞ്ഞുങ്ങളെ ചൊല്ലിയാണ് ഇപ്പോൾ വിവാദങ്ങളുയർന്നിരിക്കുന്നത്.
പ്രധാനമായും ഇങ്ങനെയെത്തുന്ന കുഞ്ഞുങ്ങളുടെ നേരത്തെയെത്തിയ ബന്ധുക്കളും കുടുംബ മിത്രങ്ങളുമൊക്കെയാണ് സ്പോൺസർമാരായി എത്തുക. ഇവരിൽ ചിലരെങ്കിലും നിയമ നടപടികൾ നേരിടുന്നവരാണ്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടാൽ ആ നിയമനടപടികൾ തുടരുമെന്ന ഭീതിയിലുള്ളവർ. അതുകൊണ്ടുതന്നെ വകുപ്പിന്റെ അന്വേഷണങ്ങൾക്ക് ബോധപൂർവ്വം മറുപടി നൽകാത്തവർ ഏറെയുണ്ടാവുമെന്നതാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. ഇനിയും ചിലർ സ്പോൺസർഷിപ്പിലൂടെ തങ്ങൾക്കു ലഭിച്ച കുരുന്നുകളുമായി ഉണ്ടായ ആത്മബന്ധം മൂലം അവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വെച്ചേക്കാം. ചിലരെങ്കിലും മരിച്ചുപോയിട്ടുമുണ്ടാവാം. അതെന്തായാലും വിവിധ പ്രശ്നങ്ങളാൽ വേട്ടയാടപ്പെട്ടതുമൂലം സ്വന്തം നാട്ടിൽ നിന്നും നിഷ്കാസിതരാക്കപ്പെട്ട് 6075 കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന വർത്തമാനം ആശ്വാസകരമാണ്. എന്നാൽ നിയമനടപടികളുടെ തുടർച്ചയായി അവരെയൊക്കെ സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചയക്കാനാണ് നിയമം വിഭാവനം ചെയ്യുന്നത് എന്ന സത്യം വേദനാജനകമായി തുടരുന്നു. 2016ൽ ഇത്തരത്തിൽ നടത്തിയ കണക്കെടുപ്പിൽ 84 ശതമാനം കുട്ടികളെപ്പറ്റിയുള്ള വിവരങ്ങൾ മാത്രമായിരുന്നു ശേഖരിക്കാൻ കഴിഞ്ഞത്.
അനധികൃതമായി അതിർത്തികടക്കുന്നവരോട് സഹിഷ്ണുത ആവശ്യമില്ലെന്ന അറ്റോർണി ജനറൽ ജെഫ് സെഷൻസിന്റെ നിർദ്ദേശം പിൻപറ്റിയാണ് സർക്കാർ കടുത്ത നടപടികൾ തുടരുന്നത്. അതിർത്തിലംഘനം എന്തു വിലകൊടുത്തും തടയുക എന്ന നിലപാടിന്റെ പ്രഘോഷണമാണ് സെഷൻസ് നടത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള ശിശു കടത്തിനും മയക്കു മരുന്നു കടത്തിനും ബാലവേലയ്ക്കുമൊക്കെ വഴിെവയ്ക്കുന്നതാണ് ഈ തീരുമാനമെന്ന കാര്യത്തിൽ തർക്കമില്ല. അമേരിക്ക നേരിടുന്ന വലിയ ഭീഷണിയാണ് മെക്സിക്കോ അതിർത്തി വഴിയുള്ള കള്ളക്കടത്ത് എന്ന മറുവശവുമുണ്ട് ഇതിന്. മനുഷ്യാവകാശവും ശിശുസംരക്ഷണവുമൊക്കെ ഏറെ പ്രധാനമാണ് എങ്കിലും ഏതൊരു രാജ്യത്തിനും സ്വന്തം പൗരന്മാരുടെ സുരക്ഷ അതിലേറെ പ്രധാനമാണ് എന്ന സത്യം ഇക്കാര്യത്തിൽ അമേരിക്കൻ നടപടികളെ കുറച്ചെങ്കിലും ശരിവെയ്ക്കുന്നു. അമേരിക്കയിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രധാന ഇടനാഴി മെക്സിക്കൻ അതിർത്തിയാണ്.
