യുഎഇയില്‍ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം
അബുദാബി: യുഎഇയില്‍ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭിക്കുമെന്ന് ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തു. നിരവധി തവണ രാജ്യം വിട്ടുപോയി മടങ്ങിവരാവുന്ന തരത്തില്‍ ദീര്‍ഘകാല കാലാവധിയുള്ള വിസകളായിരിക്കും ഇത്തരത്തില്‍ അനുവദിക്കുക. വിസയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും നീണ്ട കാലാവധിയുള്ളതും പ്രത്യേക ഗ്യാരന്റര്‍ ആവശ്യമില്ലാത്തതുമായ വിസയായിരിക്കും അനുവദിക്കുകയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓരോ തവണ രാജ്യത്ത് പ്രവേശിക്കുന്പോഴും 90 ദിവസം വരെ തങ്ങാനാവും. ആവശ്യമെങ്കില്‍ പിന്നീട് വീണ്ടും 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. ഇങ്ങനെ എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

