വൃദ്ധരെ ചേർത്തുപിടിച്ച് ഷാർജ; കെട്ടിടങ്ങളും വാഹനങ്ങളും പ്രായമായവരുടെ സൗകര്യത്തിനനുരിച്ച് മാറ്റം വരുത്തുന്നു

വയോജന സൗഹൃദ നഗര പരിപാടിയുമായി ഷാർജ. ഇതിന്റെ ഭാഗമായി ഇതിനോടകം 46 പദ്ധതികൾക്ക് തുടക്കമിട്ടു. പ്രായമുള്ളവർക്ക് ആഗോള നിലവാര സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. 2021-2023 ഷാർജ വയോജന സൗഹൃദ നഗര പരിപാടി പ്രകാരം വിവിധ സർക്കാർ സ്ഥാപനങ്ങൾ 46 പ്രവർത്തനങ്ങൾ ഏറ്റെടുത്തു. പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം പ്രായമായവരുടെ സൗകര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തും. വിവിധ കമ്മ്യൂണിറ്റികളുടേയും ആരോഗ്യ മേഖലയുടേയും പിന്തുണയോടെയായിരിക്കും പ്രവർത്തനങ്ങൾ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോവുക. ലോകാരോഗ്യ സംഘടനയുടെ ശൃംഖലയിൽ ചേരുന്നതിലൂടെ പ്രായമായവർക്ക് മതിയായ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ സാധിക്കും. പദ്ധതിയിലൂടെ പ്രായമായവർക്കിടയിൽ ക്രിയാത്മക ആശയങ്ങൾ പ്രചരിപ്പിക്കുകയും ഒപ്പം അവരുടെ കഴിവുകളും അനുഭവവും മികച്ച രീതിയിൽ ഉപയോഗിക്കുകയും ചെയ്യും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ഡോ. ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മാന്യമായ ഉപജീവനമാർഗങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.