പ്രതീ­ക്ഷയും പ്രതി­സന്ധി­യും


വി.ആർ. സത്യദേവ്

 

പ്രതിച്ഛായകൾക്ക് രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. ജനമനസ്സുകളിൽ സ്ഥാനമുറപ്പിക്കാനും ജനപിന്തുണയോടേ അധികാരം നിലനിർത്താനും രാഷ്ട്രീയക്കാർക്ക് മികച്ച പ്രതിച്ഛായ അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ മികച്ച ഒരുദാഹരണങ്ങളിലൊന്നാണ് ഭൂമിമലയാളത്തിന്റെ പ്രിയ നേതാവ് എ.കെ ആൻ്റണി. സ്വന്തം മികച്ച പ്രതിച്ഛായ നിലനിർത്തുന്ന കാര്യത്തിൽ അന്നു തൊട്ടിന്നോളം വിട്ടു വീഴ്ച കാട്ടാത്ത നേതാവാണ് ആൻ്റണി. പ്രതിച്ഛായ മാത്രമല്ല വ്യക്തിജീവിതത്തിലെ ഓരോ കാര്യങ്ങളിലും സംശുദ്ധതയും സുതാര്യതയും പുലർത്താൻ ബദ്ധശ്രദ്ധനാണ് അദ്ദേഹം. 

പ്രതിച്ഛായയെക്കുറിച്ച് ഒട്ടും ആശങ്കപ്പെടാത്ത നേതാക്കളെയും നമുക്കറിയാം. ലീഡർ കെ. കരുണാകരൻ തന്നെയാണ് ഈ ഗണത്തിലെ പ്രമുഖൻ. തനിക്കു യുക്തമെന്നു തോന്നുന്ന കാര്യങ്ങൾ നടപ്പാക്കുന്ന വേളകളിൽ അവ സ്വന്തം പ്രതിച്ഛായയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് തെല്ലും ആശങ്കപ്പെടാത്ത വ്യക്തിത്വമായിരുന്നു കെ. കരുണാകരന്റേത്. ഇനിയും ചില നേതാക്കളാവട്ടെ തനിനിറം മറച്ചുവെച്ച് മനോഹരമായ പ്രതിച്ഛായകളുടെ മറവിൽ ജനപിന്തുണ നേടി രാഷ്ട്രീയത്തിൽ തിളങ്ങുന്നവരാണ്. പറഞ്ഞുവന്നത് പ്രതിച്ഛായ എന്നതിന്റെ പൊള്ളത്തരത്തെക്കുറിച്ചു വ്യക്തമാക്കാൻ മാത്രമാണ്. നമ്മളറിയുന്നതോ നമുക്കു പ്രത്യക്ഷത്തിൽ തോന്നുന്നതോ ആവണമെന്നില്ല ഒരു നേതാവിന്റെയോ വ്യക്തിയുടെയോ സ്വത്വം. 

രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുമൊക്കെ പറയുന്പോൾ ആവർത്തിക്കുന്ന മറ്റൊന്ന് രാഷ്ട്രീയത്തിൽ നിതാന്ത ശത്രുതകളോ ബന്ധുത്വങ്ങളോ ഇല്ല എന്ന പ്രമാണമാണ്. ഇന്നലെകളിൽ വരെ ഒരുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുക്കളായിരുന്ന കെ.എം മാണി, ബാലകൃഷ്ണപിള്ള തുടങ്ങിയ പേരുകൾ അതേ പക്ഷത്തിനു പ്രിയപ്പെട്ടവരായി മാറുന്ന പ്രതിഭാസം ഇതിന് ഉത്തമോദാഹരണമാണ്. ഇതാവട്ടെ ഭൂമിമലയാളത്തിലെ മാത്രം പ്രത്യേകതയുമല്ല. ആഗോള തലത്തിൽ ഇതിന് ഉത്തമോദാഹരണമാവുകയാണ് അമേരിക്കൻ നായകൻ സാക്ഷാൽ ശ്രീമാൻ ഡൊണാൾഡ് ട്രംപ്. 

പ്രചാരണവഴികളിൽ ഇസ്ലാം വിരുദ്ധത ആവോളം വിളന്പി അമേരിക്കൻ പ്രസിഡണ്ടു പദവിയിലേയ്ക്ക് കടന്നുവന്നയാളാണ് ട്രംപെന്നകാര്യം രഹസ്യമല്ല. അധികാരത്തിലേറിയിട്ടും അദ്ദേഹത്തിൽ നിന്നും ആദ്യമുണ്ടായത് ഇസ്ലാം വിരുദ്ധ നടപടികൾ തന്നെയായിരുന്നു. 7 ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അമേരിക്കൻ മണ്ണിൽ കാലുകുത്തുന്നതു വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ തീരുമാനം ആഗോളതലത്തിൽ തന്നെ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചു. തുടർന്നിങ്ങോട്ടും അദ്ദേഹത്തിന്റെ ചെയ്തികൾ അതേ ദിശാഗതിയിൽ തന്നെ ആയിരുന്നു. 2016ൽ നടത്തിയ ഒരു പ്രസംഗത്തിൽ ഇസ്ലാമികലോകത്തിന്റെ തലസ്ഥാനമെന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന സൗദി അറേബ്യക്കെതിരെ ട്രംപ് നടത്തിയത് എല്ലാ സീമകളും ലംഘിച്ച വിമർശനമായിരുന്നു. 2001ലെ ലോകവ്യാപാരകേന്ദ്രം ആക്രമണത്തിനു പിന്നിൽ ഇറാഖല്ല സൗദി അറേബ്യ ആണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇതൊക്കെയുണ്ടാക്കിയത് ഡൊണാൾഡ് ട്രംപെന്ന അമേരിക്കൻ പ്രസിഡണ്ട് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവാണ് എന്ന പ്രതിച്ഛായ തന്നെയാണ്. എന്നാൽ ഈ പ്രതിച്ഛായയുടെ കാര്യത്തിൽ ഒരു പൊളിച്ചെഴുത്താണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡണ്ടിന്റെ സൗദി സന്ദർശനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകുന്ന സൂചന മറ്റൊന്നല്ല. പ്രതിച്ഛായകളുടെ അർത്ഥശൂന്യത സംബന്ധിച്ച് തുടക്കത്തിൽ നമ്മൾ വ്യക്തമാക്കിയ കാര്യം ശരിവെയ്ക്കുന്നതാണ് ഇതൊക്കെയും.

ഇസ്ലാമിക ലോകത്തിന്റെ ശത്രുവായ ട്രംപിന് ഇസ്ലാമിക ലോക തലസ്ഥാനമെന്ന വിശേഷണമുള്ള സൗദിയുമായി ഒരിക്കലും നല്ല ബന്ധമുണ്ടാവില്ല എന്നതായിരുന്നു രാഷ്ട്രീയ പണ്ധിതന്മാരുടെയൊക്കെ വിലയിരുത്തൽ. സൗദിയ്ക്കെതിരേ അമേരിക്കയുടെ ഭാഗത്തു നിന്നും ഹിതകരമല്ലാത്ത നടപടികളുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. സൗദിയുടെ പരന്പരാഗത ശത്രുസ്ഥാനത്തുള്ള ഇറാനുമായി മ‍ൃദു സമീപനം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു ട്രംപിന്റെ മുൻഗാമിയായ ബറാക് ഒബാമ. ഇത് സൗദി അമേരിക്കൻ ബന്ധത്തെ ദോഷകരമായി സ്വാധീനിച്ചിരുന്നു എന്നാണ് വിലയിരുത്തൽ. ഒബാമയെക്കാൾ കടുത്ത നിലപാടുകാരനായ ട്രംപ് അധികാരത്തിലേറുന്നതോടേ സൗദി− അമേരിക്ക ബന്ധം ഉലയും എന്ന് ആശങ്കപ്പെട്ടവർ ഏറെയാണ്. ഈ ആശങ്കകളെല്ലാം കാറ്റിൽ പറത്തുന്നതാണ് ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപിന്റെ സ്ഥാനലാഭത്തിനു പിന്നിൽ റഷ്യയുടെ അതിശക്തമായ സ്വാധിനമുണ്ടെന്നും അതിനുള്ള നന്ദിപ്രകാശനമായി ട്രംപ് ആദ്യം സന്ദർശിക്കുന്ന വിദേശരാജ്യം റഷ്യയായിരിക്കുമെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തരം വിലയിരുത്തലുകളൊക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് തന്റെ ശത്രുരാജ്യമെന്ന് രാഷ്ട്രീയ പണ്ധിറ്റുകൾ വിധിയെഴുതിയ സൗദിയുടെ മണ്ണിലേയ്ക്ക് അമേരിക്കൻ നായകനെന്ന നിലയിലുള്ള പ്രഥമ വിദേശ സന്ദർശനത്തിന് ട്രംപ് തീരുമാനിച്ചത്. ശുഭോദർക്കമായ ഒരു പുതിയ തുടക്കമാണ് ഇതിലൂടെ ട്രംപ് കുറിച്ചിരിക്കുന്നതെന്ന് വിമർശകരും സമ്മതിക്കും. ഇസ്ലാമിന്റെ ജന്മഭൂമിയിൽ കാലുകുത്തിയ ട്രംപ് സൗദിയുമായുള്ള സഹകരണ കാര്യത്തിലും മുൻഗാമികളുടേതിൽ നിന്നും വേറിട്ട സമീപനമാണ് കാഴ്ചവെച്ചത്. സന്ദർശനം നടത്തുന്ന രാജ്യങ്ങളെയൊക്കെ ഉപദേശവും വിമർശനവും കൊണ്ടു വെറുപ്പിക്കുന്ന ഒരു കീഴ്്വഴക്കമുണ്ട് പല അമേരിക്കൻ പ്രസിഡണ്ടുമാർക്കും. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിൽ അന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമ നടത്തിയ ഇന്ത്യാ വിരുദ്ധ വിമർശനം ഇതിന് ഉത്തമോദാഹരണമാണ്. ഇതിന് അപവാദമാവുകയാണ് ട്രംപ്. ആരേയും ഉപദേശിക്കാനല്ല നല്ലൊരു നാളേയ്ക്കായി സഹകരണം മെച്ചപ്പെടുത്താനാണ് തങ്ങൾ വന്നിട്ടുള്ളത് എന്ന സൗദിയുടെ മണ്ണിലെ ട്രംപിന്റെ പ്രസ്താവന ഏറെ പ്രതീക്ഷ ഉയർത്തുന്നതാണ്.

