ഫുഡ് സപ്ലിമെന്റുകളിലും മരുന്നുകളിലും ബാക്ടീരിയ : മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
അബുദാബി : ചില മരുന്നുകൾക്കും ആഹാര സാധനങ്ങൾക്കുമെതിരെ മുന്നറിയിപ്പുമായി ഹെൽത്ത് ആൻഡ് പ്രിവൻഷൻ മന്ത്രാലയം. രക്തസമ്മർദം കുറയൽ, ഉത്കണ്ഠ, മുൻകോപം, ഭയം, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പാർശ്വ ഫലങ്ങളാണ് ഇത്തരത്തിലുള്ള മരുന്നുകളും ആഹാര വസ്തുക്കളും ഉണ്ടാക്കുന്നത്.
ഗർഭനിരോധനത്തിനും അപസ്മാരരോഗത്തിനുമുള്ള ചില മരുന്നുകൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായും മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു. സുരക്ഷാ മാനദണ്ധങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട മരുന്നുകൾ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ ഈയിടെ മന്ത്രാലയം നിരോധിച്ചിരുന്നു. നെഞ്ചെരിച്ചിലും അസിഡിറ്റിയും പരിഹരിക്കാനായി ഉപയോഗിച്ച മരുന്നുകളിലും ചില ഫുഡ് സപ്ലിമെന്റുകൾ ഉപയോഗിച്ചവരിലും ഗുരുതരമായ പാർശ്വ ഫലങ്ങളും കണ്ടെത്തി.
സാൽമോണല്ല ബാക്ടീരിയ അടങ്ങിയതായും കണ്ടെത്തിയിരുന്നു. നിയമാനുസൃതമല്ലാത്തതും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതുമായ മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ, ഭക്ഷ്യ അനുബന്ധങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ പൊതു ജനങ്ങൾക്കു മന്ത്രാലയം പബ്ലിക് ഹെൽത്ത് പോളിസി ആൻഡ് ലൈസൻസിംങ് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയാണ് മുന്നറിയിപ്പു നൽകിയത്.

