കൊവിഡ് വാക്‌സിൻ മൂന്നാം ഘട്ടത്തിലേക്ക്; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി യുഎഇ
അബുദാബി: കൊവിഡ് 19 മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാൽ വാക്‌സിന്‍ വൻ തോതിൽ നിർമ്മിക്കാൻ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
കൊവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുകയാണ്. പഠനത്തിനും പരീക്ഷണത്തിനുമായി 15,000ത്തിലധികം വാളണ്ടിയർമാരെ കണ്ടെത്തിയെന്നും ഇവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മാനദണ്ധങ്ങളും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ഗവേഷണത്തിനായി ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച നിലവാരം പിന്തുടരുമെന്നും ഈ ഘട്ടത്തിൽ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടാൽ പരിശോധന വിജയിച്ചതായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

