ഗർഭിണികൾക്ക് കൂടുതൽ സീറ്റ് അനുവദിക്കും

ദുബൈ: അടുത്ത ആഴ്ചമുതൽ കേരളത്തിലേക്കുള്ള വിമാനങ്ങളിൽ ഗർഭിണികൾക്ക് കൂടുതൽ ടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ അധികൃതർ. ഇതിനുള്ള നടപടികളും ആരംഭിച്ചതായി ദുബൈ ഇന്ത്യ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. 32 മുതൽ 34 ആഴ്ച വരെ ഗർഭമുള്ളവർക്കാണ് ഇപ്പോൾ മുൻഗണന നൽകി കൊണ്ടുപോകുന്നത്. പക്ഷേ ജോലി നഷ്ടപ്പെട്ടവർ, വിസ കാലാവധി മുടങ്ങിയവർ, വയോധികർ തുടങ്ങിയവരെക്കൂടി ഒരോ വിമാനത്തിലും പരിഗണിക്കേണ്ടതിനാൽ കൂടുതൽ ഗർഭിണികളെ ഉൾപ്പെടുത്താൻ കഴിയുന്നില്ല. അടുത്ത വിമാനങ്ങളിൽ കൂടുതൽ ഗർഭിണികൾക്ക് അവസരം നൽകാനാണ് തീരുമാനം.
അടുത്ത വിമാനത്തിൽ തൊണ്ണൂറോളം ഗർഭിണികളെ കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ട്. ഇവർക്കൊപ്പം ഒരാൾക്കു കൂടി പോകാനും അവസരം നൽകും. എംബസിയിൽ റജിസ്റ്റർ ചെയ്തവരിൽ യുഎഇയിൽ ആകെ 6500ൽ അധികം ഗർഭിണികളുണ്ട്. ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. സീറ്റ് ദുരുപയോഗം തടയാൻ ഗർഭാവസ്ഥ തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഇനി പരിഗണിച്ചേക്കുമെന്നും വിപുൽ അറിയിച്ചു. വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ കൂടുതൽ വിമാന സർവീസുകളുണ്ട്. കൂടുതൽ വിമാനസർവീസുകൾ വരുന്നതോടെ പ്രശ്നങ്ങൾ കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.