നാം അളക്കുന്ന അളവിൽ നമുക്ക് അളന്ന് കിട്ടും

സംസ്കാരത്തിന്റെ പ്രധാന ലക്ഷണം നല്ല പെരുമാറ്റമാണ്. മറ്റുള്ളവരിൽ സന്തോഷവും മതിപ്പും ഉളവാക്കാൻ കഴിയുന്ന പെരുമാറ്റം വലിയ മൂലധനമാണ്. അതു നമ്മെ ലക്ഷ്യത്തിലേയ്ക്ക് വഴിനടത്തും. വിദ്യാഭ്യാസം കൊണ്ട് മാത്രമല്ല അതു ലഭിക്കുന്നത്. നല്ല പരിശീലനമാണ് അതിനാവശ്യം. ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമന്റെ മേശപ്പുറത്ത് എപ്പോഴും ശ്രദ്ധ പതിയത്തക്കവണ്ണം ഒരു മേലെഴുത്തു ഉണ്ടായിരുന്നു. ‘ഈ ലോകത്തിലൂടെ നാം ഒരിക്കലേ പോവുകയുള്ളൂ. ആ യാത്രയിൽ മറ്റുള്ളവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന അവസരങ്ങൾ ഒന്നും പാഴാക്കരുത്.’ എല്ലാവരുടെയും ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ഒരു തത്ത്വമാണത്. ബഹുസമർത്ഥനായ ഒരു ഡോക്ടർ പെരുമാറ്റത്തിൽ പരുക്കനായിരുന്നു. രോഗികളെ ഒക്കെ അദ്ദേഹം സംസാരത്തിലൂടെയും പെരുമാറ്റത്തിലൂ
ടെയും വെറുപ്പിച്ചിരുന്നു. ‘രോഗം മാറിയില്ലെങ്കിലും വേണ്ട, ഞങ്ങൾ ആ ഡോക്ടറുടെ അടുത്ത് പോവുകയില്ല’ എന്ന് ശാഠ്യം പിടിക്കുന്ന പല രോഗികളുമുണ്ടായിരുന്നു. എന്നാൽ മറ്റൊരു ഡോക്ടർ തന്റെ ഹൃദ്യമായ സംഭാഷണത്തിലൂടെയും ആർദ്രമായ പെരുമാറ്റത്തിലൂടെയും രോഗികളുടെ മനം കവർന്നിരുന്നു. വലിയ ഡിഗ്രിയൊന്നുമില്ലെങ്കിലും അദ്ദേഹത്തിന് ‘കൈപ്പുണ്യം’ ഉണ്ടായിരുന്നു. മരുന്നില്ലാതെ തന്നെ അദ്ദേഹത്തിന്റെ രോഗികളുടെ പകുതി രോഗം മാറിയിരുന്നു പോലും! മര്യാദ കെട്ട സംസാരശൈലി, ധിക്കാരവാക്കുകളുടെ പ്രയോഗം, സ്ഥാനത്തിനും അധികാരത്തിനും വേണ്ടിയുള്ള ഡംഭ്, ഇതൊക്കെ നല്ല പെരുമാറ്റത്തിന്റെ ലക്ഷണങ്ങൾ അല്ല.
