കോവിഡ് വെല്ലുവിളികൾ പൂർണമായും മാറാതെ വിമാന സർവീസുകൾ പുനരാരംഭിക്കില്ല

ദുബൈ: കോവിഡ് വെല്ലുവിളികൾ പൂർണമായും മാറാതെ വിമാന സർവീസുകൾ പുനരാരംഭിക്കാനാവില്ലെന്ന് ദുബൈ എയർപോർട്സ് സിഇഒ: പോൾ ഗ്രിഫിത്‌സ് വ്യക്തമാക്കി. യാത്രക്കാർക്ക് ആശങ്കകളില്ലാതെ യാത്ര ചെയ്യാൻ സാഹചര്യമുണ്ടാകണം. കോവിഡിനു ഫലപ്രദ വാക്സിൻ കണ്ടെത്തുംവരെ പൂർണതോതിലുള്ള വ്യോമഗതാഗതം സാധ്യമാകില്ലെന്നും വ്യക്തമാക്കി.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ആവശ്യങ്ങൾക്ക് അനുസൃതമായി സർവീസ് നടത്താനാവാത്ത സാഹചര്യമാണ് ഓരോ രാജ്യവും നേരിടുന്നത്.
കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ദുബൈ വിമാനത്താവളം പ്രവർത്തിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ ടീമിനാണു ചുമതല. അകലം പാലിക്കാനുള്ള മുൻകരുതലും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.