മനോശക്തി മൂലം ആകുലതയെ അതിജീവിക്കാം

ആശങ്കയും ആകുലതയുമില്ലാത്ത ജീവിതമില്ല. മണ്ണിൽ പിറന്നുവീഴുന്ന എല്ലാ ജീവജാലങ്ങളുടെയും കൂടെപ്പിറപ്പാണ് ഇവ. ഉറക്കമില്ലാത്ത ഉറുന്പിനും ആകാരഗാംഭീര്യമുള്ള ആനയ്ക്കും വരെ ജീവിച്ചു പോകാൻ ആശങ്കയേയും ആകുലതയേയും നേരിടേണ്ടിവരും. ആനയ്ക്ക് തടി ഭാരം, ഉറുന്പിന് അരിഭാരം, ജീവിതപടക് വേലിയേറ്റത്തിൽ ഒന്ന് ഉലയുന്പോൾ ആത്മഹത്യയെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്ന അല്പപ്രാണിയായ മനുഷ്യന്റെ ഗതി അപ്പോഴെന്താകും? നമ്മുടെ ഇടയിൽ ഇന്ന് കുടുംബമെന്ന വ്യവസ്ഥിതി ഒരു സങ്കൽപ്പമായി മാറി, കുടുംബത്തിന് പകരം ‘കൂട്ട്’ കൂടി ജീവിക്കുന്ന രീതിയായി. കൂട്ടിൽ ആളുകളുടെ എണ്ണം കുറവ്. ഉള്ളവർ തന്നെ ‘തൻകാര്യം’ നോക്കി സ്വയംരക്ഷ ലക്ഷ്യമാക്കി ജീവിക്കുന്ന കാലമാണിത്. ‘കുടുംബം’ ഉണ്ടായിരുന്നപ്പോൾ അസന്നിഗ്ദ്ധാവസ്ഥകളെ പങ്കുവയ്ക്കാൻ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നു. കുടുംബം ‘കൂടാ’യി മാറിയപ്പോൾ പങ്കുവയ്ക്കൽ പരിമിതപ്പെട്ടു. അതുമൂലം ആകുലതയും ആവലാതിയും വർദ്ധിച്ചു. ചിന്താഭാരമേറി. ആത്മഹത്യയെന്ന താൽക്കാലിക പരിഹാരമാർഗത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന മനുഷ്യാത്മാക്കളുടെ എണ്ണം ദിനംതോറും കൂടി വരുന്നു. ഇപ്പോഴാണ് ആകുലതയെ എങ്ങനെ അതിജീവിക്കാം എന്ന ചോദ്യത്തിന് പ്രസക്തി!
ആകുലതയെ അതിജീവിച്ച് അർത്ഥപൂർണ്ണമായ ജീവിതം എങ്ങനെ സ്വായത്തമാക്കാമെന്ന് മനഃശാസ്ത്രജ്ഞനായ ഡെയിൽ കാർനഗി അദ്ദേഹത്തിന്റെ ഒരു പ്രസിദ്ധ കൃതിയിൽ വ്യക്തമാക്കുന്നു. അതിൽ സ്വന്തം ജീവിതത്തെപ്പറ്റിയും കുടുംബ പശ്ചാത്തലത്തെപ്പറ്റിയും അദ്ദേഹം വെളിപ്പെടുത്തുന്നു. കഷ്ടതയും ദാരിദ്ര്യവും നിറഞ്ഞ കുടുംബാന്തരീക്ഷം. പിതാവ് ഒരു സാധു കർഷകൻ. മാതാവ് ഒരു ഗ്രാമീണ സ്കൂൾ അദ്ധ്യാപിക, ഇരുവരും കൂടി പ്രതിമാസം സന്പാദിക്കുന്നതാകട്ടെ തുച്ഛമായ ഒരു തുക മാത്രം. ജീവിതച്ചെലവ് താങ്ങാനാകാതെ ആ കുടുംബം ക്ലേശിച്ചു. ബാങ്കിൽ നിന്നും കടമെടുത്ത തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ നോട്ടീസ് തുടരെ കിട്ടിക്കൊണ്ടിരുന്നു. ജീവിത പ്രശ്നം കൊണ്ടും കടബാധ്യത കൊണ്ടും വീർപ്പുമുട്ടിയ ആ പിതാവ് ഊണും ഉറക്കവുമില്ലാതെ ദുഃസ്ഥിതിയിലായി. അദ്ദേഹം എന്തെങ്കിലും സാഹസം കാട്ടിയേക്കുമോ എന്നുപോലും മാതാവ് ആകുലപ്പെട്ടിരുന്നതായി കാർനഗി എഴുതിയിരിക്കുന്നു. പിതാവ് വൈകീട്ട് കൃഷിസ്ഥലത്തു നിന്നും തിരികെ വീട്ടിലെത്താൻ വൈകിയാൽ ഉത്തമയായ ആ ഭാര്യ അസ്വസ്ഥയായിത്തീർന്നിരുന്നു.