പെരുമാറ്റത്തിലുള്ള മര്യാദപൂർവ്വമായ പരിശീലനം ചെറുപ്രായത്തിൽ ഭവനാന്തരീക്ഷത്തിൽ നിന്നാണ് ലഭിക്കേണ്ടത്. കുടുംബാംഗങ്ങൾ തമ്മിലുള്ള പെരുമാറ്റത്തിൽ നിന്നാണ് അതിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. അതിഥികളെ ഉപചാരപൂർവ്വം സ്വീകരിക്കുകയും വിനയത്തോടും സ്നേഹത്തോടും കൂടി അവരോട് വർത്തിക്കുകയും ചെയ്യാൻ ചെറുപ്രായത്തിൽ തന്നെ പരിശീലനം ലഭിക്കേണ്ടതാണ്. അത് മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുഞ്ഞുങ്ങൾ പഠിക്കുന്നു. ചില ഗൃഹനാഥന്മാർ വീട്ടിലെത്തുന്പോൾ ഭാര്യയ്ക്കും മക്കൾക്കും അസ്വസ്ഥതയും ഭയവും ആരംഭിക്കും. ഗൃഹനാഥൻ വൈകി വീട്ടിലെത്തുന്നത് അവർക്ക് സന്തോഷമേ നൽകുകയുള്ളൂ. വരാതിരുന്നാൽ അത്രയും നല്ലത് എന്ന് തോന്നുകയും ചെയ്യും. നേരെ വിപരീതമാണ് മറ്റു ചില ഗൃഹനാഥന്മാരുടെ അനുഭവം. കുടുംബാംഗങ്ങൾക്ക് മാത്രമല്ല ഭൃത്യന്മാർക്കുപോലും ഗൃഹനാഥന്റെ ആഗമനം ഉല്ലാസം പ്രദാനം ചെയ്യുന്നു. ശാന്തതയും വിനയവും സൗഹൃദവും നിറഞ്ഞ് നില്ക്കുന്ന വ്യക്തിത്വമായിരിക്കാം അദ്ദേഹത്തിന്റേത്. സാന്പത്തികാഭിവൃദ്ധിയും ഉയർന്ന പദവിയും വലിയ അധികാരമുള്ള ഉദ്യോഗങ്ങളും എല്ലാം അസ്ഥിരങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ് മറ്റുള്ളവരുടെ സുഖത്തിനും സൗകര്യത്തിനും കൂടെ പ്രധാന്യം കൊടുക്കുന്ന വ്യക്തികൾ സ്വയം അവർക്കും മറ്റുള്ളവർക്കും ഒരനുഗ്രഹമായിരിക്കും. പെരുമാറ്റത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന വ്യക്തി ആരോട് ഇടപഴകുന്പോഴും അത് ഓർമ്മയിൽ വെയ്ക്കും.
പെരുമാറ്റത്തിൽ പ്രദർശിപ്പിക്കേണ്ട പക്വത നിശബ്ദതയിൽ അധിഷ്ഠിതമാണ്. നിശബ്ദത ആരോഗ്യദായകമാണ്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും സുസ്ഥിതിയ്ക്കും നിശബ്ദതയ്ക്ക് വലിയ പങ്ക് വഹിക്കാനാകും. നിശബ്ദതയിലുള്ള ധ്യാനത്തിലൂടെ ധന്യാത്മാക്കൾ ഈശ്വര സംസർഗ്ഗം ആസ്വദിക്കുകയും ആത്മീയശക്തി ആർജിക്കുകയും ചെയ്യുന്നതുപോലെ നിശബ്ദതയിൽ നിന്ന് നെയ്തെടുത്ത പെരുമാറ്റരീതികൾ ഫലം കാണുന്നുവെന്നതും ഒരു പരമാർത്ഥമാണ്. ഏകാഗ്രമായ പഠനത്തിനും രോഗസൗഖ്യത്തിനും പ്രശാന്തത അനിവാര്യമായിരിക്കുന്നതുപോലെ നല്ല പെരുമാറ്റ രീതികൾ സ്വഭാവത്തിൽ അലിയിച്ചു ചേർക്കുന്നതിന് നിശബ്ദതയിൽ ഊന്നിയ പ്രശാന്തത അത്യാവശ്യമാണ്. ജീവിതം സംഘർഷപൂരിതമാകുന്പോൾ നമ്മെത്തന്നെ നിയന്ത്രിക്കുന്ന പെരുമാറ്റരീതി, പ്രശാന്തവും നിശബ്ദവുമായ അന്തരീക്ഷം തേടിപ്പോകുന്പോഴാണ് നമുക്ക് കൈവരിക്കാൻ സാധിക്കുന്നത്.