അതുകൊണ്ടാണ് കടത്തു തടയാൻ അമേരിക്ക- മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ നിർമ്മിക്കണമെന്ന ആവശ്യത്തിൽ പ്രസിഡണ്ട് ട്രംപ് ഉറച്ചു നിൽക്കുന്നത്. അതിർത്തിയിൽ ഇപ്പോൾ തന്നെ സുരക്ഷ ശക്തമാണ്. 3201 കിലോമീറ്റർ അതിർത്തിയിൽ 2009ൽ തന്നെ 930 കിലോമീറ്റർ മതിൽ ഉയർന്നു കഴിഞ്ഞു. മതിൽ നിർമ്മാണത്തിനുള്ള തുക മെക്സിക്കോ നൽകണമെന്ന നിർദ്ദേശവും ട്രംപ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ നിർദ്ദേശം മെക്സിക്കൻ പ്രസിഡണ്ട് എൻറിക് പെന നിയെറ്റോ തള്ളിക്കളഞ്ഞതോടേ മെക്സിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താനുള്ള നീക്കത്തിലാണ് ട്രംപ്. ഇത് പ്രവർത്തികമാകാൻ സാദ്ധ്യത കുറവാണ്.
മതിലുകെട്ടിയാലും അനധികൃത കുടിയേറ്റത്തിന് പൂർണ്ണമായും തടയിടുക എളുപ്പമല്ല. മതിലിനടിയിലൂടെ തുരങ്കങ്ങൾ കുഴിച്ചുള്ള കുടിയേറ്റം തുടരും. ഒപ്പം മെക്സിക്കൻ ഉൾക്കടൽ വഴിയും പസഫിക് തീരം വഴിയും കടൽമാർഗ്ഗമുള്ള മനുഷ്യ കടത്തു തടയാനും മതിൽ ഗുണകരമാവില്ല. കയറാവുന്നതിലുമധികം ആളുകളെ നിറച്ച് ചെറുബോട്ടുകൾ ഉപയോഗിച്ചുള്ള മനുഷ്യക്കടത്ത് വലിയ അപകടങ്ങൾക്കും ആൾനാശത്തിനും വഴിവെയ്ക്കുമെന്നും ഉറപ്പ്. മതിൽ നിർമ്മാണം ബ്രൗൺസ് വില്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ക്യാപസിനെയടക്കം വിഭജിക്കും. അതിർത്തിക്ക് അപ്പുറവുമിപ്പുറവുമായി അധിവസിക്കുന്ന നിരവധി റെഡ് ഇന്ത്യൻ ഗോത്രങ്ങൾക്കും മതിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ട്രംപിനെതിരേ വിമർശന ശരങ്ങളുയരുന്പോഴും മദ്ധ്യ അമേരിക്കൻ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും സാന്പത്തിക അരക്ഷിതാവസ്ഥയും അധോലോക പ്രവർത്തനങ്ങളുമാണ് നിലവിലെ അഭയാർത്ഥി പ്രശ്നങ്ങളുടെ മൂലഹേതുവെന്ന് നിഷ്പക്ഷമായി പരിശോധിച്ചാൽ മനസ്സിലാക്കാം. സ്വന്തം വീട്ടിലെ കൊള്ളരുതായ്മകൾ മൂലം വീടുവിട്ടിറങ്ങിപ്പോരേണ്ടി വരുന്നവന്റെ സ്ഥിതി ദയനീയമാണ്. അങ്ങനെ വരുന്നവർക്ക് അടുത്ത വീട്ടുകാരൻ താൽക്കാലിക അഭയം കൊടുത്തേക്കാം. അത് മാനുഷിക പ്രവൃത്തിയാണ്. അങ്ങനെ അഭയം ലഭിച്ചവർക്ക് അയൽക്കാരൻ വീതം കൊടുക്കണം കൊടുക്കണമെന്ന് ആർക്കും ശഠിക്കാനാവില്ല. പരിഹരിക്കപ്പെടേണ്ടത് മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലെ അസ്വസ്ഥതകൾ തന്നെയാണ്.