ആദ്യ യു.എ.ഇ ബഹിരാകാശ യാത്രികൻ സെപ്റ്റംബർ 25 ന് പറന്നുയരും

ആദ്യ യു.എ.ഇ. ബഹിരാകാശ യാത്രികൻ സെപ്റ്റംബർ 25ന് പറന്നുയരും. ഇന്റർനാഷണൽ സ്പേസ് േസ്റ്റഷനിലേക്കാണ് എട്ട് ദിവസം നീണ്ടുനിൽക്കുന്ന ബഹിരാകാശ യാത്ര നടത്തുക. യു.എ.ഇ സ്വദേശികളായ ഹസ അൽ മൻസൂരി, സുൽത്താൻ അൽ നെയാദി എന്നിവരിൽ നിന്ന് ഒരാളടക്കം മൂന്നുപേരാണ് ദൗത്യ സംഘത്തിലുള്ളത്.
ദി സോയസ് എം.എസ് 15 എന്ന ബഹിരാകാശവാഹനത്തിൽ സെപ്റ്റംബർ 25ന് യാത്രയാരംഭിച്ച് ഒക്ടോബർ മൂന്നിന് തിരിച്ചെത്തും. ബഹിരാകാശദൗത്യത്തിന്റെ തീയതി പ്രഖ്യാപനം തന്നെ മുഴുവൻ അറബ് ലോകത്തിന്റെയും ചരിത്രത്തിലെ നാഴികക്കല്ലായ മുഹൂർത്തമാണ്. ശാസ്ത്രത്തിലും ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലുമെല്ലാം പൂർവപിതാമഹന്മാർ തുറന്നിട്ട പാതയാണ് ഈ വലിയ നേട്ടത്തിലേക്ക് യു.എ.ഇ യുവത്വത്തെ നയിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ യൂസഫ് അഹമ്മദ് അൽ ഷൈബാനി പത്രസമ്മേളനത്തിൽ പറഞ്ഞു.