അദൃശ്യമായ ഒരു ശക്തി പ്രശാന്തതയ്ക്ക് ഉണ്ട്. പ്രകൃതിയിൽ തന്നെ നിരീക്ഷിച്ചാൽ പ്രശാന്തതയിൽ പലതും നടക്കുന്നു. സന്ധ്യ അണയുന്നതും പുലരി വിരിയുന്നതും പ്രശാന്തതയിലാണ്. മഞ്ഞ് പൊഴിയുന്നതും സൂര്യരശ്മികൾ ചരിക്കുന്നതും നിശബ്ദതയിലാണ്. ആഴിയുടെ അടിത്തട്ട് സജീവമാണെങ്കിലും നിശബ്ദമാണ്. ആലക്തിത തരംഗങ്ങൾ ഒരു പ്രദേശത്തു നിന്ന് മറ്റൊന്നിലേയ്ക്ക് പ്രവഹിക്കുന്നതും നിശബ്ദമായി തന്നെ. ഇവയൊക്കെയേക്കാൾ അത്ഭുതകരമാണ് ഒരു മനസിൽ നിന്ന് മറ്റൊരു മനസിലേക്കുള്ള ചിന്താപ്രവാഹം. അതും നിശബ്ദമായി നടക്കുന്നു.
മോണ്ടിസോറി സ്കൂൾ പഠനരീതിയിൽ നിശബ്ദതയുടെ പ്രാധാന്യത്തെ കണക്കിലെടുക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം പഠിപ്പിക്കുന്നതിന് മുന്പ് കുട്ടികൾ നിശബ്ദത പാലിക്കണമെന്ന് നിഷ്കർഷിക്കുന്നു. അതിനു നിശബ്ദതയുടെ പാഠമെന്നു പറയുന്നു. നിശബ്ദതയിൽ ചുറ്റിലും കേൾക്കുന്ന കാര്യങ്ങൾക്ക് കാതോർക്കാനുള്ള ഈ പരിശീലനത്തിലൂടെയാണ് പെരുമാറ്റച്ചട്ടത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ ഹൃദിസ്ഥമാക്കുന്നത്. ദിവസവും കുറേനേരം നിശബ്ദമായിരിക്കുവാൻ ശ്രമിക്കുക. ആ നിശബ്ദതയ്ക്കു ശേഷം അടുത്തയിടെയുണ്ടായ നമ്മുടെ ഒരു പെരുമാറ്റരീതിയെപ്പറ്റി വിചിന്തനം ചെയ്യുക. എന്തെല്ലാം മാറ്റങ്ങൾ ആ പെരുമാറ്റ രീതിയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് അപ്പോൾ മനസിൽ തെളിഞ്ഞു വരും. അങ്ങനെ നമ്മുടെ പെരുമാറ്റ രീതിയെത്തന്നെ സ്ഫുടം ചെയ്യുവാനുള്ള അവസരങ്ങൾ നമുക്ക് ദിവസേന ഉണ്ടാകണം.
നമ്മുടെ പ്രതിച്ഛായ വെളിപ്പെടുത്തുന്ന കണ്ണാടി അഴുക്ക് മൂടിയിരുന്നാൽ ഉണ്ടാകുന്ന അനുഭവമെന്താണ്? അവ്യക്തവും വികലവുമായ രൂപമായിരിക്കും അപ്പോൾ നാം കാണുന്നത്. നമുക്കപ്പോൾ അമർഷവും അതൃപ്തിയുമുണ്ടാകാം. ചെയ്യേണ്ടത് കണ്ണാടി വെടിപ്പായി സൂക്ഷിക്കുകയാണ്. അതുപോലെ നമ്മുടെ മനസിന്റെ അവസ്ഥയെ ആശ്രയിച്ചാണ് നമ്മുടെ പെരുമാറ്റങ്ങളും. നമ്മുടെ മാനസികാവസ്ഥയാണ് നല്ല പെരുമാറ്റ രീതികളുടെ അടിസ്ഥാനം. പ്രസാദാത്മക വീക്ഷണം നമുക്കുണ്ടായാൽ ജീവിതത്തിൽ ഏത് വ്യാപാരത്തിലും നല്ല പെരുമാറ്റം പ്രദർശിപ്പിക്കാൻ നമുക്ക് സാധിക്കും. മനസ് കന്മഷവും അസൂയാ കലുഷിതവുമാണെങ്കിൽ നല്ലതിന് പകരം തീയതായ പെരുമാറ്റങ്ങളെ നമ്മിൽ നിന്നുണ്ടാവുകയുള്ളൂ.
ഒരു വലിയ സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് സ്ഥലത്തുണ്ടായ സംഭവം ഇവിടെ പ്രസക്തമാണ്. തിരക്കുള്ള ദിവസങ്ങളിൽ കാറ് പാർക്ക് ചെയ്യുക പ്രയാസമാണല്ലോ. വിശാലമായ പാർക്കിംഗ് സ്ഥലം ഉണ്ടെങ്കിലും അവിടെ സൂചി കുത്താൻ പോലും ഇടം ലഭിക്കാത്ത ഒരു ദിവസം. പച്ചപ്പരിഷ്കാരിണിയായ ഒരു മധ്യവയസ്ക വിലപിടിപ്പുള്ള ഒരു കാറുമായി സൂപ്പർമാർക്കറ്റിൽ എത്തി. പാർക്കിംഗിന് ഇടം തേടി ഒന്നുരണ്ടു വട്ടം അവർ ചുറ്റിക്കറങ്ങി. മനം മടുത്തും നിരാശപ്പെട്ടും നിൽക്കുന്പോൾ ഒരാൾ വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ ഭാണ്ധവും പേറി അയാളുടെ കാറിനെ സമീപിക്കുന്നത് കണ്ടു. സാധനങ്ങൾ ഡിക്കിയിൽ വെച്ചിട്ട് കാറെടുത്ത് തിടുക്കത്തിൽ അയാൾ യാത്രയായി. നമ്മുടെ മധ്യവയസ്ക ഒട്ടും വൈകാതെ ഒഴിവു വന്ന സ്ഥലത്ത് പാർക്ക് ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴതാ മറ്റൊരു കാറുമായി ഒരു ചെറുപ്പക്കാരൻ എവിടെ നിന്നോ പാഞ്ഞുവന്ന് ആ സ്ഥലം കൈയടക്കി. എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ മാർക്കറ്റിന് ഉള്ളിലേക്ക് നടന്നു നീങ്ങി. അരിശം കൊണ്ട് കലി തുള്ളിയ ആ സ്ത്രീ ഉച്ചത്തിൽ അയാളെ വിളിച്ച് തട്ടിക്കയറി. ‘ഹേ മനുഷ്യാ, ഞാൻ ആ സ്ഥലത്തിന് വേണ്ടി കാത്തു നിൽക്കുകയായിരുന്നുവെന്ന് നിനക്ക് കാണാൻ പാടില്ലായിരുന്നുവോ?’ സാഹസികനും ധിക്കാരിയുമായ ആ യുവാവ് മറുപടി നൽകി. ‘മാഡം, ചെറുപ്പവും കൈവേഗവുമുണ്ടെങ്കിൽ ഇങ്ങനെയൊക്കെയാണ്.’ ആ സ്ത്രീ ക്ഷണത്തിൽ അവരുടെ കാർ ചലിപ്പിച്ച് അയാളുടെ കാറിന്റെ പിൻവശം ഇടിച്ചു ചളുക്കി. ഇപ്പോൾ അരിശപ്പെട്ടത് ആ യുവാവാണ്. അയാൾ ചോദിച്ചു. ‘ഹേ സ്ത്രീ, നിങ്ങൾ എന്താണ് ചെയ്യുന്നത്?’ ഉരുളയ്ക്ക് ഉപ്പേരി എന്നതുപോലെ അവർ ഉത്തരം നൽകി. ‘പ്രായവും പണവും ഒത്തുചേർന്നാൽ ഇങ്ങനെയുമാവാം, മോനേ.’ ഈ സംഭവവും അവർ തമ്മിൽ നടന്ന സംഭാഷണവും അടുത്ത് നിന്നവരിൽ ചിരിയും പുച്ഛവും ഉണർത്തി. അൽപമൊന്ന് ക്ഷമിക്കാനുള്ള വിമുഖതയാണല്ലോ, വാക്കേറ്റത്തിനും സാഹസികതയ്ക്കും കാരണമാക്കിയത്.
