യു.എ.ഇയിലെ ഇന്ധന വിലയിൽ നേരിയ വർദ്ധന
ദുബൈ : യു.എ.ഇയിലെ ഇന്ധന വിലയിൽ നേരിയ വർദ്ധന. പെട്രോൾ ലിറ്ററിന് മൂന്ന് ഫിൽസും, ഡീസലിന് നാല് ഫിൽസും വർദ്ധിക്കും. നാളെ അർദ്‍ധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഊർജ്‍ജമന്ത്രാലയത്തിന് കീഴിലെ ഇന്ധന വില നിർണയ സമിതിയാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. എല്ലായിനം പെട്രോളിനും ലിറ്ററിന് മൂന്ന് ഫിൽസ് വീതം വില വർദ്‍ധിക്കുമെങ്കിലും ഈ വർഷം ജനുവരി മുതൽ ജൂൺ വരെ നിലവിലുണ്ടായിരുന്ന നിരക്കിനേക്കാൾ താഴെ മാത്രമേ പെട്രോൾ വില എത്തുകയുള്ളു. ജൂലൈയിൽ ലിറ്ററിന് ഒരു ദിർഹം 86 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന്റെ വില ഒരു ദിർഹം 89 ഫിൽസായി ഉയരും.
സ്പെഷ്യൽ പെട്രോളിന്റെ വില ഒരു ദിർഹം 75 ഫിൽ സിൽ നിന്ന് ഒരു ദിർഹം 78 ഫിൽസായി വർദ്ധിക്കും. ഇ പ്ലസ് പെട്രോളിന്റെ വില ഒരു ദിർഹം 68 ഫിൽസിൽ നിന്ന് ഒരു ദിർഹം 71 ഫിൽസായും വർദ്ധിക്കും.
ലിറ്ററിന് ഒരു ദിർഹം 84 ഫിൽസ് വിലയുണ്ടായിരുന്ന ഡീസലിന്റെ നിരക്ക് ഒരു ദിർഹം 88 ഫിൽസാകും. ഈ വർഷം മാർച്ചിലാണ് പെട്രോളിന് ഏറ്റവും കൂടുതൽ വില വർധിച്ചത്. ലിറ്ററിന് രണ്ട് ദിർഹം 3 ഫിൽസ് വരെ വർദ്‍ധിച്ചിരുന്നു.