സഹകരണം വാക്കുകളിൽ മാത്രമല്ല എന്നു തെളിയിക്കുന്നതാണ് ദ്വിദിന സന്ദർശനത്തിനിടെ ഒപ്പുവെയ്ക്കപ്പെട്ട ഉഭയകക്ഷി ഉടന്പടികൾ നൽകുന്ന സൂചന. ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെ ഒപ്പുവെയ്ക്കപ്പെട്ടതിൽ ഏറ്റവുമുയർന്ന തുകയ്ക്കുള്ള പ്രതിരോധ കരാറാണ് പ്രസിഡണ്ടിന്റെ ഈ സന്ദർശന വേളയിൽ ഒപ്പുവെയ്ക്കപ്പെട്ടത്. 110 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ പ്രതിരോധ കരാറാണ് ഇന്നലെ ഒപ്പുവെച്ചത്. നിരവധി അമേരിക്കൻ, സൗദി കന്പനികൾ തമ്മിലും വ്യാപാര കരാറുകൾ ഒപ്പുവെച്ചു. പ്രമുഖ അമേരിക്കൻ ഇലക്ട്രിക്കൽ കന്പനി ജനറൽ ഇലക്ട്രിക് മാത്രം ഒപ്പുവെച്ചത് 15 ദശലക്ഷം ഡോളറിന്റെ കരാറാണ്. പ്രമുഖ സൗദി എണ്ണകന്പനി അറാംകോ11 അമേരിക്കൻ കന്പനികളുമായി വിവിധ ധാരണകൾ ഒപ്പുെവച്ചു. ആകെ 350 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ കച്ചവടമുറപ്പിച്ചാണ് ട്രംപ് സൗദിയിൽ നിന്നും വിമാനം കയറുന്നത്. സ്വന്തം വ്യാപാരതാൽപ്പര്യങ്ങൾക്ക് എന്നും മുൻഗണനനൽകുന്ന അമേരിക്കയിൽ വ്യവസായ ലോകത്തിന്റെ കൂടുതൽ പിന്തുണ നേടാൻ ട്രംപിനെ ഈ ഉടന്പടികൾ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

മാത്രമല്ല പ്രശ്നബാധിതമായ മേഖലകളിൽ പ്രദേശത്തെ കരുത്തനെ ശാക്തീകരിക്കുക എന്നതാണ് കരണീയമെന്ന തത്വം പാലിക്കുന്നതു കൂടിയാണ് ഈ കരാറുകൾ. കരുത്തരെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്ന പരന്പരാഗത നിലപാടിൽ നിന്നും അമേരിക്ക പിന്നോട്ടു പോകുന്നതിന്റെ സൂചന കൂടിയാണ് ഇത്. സൗദിക്കെതിരേ ഇറാനെ ശാക്തീകരിക്കുകയെന്ന ഒബാമയുടെ നിലപാട് ട്രംപ് തിരുത്തിയെഴുതുന്നു. സിറിയയിലെ വ്യോമാക്രമണത്തിലൂടെ ഈ സൂചന നൽകിയ ട്രംപ് പുതിയ ഉടന്പടികളിലൂടെ ഇത് ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഇതിനിടെയിലും ഇസ്ലാം കുടിയേറ്റക്കാർക്കും ഇസ്ലാമിക രാജ്യങ്ങൾക്കും എതിരെയുള്ള ട്രംപിന്റെ പ്രസംഗങ്ങൾ തയ്യാറാക്കിയ സ്റ്റീഫൻ മില്ലർ തന്നെയാണ് സൗദി സന്ദർശന വേളയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും തയ്യാറാക്കിയത് എന്ന വസ്തുത വേറിട്ടു നിൽക്കുന്നു. നയരൂപീകരണകാര്യത്തിൽ ട്രംപ് ഗുണപരമായി മാറിത്തുടങ്ങി എന്ന സൂചനയാണ് ഇതൊക്കെ നൽകുന്നത്. 