നമ്മുടെ സമൂഹത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങളും സംഘർഷങ്ങളും ചിന്താശൂന്യവും ക്ഷിപ്രജന്യവുമായ ഇത്തരം പെരുമാറ്റത്തിൽ നിന്ന് ഉളവാകുന്ന സംഭവങ്ങളാണ്. രൂക്ഷമായ പെരുമാറ്റത്തിനും പ്രതികാരത്തിനും പകരം ഒരു ചെറിയ ക്ഷമാപണത്തിന് സന്നദ്ധമായാൽ അനവധി സംഘട്ടനങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷെ, അതിന് മുതിരാത്തത് നമ്മിൽ കടന്നുകൂടിയിരിക്കുന്ന വികലമായ പെരുമാറ്റങ്ങളുടെ കൂന്പാരങ്ങളാണ്. കുടുംബങ്ങളിലെ അസ്വാസ്ഥ്യങ്ങൾക്ക് പിന്നിലും കാരണമതു തന്നെ.
പെരുമാറ്റച്ചട്ടങ്ങൾ നന്നേ ചെറുപ്പത്തിൽ തന്നെ മനസിലാക്കി പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന കുട്ടികൾ അവരുടെ പിൽക്കാല ജീവിതത്തിൽ അത്തരം നല്ല പെരുമാറ്റങ്ങളെ മറന്ന് പ്രവർത്തിക്കുകയില്ല. എന്ത് ചോദിച്ചാലും ‘എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റുകയുള്ളൂ’ എന്ന് പ്രതികരിക്കുന്ന ഒരു പന്ത്രണ്ടാം ക്ലാസുകാരനെ ഞാൻ ഈയിടെ കണ്ടു. സാമാന്യം വേണ്ട ദുശ്ശീലങ്ങളൊക്കെയുള്ള അയാളോട് ഒരു അഞ്ചാറ് മേഖലകളിൽ തിരുത്തലുകൾ വേണമെന്ന എന്റെ നിർദേശത്തോട് അയാൾക്കുള്ള മറുപടിയായിരുന്നു, ‘എന്നെക്കൊണ്ട് ഇതൊക്കെയേ പറ്റുകയുള്ളൂ.’ അയാളെ മാറ്റിനിറുത്തി അയാളുടെ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ, മകനിൽ നല്ല പെരുമാറ്റമുണ്ടാകേണ്ടതിന് മാതാപിതാക്കൾ കുറേക്കൂടെ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, അച്ഛന്റെ മറുപടി, ‘ഞങ്ങളെക്കൊണ്ട് ഇതൊക്കെയേ പറ്റുകയുള്ളൂ, സാറേ!’ പഠിച്ചതേ പാടൂ.
നല്ല പെരുമാറ്റത്തിന് ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ
1. പറയുന്ന വാക്കുകൾ സൂക്ഷിക്കുക; അങ്ങനെയെങ്കിൽ പിന്നീട് അവ വിഴുങ്ങേണ്ടി വരികയില്ല.
2. വസ്തുതകൾ ശാന്തമായി വിലയിരുത്തുവാൻ ക്ഷമാശീലം പരിശീലിക്കുക.
3. തമ്മിൽ തർക്കമുയരുന്പോൾ സമചിത്തതയും മര്യാദയും കൈവിടാതെ സൂക്ഷിക്കുക. ഏത് അടവും പ്രയോഗിച്ച് അപരനെ പരാജയപ്പെടുത്താമെന്ന സങ്കുചിത ചിന്തയെ അതിജീവിക്കുക.
4. വിവാദവും ഭിന്നതയുമുണ്ടായാൽ ആദ്യം ക്ഷമ ചോദിക്കുന്നത് നിങ്ങൾ ആയിരിക്കട്ടെ.
5. ക്ഷമാപണം വാക്കിൽ ഒതുക്കാതെ ഏതെങ്കിലും പ്രവർത്തിയിൽ വെളിപ്പെടുത്തുവാൻ ശ്രമിക്കുക.
6. ആരെങ്കിലും നിങ്ങളെ വിഷമിപ്പിക്കുകയോ നൊന്പരപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഈശ്വരനായിരിക്കട്ടെ പരിഹാരകൻ.
7.ആർക്കും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെയിരിക്കുക.
8. സമാധാനത്തിന്റെ പ്രചാരകനാകാൻ പരിശ്രമിക്കുക.
രക്തത്തിൽ അലിഞ്ഞു ചേർന്ന നല്ല പെരുമാറ്റരീതികൾ തലമുറകളിലേക്ക് പകരപ്പെടുമെന്നതിൽ സംശയിക്കേണ്ടാ! നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.