ലുലു ഗ്രൂപ്പ് റീബ്രാൻഡഡ് പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു
അബുദാബി : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യ മേളകളിലൊന്നായ സിയാൽ 2017ൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ റീബ്രാൻഡ് ചെയ്ത് ലുലു ഗ്രൂപ്പ് അവതരിപ്പിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായദ് അൽ നഹ്യാനാണ് ഇവ വിപണിയിലിറക്കിയത്. കഴിഞ്ഞ പത്ത് വർഷത്തോളമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ബ്രാൻഡാണ് ലുലു പ്രൈവറ്റ് ലേബൽ.
ഗുണനിലവാരം നിരന്തരമായി പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്തതിന്റെ ഫലമായി ലുലു ഉൽപ്പന്നങ്ങൾക്ക് മികച്ച പ്രതികരണമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പറഞ്ഞു. ഫ്രോസൺ, അരി, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെയായി മുപ്പതോളം വ്യത്യസ്ത കാറ്റഗറികളിൽ നാനൂറിലധികം ഉൽപ്പന്നങ്ങളും ലുലു ബ്രാൻഡിലുണ്ട്. നാൽപതോളം രാജ്യങ്ങളിലെ മികച്ച കന്പനികളിൽ നിന്നാണ് ഇവ സമാഹരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ലുലു ബ്രാൻഡിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പുതിയ പദ്ധതികൾ പുരോഗമിക്കുകയാണ്.