സൗദിക്കൊപ്പം പ്രഥമ സന്ദർശനത്തിൽ ആഗോള ക്രിസ്ത്യൻ ജൂത മതങ്ങളുടെ ഏറ്റവും പ്രധാന ഇടങ്ങളും ട്രംപ് സന്ദർശിക്കുന്നു എന്നതും ആകസ്മികമല്ല. ഇസ്ലാമിനൊപ്പം യഹൂദ, ക്രിസ്ത്യൻ മതങ്ങളുടെ ആഗോള ആസ്ഥാനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളും ഫലസ്തീനുമുണ്ട് ട്രംപിന്റെ ആദ്യ വിദേശ സന്ദർശന രാജ്യങ്ങളഉടെ പട്ടികയിൽ. ലോകത്തെ പ്രമുഖ മതങ്ങളോടെല്ലാമുള്ള സൗഹാർദ്ദവും സഹവർത്തിത്വവും ഉറപ്പാക്കുക തന്നെയാണ് ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.

വിദേശകാര്യത്തിലും ഇസ്ലാമിക ബന്ധത്തിലും വലിയ കുതിപ്പു കൈവരിക്കാൻ പ്രഥമ വിദേശ സന്ദർശനം ഡൊണാൾഡ് ട്രംപിനെ സഹായിക്കും എന്നുറപ്പാണ്. എന്നാൽ രാജ്യത്തിനുള്ളിൽ അദ്ദേഹത്തിന്റെ എതിരാളികൾ കൂടുതൽ ശക്തികൈവരിക്കുകയാണ്. പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ റഷ്യൻ ദുസ്വാധീനം സംബന്ധിച്ച എതിരാളികളുടെ ആരോപണങ്ങൾക്ക് ശക്തിപകരുന്നതായിരുന്നു ആദ്യ വിദേശസന്ദർശനത്തിനുതൊട്ടുമുന്പ് ട്രംപ് നടത്തിയ കൂടിക്കാഴ്ചകളും പ്രസ്താവനകളും. 

പ്രസിഡണ്ടിന്റെ കാര്യാലയത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, റഷ്യൻ അംബാസഡർ സെർജി കിസ്ല്യാക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ചട്ടങ്ങൾ ലംഘിച്ചുള്ളതും ട്രംപിന്റെ റഷ്യ ബന്ധുത്വം വ്യക്തമാക്കുന്നതുമാണ് ശത്രുക്കളുടെ ആരോപണം. എഫ്.ബി.ഐ ഡിറക്ടർ ജെയിംസ് കോമിയെ മാറ്റിയത് റഷ്യൻ സമ്മർദ്ദം മൂലമാണെന്നും അതീവ രഹ്യ വിവരങ്ങൾ പ്രസിഡണ്ട് റഷ്യൻ ഉന്നതരോടു വെളിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങൾക്കൊക്കെ കുടപിടിക്കുന്നതാണ് ഇവസംബന്ധിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ.

ആഭ്യന്തര രംഗത്ത് ട്രംപ് ഭരണകൂടത്തിനുമേൽ പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. അതേസമയം അന്താരാഷ്ട്രരംഗത്ത് പരന്പരാഗത ശൈലിയിൽ നിന്നും ഗതിമാറ്റം സംഭവിച്ച അമേരിക്കൻ നയമാണ് പ്രാവർത്തികമാകുന്നത്. ശത്രുതയ്ക്കു പകരം സഹകരണാധിഷ്ടിതമാണ് തങ്ങളുടെ നിലപാടുകളെന്ന് വ്യക്തമാക്കുകയാണ് ട്രംപിന്റെ അമേരിക്ക. റഷ്യയുടെ കാര്യത്തിലും പശ്ചിമേഷ്യയുടെ കാര്യത്തിലും ഈ സമീപനം പുലരുന്പോൾ കുറച്ചെങ്കിലും അകന്നു പോകുന്നത് സംഘർഷത്തിന്റെ കനത്ത കാർമേഘങ്ങളാണ്. നമുക്ക് നല്ലതു പ്രതീക്ഷിയ്ക്കാം.

You might also like

Most Viewed