കാർനഗി അനുസ്മരിക്കുന്നു: ഒരുദിവസം അദ്ദേഹത്തിന്റെ പിതാവ് ഭവനത്തിലേക്ക് മടങ്ങുന്ന വഴി പട്ടണത്തിൽ വെച്ച് ബാങ്ക് ഉദ്യോഗസ്ഥൻ അദ്ദേഹത്തോട് വളരെയധികം കയർത്തു സംസാരിച്ചു. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ മുറിപ്പെടുത്തി. തകർന്ന മനസോടും തളർന്ന ശരീരത്തോടും കൂടി സ്വന്തം കുതിരവണ്ടിയിൽ യാത്ര തുടർന്നു. നദിയ്ക്ക് കുറുകെയുള്ള ഒരു പാലത്തിന്റെ മധ്യഭാഗത്തുള്ള കൈവരിയിൽ പിടിച്ചുകൊണ്ട് ചിന്താമഗ്നനായി നിന്നു. താഴെ ആർത്തിരന്പുന്ന നദീപ്രവാഹം. തന്റെ ജീവിതം അതിൽ ഒഴുക്കിക്കളഞ്ഞാലോ എന്ന പ്രലോഭനത്തിലായിരുന്നപ്പോൾ അദ്ദേഹം. ഒരു വലിയ വടംവലി തന്നെ ഉള്ളിൽ നടക്കുന്നു. അവസാനം ആത്മഹത്യയെന്ന സാഹസത്തിൽ നിന്ന് പിന്മാറി അദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങി. ആ സാഹസത്തിൽ നിന്ന് പിതാവിനെ പിന്തിരിപ്പിച്ച പ്രേരകശക്തി അദ്ദേഹത്തിന്റെ മനോവീര്യമായിരുന്നു. മനസ്സിന് സ്വയം ബലം നൽകുന്പോൾ മനോവീര്യം വർദ്ധിക്കും. മനഃശാസ്ത്രം കൊണ്ട് വിവരിക്കാനാവാത്ത ഒരു തലമാണിത്. മനസിന് സ്വയം ബലം കൊടുക്കുന്ന ക്രിയയിൽ പലരും ഒരു പരാജയമായിരിക്കും, പക്ഷേ ഇത് സാധ്യമാണ്.
ഞാനെന്ന വ്യക്തിക്ക് ഒരു മൂല്യമുണ്ടെന്ന് ആദ്യം തിരിച്ചറിയണം. ഒരു വിലയുമില്ലാത്ത ഒരു ചെലവാകാ ചരക്കല്ല ഞാൻ. എന്റെ മൂല്യത്തെക്കുറിച്ച് ഞാൻ അഭിമാനം കൊള്ളുന്നില്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ എന്നെ മൂല്യമുള്ളവനായി കരുതും. വലിയ വൈകല്യമൊന്നുമില്ലാത്തവനായി ഈ ലോകത്തിൽ പിറക്കാൻ സാധിച്ചതു തന്നെ ഭാഗ്യമാണ്. സഹജീവികളോടൊപ്പം ജീവിതം നയിക്കാൻ കിട്ടിയ അവകാശവും നല്ലതുതന്നെ. ഓട്ടക്കളത്തിലെ ഓട്ടക്കാരൻ പോലെയാണ് ഞാൻ. ഓടുന്പോൾ എങ്ങനെയാണ് വേഗത കൂടുന്നത്? ആത്മവീര്യം വീണ്ടെടുത്ത് സന്ധികളെ ഉത്തേജിപ്പിക്കുന്നതിലൂടെ. ശരീരവും മനസ്സും രണ്ട് ദിശകളിൽ സഞ്ചരിക്കാതെ ഒന്നാക്കി ഒരു ലക്ഷ്യത്തിലേയ്ക്ക് വിജയലക്ഷ്യത്തിലേയ്ക്ക്, കുതിയ്ക്കുന്ന ശൈലിയാണ് ആത്മവീര്യത്തിലൂടെ ലഭിക്കുന്നത്. ലക്ഷ്യപ്രാപ്തിയിലെ സംതൃപ്തിയും സന്തോഷവും സ്വപ്നം കണ്ടുകൊണ്ട് ലക്ഷ്യത്തിലേക്ക് കുതിയ്ക്കുമെന്ന ദൃഢനിശ്ചയം എനിക്കുണ്ടാകണം. ഇടയ്ക്ക് ഉണ്ടാകാവുന്ന ഇടർച്ചകൾ പരാജയമായി കരുതരുത്. വിജയത്തിന്റെ ചുഴികളാണവ എന്ന് വ്യാഖ്യാനിക്കുക.
നമ്മുെട വികാരങ്ങൾ നമ്മുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയോ ഹനിക്കുകയോ ചെയ്യാം. ഉത്തമവികാരങ്ങളും സർഗാത്മക ചിന്തകളും ആരോഗ്യം മെച്ചപ്പെടുത്തുന്പോൾ അധമവികാരങ്ങൾ ശരീരത്തെ തളർത്തുന്നതായി കാണാം. അതുപോലെ തന്നെ നമ്മുടെ ശാരീരികാവസ്ഥ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ആരോഗ്യവും വികാരവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം ശ്രദ്ധേയമാണ്. അതിൽ ചൂണ്ടിക്കാണിക്കുന്നത് ജീവിതത്തിൽ പ്രത്യാശ നശിച്ചവർക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് എന്നാണ്. കടുത്ത നിരാശ ബാധിച്ചവരിൽ ഹൃദയത്തിൽ നിന്നുള്ള ശുദ്ധരക്തവാഹിനികളുടെ ദ്വാരം നാലുവർഷം കൊണ്ട് ഇരുപത് ശതമാനം ചുരുങ്ങുന്നുവെന്ന് ഗവേഷണം തെളിയിച്ചിരിക്കുന്നു. ഹൃദയസ്തംഭനം തുടങ്ങിയ പല ഹൃദ്രോഗങ്ങളും നൈരാശ്യം കാരണമാകാമെന്നും തെളിഞ്ഞിട്ടുണ്ട്. വൈകാരിക സ്വസ്ഥതയും ശാരീരിക സൗഖ്യവും തമ്മിലുള്ള ബന്ധം ആധുനിക കണ്ടുപിടിത്തമൊന്നുമല്ല. പൂർവീകന്മാർ ഈ കാര്യം സരളമായി വെളിപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാന സൂക്തങ്ങളുടെ ഭണ്ധാരമായ സോളമൻ പറയുന്നു. ‘സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. (A merry heart does good like medicine) പ്രത്യാശ നിറഞ്ഞ ഹൃദയവും സർഗാത്മക ചിന്തകളും ഔഷധത്തിന് തുല്യമായി ആരോഗ്യദായകമായി വർത്തിക്കുന്നു. നിരാശയുടെ കരിനിഴൽ ഹൃദയത്തിൽ വ്യാപിച്ചു കഴിയുന്പോൾ എല്ലാറ്റിന്റെയും ഇരുണ്ട വശങ്ങൾ മാത്രമേ കാണുകയുള്ളൂ. ഒന്നിലും വിശ്വാസമില്ലാതെ സകലത്തേയും സംശയത്തോടു കൂടി മാത്രമേ വീക്ഷിക്കുകയുള്ളൂ. നിരാശയുടെ ഉപോൽപ്പന്നങ്ങളാണ് സംശയവും അവിശ്വാസവും. ആ അവസ്ഥയിലെത്തിക്കഴിഞ്ഞാൽ ജീവിതം ദുരിതപൂർണ്ണമാകും.
