മാ­റേ­ണ്ട മാ­റാ­ലകൾ...


പ്രദീപ് പുറവങ്കര

വികസന പ്രവർത്തനങ്ങളിലെ കാലതാമസം വികസനനിക്ഷേധമാണെന്ന് നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ.ടി ജലീൽ റഷ്യയിലെ ഉഫ സിറ്റിയിൽ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം നമ്മുടെ നാടിനെ കുറിച്ച് പറഞ്ഞതാണോ ഇത് എന്ന സന്ദേഹമാണ് എനിക്കുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുന്പ് ബഹ്റൈനിലെ കേരളീയ സമാജത്തിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികളുടെ സമാപന ചടങ്ങിൽ ബഹ്റൈനിലും ഖത്തറിലുമൊക്കെ കന്പനികളുള്ള ടെക്നോക്രാറ്റും, അതു പോലെതന്നെ ബിസിനസുകാരനുമായ ശ്രീ ബാബുരാജ് പറഞ്ഞതും ഇതേ കാര്യം തന്നെയായിരുന്നു. നമ്മുടെ നാട്ടിൽ ഒരു വികസന പ്രവർത്തനം നടക്കാൻ എടുക്കുന്ന കാലതാമസത്തെ പറ്റിയാണ് അന്ന് അദ്ദേഹം സൂചിപ്പിച്ചത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അഭിമാന സ്തംഭങ്ങളിലൊന്നായ നിയമസഭാ മന്ദിരം പണി പൂർത്തിയാക്കാൻ എടുത്തത് ഏകദേശം പതിനഞ്ച് വർഷത്തിലധികമായിരുന്നു. അതേ സമയം ഇത്തരം ഒരു കെട്ടിടം ഗൾഫ് രാജ്യങ്ങളിൽ ഒന്നോ രണ്ടോ വർഷം കൊണ്ട് നിർമ്മിക്കപ്പെടുന്നു എന്ന വലിയൊരു ചിന്തയാണ് അദ്ദേഹം അന്ന് പങ്ക് വെച്ചത്.

പ്രവാസ ലോകത്ത് ഇന്ന് കാണുന്ന കെട്ടിടങ്ങളും, പാലങ്ങളും, റോഡുകളുമൊക്കെ മലയാളികളായവരുടെ കൂടി കൈയൊപ്പ് പതിഞ്ഞവയാണ്. അതിന്റെ പിന്നിൽ ശ്രീ ബാബുരാജിനെ പോലെയുള്ള നിരവധി പേരുടെ അക്ഷീണമായ പ്രയത്നവും അദ്ധ്വാനവും ഉണ്ട്. അതേസമയം നാട്ടിൽ നിൽക്കുകയാണെങ്കിൽ ഇദ്ദേഹത്തെ പോലെയുള്ളവരും കൂടെ പഠിച്ചവരും അവരുടെ ജീവിതത്തിൽ ചെയ്ത് തീർക്കുന്ന പദ്ധതികളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് യാത്ഥാർത്ഥ്യം. ഗൾഫ് രാജ്യങ്ങളിൽ ഒരു പദ്ധതി ആരംഭിച്ചാൽ അത് അവസാനിക്കാനുള്ള ഒരു തീയതി കൂടി നിശ്ചയിക്കും. അതിൽ വൈകിയാൽ ആ കോൺട്രാക്റ്റർ പിഴയൊടുക്കേണ്ടി വരുമെന്നാണ് നിയമം. ഇത് കാരണം മിക്ക പദ്ധതികളും സമയത്തിന് തന്നെ പൂർത്തീകരിക്കുന്നു.

ഇങ്ങിനെയൊരു നിയമം നമ്മുടെ നാട്ടിൽ കർശനമാക്കിയാൽ കോൺട്രാക്റ്റർമാരുടെ കൂട്ട ആത്മഹത്യകളായിരിക്കും ഉണ്ടാകാൻ പോകുന്നത്. അവസരങ്ങളുടെ ഇല്ലായ്മയോ, വലിയ പദ്ധതികൾ വിഭവനം ചെയ്യാനുള്ള കഴിവില്ലായ്മയോ അല്ല നമ്മുടെ നാടിന്റെ പ്രശ്നം മറിച്ച് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഉണ്ടാക്കി വെക്കുന്ന ചുകപ്പ് നാടകളും, രാഷ്ട്രീയ അതിപ്രസരത്തിന്റെ തിക്താനുഭവങ്ങളുമാണ് വികസന മുരടിപ്പിന്റെ പ്രധാന കാരണം. ഇതിലൂടെ സംഭവിക്കുന്നത് കഴിവുള്ളവരുടെയും, പ്രഗത്ഭരുടെയും ജീവിതം തന്നെ പാഴായി പോകുന്നു എന്നതാണ്. ഇ. ശ്രീധരനെ പോലെ വളരെ അപൂർവം പേർ മാത്രമാണ് ഈ വൈതരണികളെ മറികടന്ന് മുന്പോട്ട് വരുന്നത്. അല്ലാത്തവർ മരവിച്ച സ്വപ്നങ്ങളുമായി മാറാല പിടിച്ച ഓഫീസുകളിൽ അവരുടെ ജീവിത സമയം കൊല്ലുന്നു. 

ഈയൊരു സിസ്റ്റത്തിനാണ് നമ്മുടെ നാട്ടിൽ മാറ്റം വരേണ്ടത്. അതിന് മുൻകൈയെടുക്കേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ്. പ്രത്യേകിച്ച് യുവാക്കളായ നേതാക്കളാണ് ഇതിന് ചുക്കാൻ പിടിക്കേണ്ടത്. അങ്ങിനെയെങ്കിൽ  നമ്മുടെ നാട്ടിലും ഉണ്ടാകും ഇനിയുമേറെ ബാബുരാജൻമാരും, ഇ. ശ്രീധരൻമാരും.. സംശയമില്ല !!

You might also like

Most Viewed