സദ്ദാം മുതൽ സദർ വരെ


വി.ആർ സത്യ ദേവ്

ചരിത്രത്തിന്റ പിള്ളത്തൊട്ടിൽ എന്ന വിശേഷണം പേറുന്ന മണ്ണാണ് യൂഫ്രട്ടീസ് ടൈഗ്രിസ് നദീതടങ്ങൾ. ഇന്നത്തെ ഇറാഖാണ് ഈ മണ്ണ്. ചരിത്രത്താളുകളിൽ ആ സംസ്കൃതിയുടെ മണ്ണിനു മെസൊപൊട്ടോമിയ എന്നാണ് വിളിപ്പേര്. ഒരുപാടു സംസ്കൃതികളെ കാലം മണ്ണിട്ടു മൂടുന്നതിനു മനുജകുലം സാക്ഷികളായിട്ടുണ്ട്. നിയതി അതിനു തിരഞ്ഞെടുക്കുന്നത് പല ഉപാധികളാവും. സംസ്കൃതിയുടെ കളിത്തൊട്ടിലായ മെസൊപ്പൊട്ടോമിയയിലും ഇത്തരത്തിലൊരു മായ്ക്കലാണ് നടക്കുന്നത്. സംസ്ക‍ൃതി പിറന്ന മണ്ണിൽ പിൽക്കാലത്തു പിറന്ന തലമുറകളുടെ തമ്മിൽ തല്ലാണ് ആ മണ്ണിന്റെ സുവർണ്ണയുഗ സ്മരണകളെ തച്ചുടയ്ക്കുന്നത്. 

സംസ്കാരവും സൗഹാർദ്ദവും പൊതുവായ ലക്ഷ്യങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ഓരോ രാഷ്ട്ര സങ്കൽപ്പങ്ങൾക്കും പിന്നിൽ. അഥവാ അങ്ങനെയാണ് നമ്മുടെ ധാരണ. അങ്ങനെയെങ്കിൽ ഇറാഖ് ഇന്ന് ഒറ്റ രാജ്യം തന്നെയാണോയെന്ന സംശയം ജനിപ്പിക്കുന്നതാണ് അവിടെ നിന്നുള്ള വർത്തമാനങ്ങളെല്ലാം. സംസ്കാരത്തിന്റെ മണ്ണിൽ സംസ്കാര ശൂന്യതയുടെ മൂർത്ത രൂപമായിരുന്നു സദ്ദാമെന്നാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കൻ സമഗ്രാധിപത്യ ശക്തി ലോകത്തോടു പറഞ്ഞത്. നാസി പ്രചാരണ വിഭാഗം തലവൻ ജൊസെഫ് ഗൊബിൾസിന്റെ തന്ത്രം പോലെ അവർ തങ്ങളുടെ താൽപ്പര്യം പലയാവർത്തിച്ച് ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.  അതിനനുസരിച്ച് സൈനിക ശക്തിയിലൂടെയും തന്ത്രങ്ങളിലൂടെയും അമേരിക്ക സദ്ദാമിനെ ഇല്ലായ്മയും ചെയ്തു. കൊടും ക്രൂരതയിൽ നിന്നും തീവ്ര നാശശേഷിയുള്ള രാസായുധങ്ങളിൽ നിന്നും സ്വജനപക്ഷപാതത്വത്തിൽ നിന്നും ഒക്കെ സമത്വ സുന്ദരവും സ്വതന്ത്രവുമായ ഒരു ഇറാഖ്, ഇറാഖിലെ സാധാരണക്കാർക്കു സമ്മാനിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായായിരുന്നു ബുഷ് ഭരണ കൂടത്തിന്റെ ഇറാഖ് അധിനിവേശം.

നികൃഷ്ടവും ഏകപക്ഷീയവുമായ നടപടികളിലൂടെ സദ്ദാമിനെ കരുത്തിന്റെ കയറിൽ കുരുക്കിക്കൊല്ലാൻ അമേരിക്കയ്ക്കു കഴിഞ്ഞു. എന്നാൽ പ്രതീക്ഷകളുടെ പുത്തൻ പ്രഭാതങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ട ഇറാഖികൾക്ക് കൈവന്നത് നരകയാതനയുടെ പുത്തനാകാശങ്ങളായിരുന്നു. സൈനിക നടപടിയുടെയും സദ്ദാം നിഷ്കാസനത്തിന്റെയും വിലയായി ഇറാഖിന്റെ എണ്ണസന്പത്ത് ചുളുവിൽ ഊറ്റിക്കുടിയ്ക്കാൻ അമേരിക്കയ്ക്കു സാധിക്കുകയും ചെയ്തു.

ഒരുപക്ഷേ ലോകത്തെല്ലായിടത്തും എല്ലാ വിഭാഗം മനുഷ്യ സമൂഹങ്ങളെയും ഒരേ പോലെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാമെന്ന് അമേരിക്കൻ കണക്കുകൂട്ടൽ പിഴച്ചതുമാകാം ഇറാഖിൽ സംഭവിച്ചത്. പരസ്പരം പോരടിക്കുകയും മേധാവിത്വത്തിനായി ആക്രമണങ്ങളുടെ ഏതറ്റം വരെ പോകാൻ മടിക്കാതിരിക്കുകയും ചെയ്യുന്ന ഗോത്ര സമൂഹങ്ങളുടെ മണ്ണാണ് പേർഷ്യയും അറേബ്യയുമൊക്കെ. തലമുറകളായി അവർ കൈമാറി വരുന്നത് ജനാധിപത്യാധിഷ്ഠിതമായൊരു ഭരണ സംസ്കാരമല്ല. എന്റേതെല്ലാം മാത്രം മഹത്തരവും അതിനെയെതിർക്കുന്നതെല്ലാം ഇല്ലായ്മചെയ്യപ്പെടണമെന്നും കരുതുന്ന ഒരുപാടു പേരുള്ള ഇടമാണിത്. അത്തരത്തിലൊരു സമൂഹത്തെ നയിക്കാനും നിയന്ത്രിക്കാനുമൊക്കെ സദ്ദാം ഹുസൈൻ അൽ തിക്രിതിയെന്ന ഭരണാധികാരി തെരഞ്ഞെടുത്തത് അധീശത്വത്തിന്റെയും അടിച്ചമർത്തലിന്റെയും ഒക്കെക്കൂടി വഴികളായിരുന്നു. ആ കരുത്തന്റെ ശൈലികളിൽ ഭൂരിപക്ഷവും ശരികളായിരുന്നു എന്ന് ചില ചരിത്രകാരന്മാരും രാഷ്ട്രതന്ത്രജ്ഞന്മാരുമൊക്കെ ഇപ്പോൾ വിലയിരുത്തുന്നത് ഈ മനഃശാസ്ത്രത്തിന്റെ കൂടി വെളിച്ചത്തിലാണ്. ഈ മേഖലയുടെ ചരിത്രം പരിശോധിച്ചാൽ ഇത് ശരിയാണെന്നു നമുക്കും സമ്മതിക്കേണ്ടി വരും. സദ്ദാമിന്റെ വഴിയിൽ നിന്നും അമേരിക്കൻ ജനാധിപത്യത്തിലേയ്ക്കുള്ള വഴിതിരിച്ചിലിൽ ഭൂരിപക്ഷ ഇറാഖി സമൂഹത്തെ ഒപ്പം കൂട്ടാൻ ആർക്കും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇന്നലെകളിലെ ഇറാഖ് ഇന്ന് സദറിന്റെ നാടും ഐ.എസ് നിയന്ത്രിത മണ്ണും കുർദ് മേഖലയും ഒക്കെയായി വിഭജിക്കപ്പെട്ടിരിക്കുന്നത്. കരുത്തുറ്റ ഒരു കേന്ദ്ര ഭരണ സംവിധാനമില്ലാതായത് പല കാരണങ്ങൾകൊണ്ടും വിഭജിക്കപ്പെട്ടിരിക്കുന്ന ഈ മണ്ണിനെ കൂടുതൽ ദുർബ്ബലവും അസ്വസ്ഥവുമാക്കിയിരിക്കുന്നു. ആ ദൗർബ്ബ ല്ല്യങ്ങളാണ് ഇറാഖിൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകൾക്കും കാരണം. കരുത്തനായ സദ്ദാമിന്റെ സ്ഥാനത്ത് ഇന്ന് ആരുമില്ലാതായിരിക്കുന്നു. ദശാബ്ദങ്ങളോളം ആഗോള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ കസേരയിൽ ഇന്ന് ആരാണിരിക്കുന്നത് എന്നു തന്നെ ബാഹ്യലോകത്ത് പലർക്കും നല്ല തിട്ടമില്ല. ഫൗദ് മാസൂമെന്ന ഇറാഖി പ്രസിഡണ്ടിന്റെ പ്രശസ്തി പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും. കാര്യമായ സ്വാധീനം അദ്ദേഹത്തിന് തന്റെ ജനങ്ങൾക്കു മേലോ വിവിധ ശാക്തിക ചേരികൾക്കു മേലോ ഇല്ല. ഇന്നലെ മുതൽ നടക്കുന്ന പ്രക്ഷോഭത്തിൽ നിന്നും പിന്മാറി ശാന്തരാകാൻ ജനങ്ങളോട് മാസൂം നടത്തിയ ആഹ്വാനത്തിനു കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മറിച്ച് കാര്യമായ അധികാര സ്ഥാനങ്ങളൊന്നും കൈയാളാത്ത മൊഖ്ത്താദാ അൽ സദറെന്ന പുരോഹിത നായകന്റെ വാക്കുകൾക്കനുസരിച്ച് ഭരണ സിരാകേന്ദ്രമായ ഗ്രീൻ സോൺ കയ്യേറിയിരിക്കുകയാണ് ജനങ്ങൾ. 

ഇറാഖിലെ അതീവ സുരക്ഷാ മേഖലയാണ് ഗ്രീൻ സോൺ. അമേരിക്കൻ അധിനിവേശ കാലത്ത് ഇവിടം അമേരിക്കൻ സേനയുടെ പ്രധാന കേന്ദ്രമായിരുന്നു. ഈച്ചപോലും അതിക്രമിച്ചു കയറാത്തയിടം. സേനാ പിന്മാറ്റത്തോടെ ഇത് ഇറാഖി ഭരണകൂടത്തിന്റെയും വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുടെയും ഒക്കെ ആസ്ഥാനമായി. അതീവ സുരക്ഷയാണ് ഇപ്പോഴും ഈ മേഖലയിൽ ഉള്ളതെന്നാണ് പറച്ചിൽ. ഈസ്ഥലമാണ് ഇപ്പോൾ മൊഖ്ത്താദ അൽ സദറിന്റെ ആഹ്വാനത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ കൈയേറിയിരിക്കുന്നത്. ഇറാഖി പാർലമെൻ്റു മന്ദിരം കൈയേറിയ പ്രക്ഷോഭക്കാർ പാർലമെൻ്റു മന്ദിരത്തിലും തേർവാഴ്ച നടത്തി. ജനപ്രതിനിധികളുടെയും മന്ത്രമാരുടെയും ഒക്കെ കസേരകളിലിരുന്നും സെൽഫികളെടുത്തും അവർ വീണുകിട്ടിയ അവസരം ആസ്വദിക്കുന്നു. പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുടെ നടപടികൾക്കെതിരേ മൊഖ്ത്താദ അൽ സദർ നടത്തിയ പ്രതികരണങ്ങളാണ് പ്രക്ഷോഭങ്ങളിലേയ്ക്കു നയിച്ചത്. ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായി മന്ത്രിസഭയിൽ ജനപ്രതിനിധികൾക്കു പകരം സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കാൻ പ്രധാനമന്ത്രി അബാദി നീക്കമാരംഭിച്ചിരുന്നു. ഇതിനെതിരേ ശക്തമായ ജനവികാരമുണ്ടാവണമെന്ന് കഴിഞ്ഞ വ്യാഴാഴ്ച സദർ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പ്രതികരണമാണ് പാർലമെൻ്റു മന്ദിരം പിടിച്ചടക്കലോളം നീണ്ട പ്രക്ഷോഭം. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐ.എസ് ശക്തമായതോടെ പലയിടങ്ങളിലേക്കുമായി ഇറാഖി സായുധ സേനാ വിന്യാസം ആവശ്യമായി. ഇത് ഗ്രീൻ സോണിലെ കാവലിനുള്ള ആളെണ്ണം വെട്ടിച്ചുരുക്കാൻ ഭരണകൂടത്തെ നിർബന്ധിതമാക്കി. ഇതാണ് സദർ പക്ഷത്തിന്റെ കൈയേറ്റം എളുപ്പമാക്കിയത്. ഗ്രീൻ സോണിലെ വിജയ ചത്വരത്തിൽ കൈയേറ്റമാഘോഷിക്കുകയാണ് സദറിന്റെ അനുയായികൾ. സദറിന്റെ അടുത്ത ആഹ്വാനവും നീക്കവും എന്താണെന്നു വ്യക്തമായിട്ടില്ല. എന്നാലത് നിലവിലുള്ള ഭരണകൂടത്തിന് ഗുണകരമാകുമെന്ന് വിലയിരുത്താനാവില്ല. ഇറാഖിലെ വലിയൊരു വിഭാഗത്തിനു മേൽ വലിയ സ്വാധീനമുള്ള മത നേതാവാണ് സദർ. സദ്ദാമിന്റെ പ്രഖ്യാപിത ശത്രുക്കളിലൊരാൾ. അധിനിവേശ കാലത്ത് അമേരിക്കക്കെതിരെ അതിശക്തമായ ചെറുത്തു നിൽപ്പു നടത്താനും കഴി‌‌‌‌‌‌‌‌ഞ്ഞു സദറിന്. ഒരു ഘട്ടത്തിൽ സദറിനുമുന്നിൽ അമേരിക്കയ്ക്കു പിടിച്ചു നിൽക്കാനാവുമോയെന്നു പോലും നിരീക്ഷകർ സംശയം പ്രകടിപ്പിച്ചു. എന്നാലൊരിക്കലും ഭരണസ്ഥാപനങ്ങളൊന്നും സദർ കൈയാളിയിട്ടില്ല. ഷിയ വിഭാഗത്തിന്റെ ആത്മീയ നേതൃസ്ഥാനമാണോ അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് സാരമായും സംശയിക്കുന്നവരുണ്ട്. 

സദ്ദാം ഭരണകൂടവുമായി കടുത്ത ശത്രുത പുലർത്തുന്ന വ്യക്തിയാണ് അൽ സദർ. അദ്ദേഹത്തിന്റെ പിതാവും ഭാര്യാ പിതാവുമൊക്കെ സദ്ദാം വിരോധത്തിന്റെ പേരിൽ ആയുസ്സൊടുങ്ങിയവരാണ്. ഇതൊക്കെ സദറിന്റെ സുന്നി വിരോധം ആളിക്കത്തിക്കുന്നു. സദറിന്റെ മെഹ്ദി സേനയും അതിന്റെ തുടർച്ചയായ സറയ അൽ സലാം സേനയുമൊക്കെ സുന്നികൾക്കെതിരായി പതിവായി ചാവേറാക്രമണങ്ങൾ പോലും നടത്താറുണ്ട്. അതുകൊണ്ട് സുന്നികളുടെ അന്തകനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുമുണ്ട്. ചുരുക്കത്തിൽ കൂരതയുടെ പേരിൽ ഇല്ലായ്മചെയ്യപ്പെട്ട സദ്ദാമിൽ നിന്നും ഇക്കാര്യങ്ങളിൽ ഏറെ വ്യത്യസ്ഥനൊന്നുമല്ല സദറും.

പാർലമെൻ്റു മന്ദിരത്തിൽ കടന്നു കയറിയവരെ അറസ്റ്റുചെയ്യാൻ പ്രധാനമന്ത്രി അബാദി ഉത്തരവിട്ടിട്ടുണ്ട്. അസ്വസ്ഥതകളുടെ ഇറാഖിൽ അശക്തനായ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രാവർത്തികമാക്കുക എളുപ്പമല്ല. സദ്ദാമിൽ നിന്നും കവർന്നെടുത്ത മെസപ്പൊട്ടോമിയ ഇന്നു സദറിന്റെയും അബാദിയുടെയും ഐ.എസ്സിന്റേതും ഒക്കെയാണ്. അസ്വസ്ഥതകൾ മണ്ണിന്റെ ശാപമായി ഇനിയുമേറെക്കാലം തുടരുമെന്നുറപ്പുമാണ്.

You might also like

  • Straight Forward

Most Viewed