എനിക്കറിയാവുന്ന മദ്ധ്യവയസ്കയായ രണ്ടു കുട്ടികളുടെ മാതാവായ ഒരു വീട്ടമ്മ കടുത്ത നിരാശ ബാധിച്ച് കാട്ടിക്കൂട്ടിയ വികൃതികൾ വിവരിക്കുക എളുപ്പമല്ല. അവരുടെ ഭർത്താവിന്റെ ജീവിതശൈലിയിൽ അവർ തൃപ്തയല്ല. എടുത്ത് പറയത്തക്ക പ്രശ്നങ്ങളൊന്നും ആ വീട്ടിൽ ഇല്ലെങ്കിലും ആ വീട്ടിലെ പ്രശ്നം ആ വീട്ടമ്മയുടെ സ്വഭാവരീതികളാണ്. വിശദമായ മെഡിക്കൽ പരിശോധന പല പ്രാവശ്യം നടത്തിയെങ്കിലും ഒരു രോഗവും അവരിൽ തെളിഞ്ഞ് കണ്ടില്ല. എന്നാൽ അവർ എപ്പോഴും ഒരു രോഗിയാണ്. ഉദരസംബന്ധമായ അസ്വസ്ഥതയാണ് കൂടുതലും. തൽഫലമായി അവർ അമിതമായി കോപിക്കുന്നു, വിലപ്പിടിപ്പുള്ള സാധനസാമഗ്രികൾ എടുത്തെറിഞ്ഞ് നശിപ്പിക്കുന്നു. അസഭ്യവാക്കുകൾ കൊണ്ട് ശകാരാഭിഷേകം നടത്തുന്നു. ഭക്ഷണം പാകം ചെയ്യാൻ മടിയാണ്; അഥവാ പാകം ചെയ്താൽ തന്നെ ഒരു രുചിയുമില്ല. കുടുംബം മുഴുവൻ വിഷം കഴിച്ച് മരിക്കണമെന്ന് ദൈനംദിനം ആവശ്യപ്പെടുന്നു. ഈ ദുരവസ്ഥയെ സൈക്കോസൊമാറ്റിസം എന്ന് മനശാസ്ത്രജ്ഞർ നാമകരണം ചെയ്തിരിക്കുന്നു. പെരുമാറ്റച്ചട്ടങ്ങളിലധിഷ്ഠിതമായ Behavioral therapy നിരന്തരമായി ചെയ്താൽ മാത്രമേ ഈ ദുരവസ്ഥയ്ക്ക് ശമനമുണ്ടാകൂ. അതിനവർ തയ്യാറുമല്ല. പ്രായപൂർത്തിയായ മക്കളും ഭർത്താവും ഗതികേടിൽ തന്നെ. മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ.
ജീവിതത്തിലെ പ്രതീക്ഷകളൊക്കെ നന്നേ ചെറുപ്പത്തിലെ നഷ്ടപ്പെടുത്തിയവർ ആണവർ. അവർക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു ഇത്. വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങി വിവാഹത്തിന് സമ്മതിച്ചു. അവരുടെ മാതാവും ഏതാണ്ട് ഇതേ പ്രകൃതക്കാരിയാണ്. പാരന്പര്യ രോഗത്തിന്റെ അടിമകളാണ് ഇരുവരും. ഒരു സുഖസൗകര്യത്തിനും അവരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല. എല്ലാ സുഖങ്ങളുടെയും പാരമ്യതയിൽ പോലും അവർ ജല്പനം ചെയ്തുകൊണ്ടിരിക്കും. ‘ഓ, ഒരു സുഖവുമില്ല.’
ജീവിതത്തിൽ പ്രതീക്ഷയും പ്രത്യാശയുമില്ലെങ്കിൽ ഗതി ഇതുതന്നെ. പലരും അതിനുവേണ്ടി ആഗ്രഹിക്കുന്നു. പക്ഷേ ലഭ്യമാകുന്നില്ല. നിരീശ്വരവാദിയായിരുന്ന ഒരു ദാർശനികനായിരുന്നു പോൾസാർത്രേ (1905−1980). ജീവിതാന്ത്യത്തിൽ അവശനും നിരാശനുമായ അദ്ദേഹം എഴുതി. ‘നിരാശ എന്നെ പ്രലോഭിപ്പിക്കുവാൻ തിരിച്ചെത്തുന്നു. ഈ ലോകം വികൃതവും വിരൂപവും, ദോഷമുള്ളതും ആശയറ്റതുമാണ്. നിരാശയിൽ മരിക്കുന്ന, നിരാശ നിറഞ്ഞ ഒരു വൃദ്ധന്റെ പ്രരോദനമാണിത്. യഥാർത്ഥത്തിൽ ഞാൻ പ്രതിരോധിക്കുന്നതും ഈ അവസ്ഥയെ ആണ്. അഥവാ ഞാനിനി പ്രത്യാശയിൽ മരിച്ചാൽ ആ പ്രത്യാശയ്ക്ക് ഒരടിസ്ഥാനവുമില്ലെങ്കിൽ അങ്ങനെ സംഭവിക്കുകയുമില്ല. ഇത്രയും എഴുതി വച്ചിട്ട് ഒരു മാസത്തിനുള്ളിൽ സാർത്രേ മരണമടഞ്ഞു. പ്രത്യാശയ്ക്ക് ഒരു അടിസ്ഥാനമുണ്ടാകണമെന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്.
