പുനർവിചിന്തനത്തിന് സമയമായി...

വൽസ ജേക്കബ്
അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷങ്ങളാണ് ഓരോ രാജ്യവും നേരിടുന്നത്. അത് ആഭ്യന്തരവും വൈദേശികവും ആണ്. സമാധാനവും സമൃദ്ധിയും സമത്വവും ജനങ്ങൾക്കിടയിൽ നിന്നും മാഞ്ഞു കഴിഞ്ഞു. ജീവനും കയ്യിൽ പിടിച്ച് ഓടിനടക്കുന്ന ജീവിതങ്ങൾ ആണ് ഇന്ന്‍ പലയിടത്തും. രാജ്യങ്ങൾക്കിടയിലുള്ള അതിർത്തി തർക്കങ്ങളും അധിനിവേശവും ഒരിടത്ത്. ഭീകരവാദവും അടിച്ചമർത്തലും ജനജീവിതം ദുസ്സഹമാക്കുന്നു. ഭരണകർത്താക്കളുടെ പരിഷ്ക്കാരങ്ങൾ സാധാരണ ജനങ്ങളെ വലയ്ക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കാത്തവരും കരുതാത്തവരുമായി മക്കൾ മാറുന്നു. തെറ്റിൽ നിന്ന് തെറ്റിലേയ്ക്ക് മാത്രമായി ജീവിതം നയിക്കുന്നവർ. മഹാവർഷങ്ങൾ, മഹാആഘോഷങ്ങൾ, മഹാമാരികൾ, മഹാഭായങ്ങൾ, മഹായുദ്ധങ്ങൾ ഇവയൊക്കെ ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ ആണ്. പരിപാവനത നഷ്ടപ്പെട്ട ജീവിത ബന്ധങ്ങൾ. സുഖലോലുപതയിൽ ഒരു ചെറിയ ശതമാനം ജീവിതം ആഘോഷവും വിനിമയവും സ്വരുക്കൂട്ടലും ആകുന്പോൾ നല്ലൊരു ശതമാനം അരച്ചാൺ വയറിന്റെ വിശപ്പിന് ഭക്ഷണവും കിടക്കുവാൻ സ്ഥലവും ജീവിക്കാൻ സാഹചര്യങ്ങളും ഇല്ലാതെ മരണത്തിന് സ്വയം കീഴ്പ്പെടുന്നു. അവിടെയും തീരാത്ത ദുരിതം, വീടിനുള്ളിൽ ശവം മറവുചെയ്യേണ്ട ദയനീയ സ്ഥിതി. ലോകം എങ്ങോട്ട് പോകുന്നു.?
കുറച്ച് ആഴ്ചകളായി ഉത്തരകൊറിയയുമായുള്ള ലോകത്തിന്‍റെ പ്രതിഷേധവും പരിഭവവും തുടരുന്നു. ഞാനോ നീയോ വലിയവൻ എന്ന ചിന്തയും രാജ്യങ്ങൾക്കിടയിൽ കൊടുന്പിരി കൊള്ളുന്നു. ഈ ദിവസങ്ങളിൽ അമേരിക്കയും ഉത്തകൊറിയയുംതമ്മിൽനടക്കുന്ന വാദപ്രതിവാദങ്ങൾ ലോകത്തെ നയിക്കുന്നത് എങ്ങോട്ടാണ്? സകലരേയും തങ്ങളുടെ ചൊൽപ്പടിയിൽ നിർത്താനും, മറുത്ത് പറയാതെ അനുസരിപ്പിക്കാനും ഉള്ള അമേരിക്കയുടെ ശ്രമങ്ങളെ എല്ലാവരും എന്നും അനുവദിക്കും എന്ന് ചിന്തിക്കാനാവില്ല. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ഓരോ രാജ്യങ്ങളുടെയും ലക്ഷ്യം, എന്നു തോന്നും ചിലവഴിക്കുന്ന സാന്പത്തികക്കണക്കുകൾ കേട്ടാൽ. പൊട്ടിത്തെറിച്ചു നാശം വിതയ്ക്കാൻ ഒരൽപം മതിയെന്നിരിക്കേ ഈ ലോകത്തെ എത്രയോ മടങ്ങ് നശിപ്പിക്കുവാനുള്ള ആയുധശേഖരത്തിന് മുകളിലാണ് ഓരോ രാജ്യവും ഇരിക്കുന്നത്.
പ്രകോപനം തുടർന്നാൽ ഉത്തരകൊറിയയെ വെച്ചു പൊറുപ്പിക്കില്ല എന്ന ഭീക്ഷണിക്കു മുന്‍പിൽ തെല്ലും പതറാതെ കാട്ടിത്തരാം തങ്ങൾ ആരെന്ന നിലപാടിലാണ് ഉത്തരകൊറിയയും. മറ്റൊരു ലോക മഹായുദ്ധത്തിന് വഴിെവയ്ക്കുന്ന ശബ്ദങ്ങൾ ആര് മുഴക്കിയാലും അതിനെ തടുത്തു നിർത്തിയ കാലം കഴിഞ്ഞുവോ? ഇനിയൊരു യുദ്ധത്തിനുള്ള ബാല്യം ഭൂമിക്കുണ്ടോ? യുദ്ധമുഖത്തു നിന്നും രക്ഷപ്പെടാൻ ജീവന്‍റെ അംശം ബാക്കിയുണ്ടാകുമോ?
പ്രവചനവും ജ്യോതിഷവും, മതങ്ങളും പ്രപഞ്ചോൽപ്പത്തി മാത്രമല്ല വിവരിക്കുന്നത്, അതിന്‍റെ അവസാനവും പല പ്രതീകാത്മക ചിഹ്നങ്ങളിലൂടെ വരച്ചു കാട്ടുന്നു. മാത്രമല്ല, പ്രവചനങ്ങളുടെ രാജാവെന്നറിയപ്പെടുന്ന നോസ്ട്രഡാമാസ് എന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞ്ജൻ പറഞ്ഞ വസ്തുതകളിലേയ്ക്ക് പലരും എത്തിനോക്കുന്നു. വർഷങ്ങൾക്കുശേഷം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ കൃത്യമായി എഴുതിവെച്ച അദ്ദേഹത്തിന്റെ കുറിപ്പുകൾ ലോക സംഭവങ്ങളെ അതുമായി കൂട്ടിയിണക്കി എന്തുണ്ടായി, എന്തുണ്ടാകും എന്ന് ചില ചർച്ചകൾക്ക് വഴിെവയ്ക്കുന്നു.
മതഗ്രന്ഥങ്ങൾ നിർവ്വചിച്ചു വെച്ചിരിക്കുന്ന, വരച്ചുകാട്ടുന്ന ലോകത്തിന്‍റെ ഭാവി നാം നേരിടാറായോ എന്ന് ഈ സമയം ചിന്തിക്കേണ്ടിയിരിക്കുന്നു. കലികാലത്തിലെ ജീവിത രീതികളും, ഭരണ സംവിധാനവും, ദുഃഖദുരിതദിനങ്ങളും ആണോ നാം നേരിടുന്നത്? പ്രപഞ്ചനാശം വിവരിക്കുന്ന മതഗ്രന്ഥഭാഗങ്ങൾ വിവേചിച്ചു നോക്കിയാൽ ഇതിനുത്തരം ഉണ്ടാകുമോ? എന്താകിലും ലോക സംഭവങ്ങളെ ശ്രദ്ധിച്ചു നോക്കേണ്ട കാലവും അറിയേണ്ട സമയവും ആയോ എന്ന് നാം വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു.