ജലരേഖകൾ..


ഒരു സാധാരണ പ്രഭാതത്തെ വെള്ളം അസാധാരണമാക്കുന്ന മനോഹരമായ കഥയായിരുന്നു ആ വാട്സാപ് കുറിപ്പിനു വിഷയം. ഉറക്കത്തിനൊടുവിൽ തൊണ്ടവരണ്ട് ഉണർന്നെണീറ്റ കഥാനായകൻ തൊണ്ട നനയ്ക്കാൻ തൊട്ടടുത്തിരുന്ന ജഗ്ഗെടുക്കുന്നിടത്താണ് കഥയുടെ തുടക്കം. ജഗ്ഗിൽ വെള്ളം കാണാഞ്ഞ് അടുക്കളയിലെത്തുന്ന അയാൾ അവിടെ വെള്ളം ശേഖരിച്ചു വെച്ചിരുന്ന ജാറും കാനുകളും കലവുമെല്ലാം കാലിയാണെന്നു കാണുന്നു. ദാഹവും പരിഭ്രമവും അയാളുടെ പരവേശം ഇരട്ടിയാക്കി. എന്തുമാകട്ടെയെന്നു കരുതി അടുക്കളയിലെ ടാപ്പു തുറന്നിട്ടും ഫലമുണ്ടായില്ല. അയാൾ തിരക്കിട്ടു പുറത്തിറങ്ങി കിണറ്റിൻ കരയിലേക്കോടി തൊട്ടി കിണറ്റിലേക്കിട്ടു. കയറയച്ച് തൊട്ടി കിണറിന്റെ താഴത്തെത്തി. എന്നിട്ടും തൊട്ടി വെള്ളത്തിൽ തൊടാഞ്ഞ് അയാൾ താഴേയ്ക്കു നോക്കുന്പോൾ കിണർ വറ്റി വരണ്ടിരിക്കുന്നു. അയാൾ വാട്ടർ അഥോറിറ്റി ഓഫീസ് നന്പറിൽ ഏറെ നേരം വിളിച്ചെങ്കിലും ഫോൺ റിംഗുചെയ്തതല്ലാതെ മറുപടിയുണ്ടായില്ല. വിയർത്തൊഴുകി പുഴവെള്ളം തേടി അയാളോടിയെത്തുന്പോഴേയ്ക്കും അവിടെ അയാളെപ്പോലെ എത്തിയവരുടെ വലിയ കൂട്ടം മാത്രമാണുണ്ടായിരുന്നത്. പുഴ വറ്റിവരണ്ടിരിക്കുന്നു.

ഓരോ തുള്ളി വെള്ളവും എത്ര വിലപ്പെട്ടതാണെന്ന വസ്തുത അതി മനോഹരമായി വരച്ചു കാട്ടുന്നതാണ് ഈ കഥ. ഭാവന ഈ സാഹചര്യത്തിന് ഒരൽപ്പം അതിഭാവുകത്വം നൽകിയിട്ടുണ്ടെങ്കിലും ഈ സ്ഥിതിയിലേയ്ക്കു തന്നെയാണ് നമ്മൾ അതിവേഗം എത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. കുടിവെള്ളം കിട്ടാനില്ലാത്തവരുടെ എണ്ണം
അനുനിമിഷം ഏറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം മുന്പുവരെ കൊടിയ കുടിവെള്ള ക്ഷാമം ഇരുണ്ട ഭൂഖണ്ധമെന്നു പേരുകേട്ട ആഫ്രിക്കയുടെ മാത്രം സവിശേഷതയായിരുന്നു. അവിടുത്തെ കൊടിയ ദാരിദ്ര്യത്തിന്റെ അനുബന്ധമായിരുന്നു കുടിവെള്ള ക്ഷാമം. എല്ലുന്തിയ പശുവിന്റെ മൂത്രം കൈക്കുന്പിളിൽ ശേഖരിച്ചു തൊണ്ട നനയ്ക്കാൻ ശ്രമിയ്ക്കുന്ന ആഫ്രിക്കൻ ബാലന്റെ ചിത്രം ലോകമഭിമുഖീകരിക്കുന്ന ശുദ്ധജല ക്ഷാമത്തിന്റെ സാക്ഷ്യപത്രമായിരുന്നു. ആ ആഫ്രിക്കൻ ബാലന്റെ സ്ഥാനത്ത് ലത്തൂരിലെ ജനങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. അതങ്ങു ലത്തൂരിലെ ആൾക്കാരല്ലേ എന്നു സമാധാനിക്കാൻ  ഭൂമിമലയാളത്തിനും സാവകാശം ലഭിക്കില്ല എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഹരിതകോമള ശ്യാമള ഭൂമിയായ മലയാളക്കരയിൽ നിന്നും സുഖശീതളത്വം അതിവേഗം പടിയിറങ്ങുകയാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ നെല്ലറയായ പാലക്കാട് സൂര്യൻ അത്യുഗ്രഭാവം കൈക്കൊണ്ടിരിക്കുന്നു. രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവം കൂടിയ ചൂടിന്റെ പിടിയിലാണ് നമ്മൾ. കാലൻ നിർജ്ജലീകരണത്തിന്റെയും സൂര്യാതപത്തിന്റെയും രൂപമെടുത്ത് ആൾനാശം വരുത്തുന്നു. വെള്ളമില്ലാതെ നിലനിൽപ്പില്ലെന്ന സത്യം മറന്നതിന്റെ ദുരന്ത ഫലമാണ് മലയാളി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മനുഷ്യ ശരീരത്തിന്റെ 60 മുതൽ 65 ശതമാനം വരെ വെള്ളമാണ്. വെള്ളം മാത്രമാണ്. നമ്മളാരെന്നും നമ്മളെന്തെന്നും പക്ഷേ നമ്മൾ മറന്നു. കിണറ്റിലും കുളത്തിലും അന്തരീക്ഷത്തിലും ചെടികളിലും ഒക്കെ വ്യാപിച്ചുകിടക്കുന്ന വെള്ളം തന്നെയാണ് മനുഷ്യനുമെന്ന വാസ്തവം നമ്മൾ കണ്ടില്ലെന്നു നടിച്ചു. ഭൂവിസ്തൃതിയുടെ 71 ശതമാനം വ്യാപിച്ചു കിടക്കുന്ന സമുദ്രവും ജല സന്പത്തുമെല്ലാം കണ്ട് അതിന്റെ അളവില്ലായ്മയിൽ നമ്മൾ ഭ്രമിച്ചു. കടൽ വെള്ളത്തിന്റെ ധാരാളിത്വം നമ്മുടെ ദാഹമൊടുക്കാൻ ഗുണകരമാവില്ലെന്ന വാസ്തവം നമ്മൾ അംഗീകരിക്കാതെ പോയി. ആ ജല സന്പത്തിൽ നിന്നും ഒരുപങ്ക് നമ്മുടെ ശരീരത്തിന് സ്വീകാര്യമായ കുടിവെള്ളമാക്കി മാറ്റിത്തന്ന പ്രകൃതിയുടെ കരുണ നമ്മൾ കാണാതെപോയി.

കണ്ണില്ലാത്ത പ്രകൃതി ചൂഷണത്തിലൂടെ ജീവന്റെ ആ ഉറവകൾ വറ്റിച്ച് ഇല്ലായ്മ ചെയ്യരുതേയെന്ന് പാടിയ കവിവാക്യങ്ങൾ പതിച്ചത് നമ്മുടെ ബധിര കർണ്ണങ്ങളിലായിരുന്നു. സമയം ഇനിയും വൈകിയിട്ടില്ല. സാങ്കേതികവും ധനപരവുമായ വികസനങ്ങളെക്കാൾ പ്രധാനം പ്രകൃതിസംരക്ഷണത്തിനാണ് എന്ന സത്യം നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് ഈ അത്യുഷ്ണം. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്. അതു പാഴാക്കാതിരിക്കാൻ നമുക്കു പ്രതിജ്ഞാബദ്ധരാകാം. അടുത്ത തലമുറയെ സ്വയം മാതൃകകളായി അക്കാര്യം ബോദ്ധ്യപ്പെടുത്താം. ഇല്ലെങ്കിൽ ഇല്ലാതെയാവുന്നത് കുടിവെള്ളം മാത്രമല്ല. മനുഷ്യരാശി തന്നെയാകും.

You might also like

Most Viewed