പ്രത്യാശയ്ക്ക് എങ്ങനെ ഒരടിസ്ഥാനമുണ്ടാക്കാം? നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കണം. ഈ കഷ്ടതകൾ മറ്റൊരാൾക്ക് വരാതെ എനിക്ക് അനുഭവപ്പെടുന്നത് എന്നെ ശാക്തീകരിക്കുവാനാണ് എന്ന ചിന്ത മനസിലിട്ട് താലോലിക്കുന്പോഴാണ് കഷ്ടതയിലും അഭിമാനിക്കാൻ കഴിയുന്നത്. കാരണം, കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു. തിന്മയുടെ ശക്തി ആഞ്ഞടിക്കുന്പോൾ, ദുരിതങ്ങളുടെ തിരമാലകൾ ഉയർന്നുയർന്ന് വരുന്പോൾ, മനുഷ്യത്വം ചവിട്ടിമെതിക്കപ്പെടുകയും കിരാതത്വം പ്രബലപ്പെടുകയും ചെയ്യുന്പോൾ നാം ഭഗ്നാശരായി ചോദിച്ചു പോകും. ഈശ്വരൻ സർവ്വശക്തനെങ്കിൽ എന്തുകൊണ്ട് ഇവയൊക്കെ അവരോധിക്കപ്പെടുന്നില്ല!
പക്ഷേ, മാനവചരിത്രം പരിശോധിച്ചാൽ സൃഷ്ടികർത്താവ് ചരിത്രത്തിൽ എങ്ങനെ ഇടപെടുന്നുവെന്ന് മനസിലാക്കാം. വർണവിവേചനം നടമാടിയ രാജ്യങ്ങളിൽ അതിന് അറുതി വരാനിടയാക്കിയ ചരിത്രസംഭവങ്ങൾ, വംശങ്ങളുടെയും ജാതികളുടെയും സംസ്കാരങ്ങളുടെയും ശത്രുതയ്ക്കും വിദ്വേഷത്തിനും അറുതി വരുത്തുന്നതിന് കാലാകാലങ്ങളിൽ ഉണ്ടായ ഉടന്പടികൾ ഇവയൊക്കെ അദൃശ്യമായ ആ ശക്തിയുടെ ഇടപെടലുകളാണ്. പക്ഷേ നാം വിചാരിക്കുന്ന സമയത്തും വിധത്തിലുമായിരിക്കുകയില്ല ഈ ഇടപെടൽ എന്ന് മാത്രം. അന്ധകാരത്തിന് പ്രകാശത്തെ ആത്യന്തികമായി പരാജയപ്പെടുത്താൻ സാധ്യമല്ല എന്നതാണ് സത്യം.
ജീവിതത്തിൽ ശക്തമായ പോരാട്ടങ്ങളും വൈഷമ്യങ്ങളും നേരിടുന്പോൾ പാദമൂന്നി നിൽക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് നമ്മുടെ മനോധൈര്യമാണ്. പ്രതിസന്ധികൾ മാറിപ്പോകുന്നില്ലെങ്കിൽ അവയെ നേരിടുവാനുള്ള ശക്തി ഈ ഉൾക്കരുത്ത് നമുക്ക് നൽകും. മാർട്ടിൻ ലൂഥർ കിംഗിന്റെ അനുഭവം അദ്ദേഹം വിവരിക്കുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ 24 വർഷങ്ങൾ സമാധാനപൂർണ്ണമായിരുന്നു. എന്നാൽ വർണ്ണവിവേചനത്തിനെതിരെ ഞാൻ പോരാടാൻ തുടങ്ങിയപ്പോൾ മുതൽ പ്രതിസന്ധികൾ ഉയരാൻ തുടങ്ങി. ‘അല്ലയോ നീഗ്രോ, നീ കരുതിക്കൊൾക. അടുത്ത ഒരാഴ്ചക്കുള്ളിൽ നീ മരിക്കും.’ എന്റെ അന്തരാത്മാവ് അപ്പോൾ മന്ത്രിച്ചു, ‘നീതിയ്ക്ക് േവണ്ടി ഉറച്ചു നിൽക്കുക, സത്യത്തിനു വേണ്ടി പൊരുതുക’. തൽക്ഷണം എന്റെ ഭയം നീങ്ങി. ഇതാണ് ആത്മാവിന്റെ മന്ത്രധ്വനി. ആത്മവിശ്വാസമുള്ളവർക്കു മാത്രമേ ആ മധുരശബ്ദം ആസ്വദിക്കാൻ കഴിയൂ. മനോശക്തി കൊണ്ട് ആകുലതകളെ അതിജീവിക്കാം.