രണ്ടാമത് സ്വദേശി ഈത്തപ്പഴ മേളയ്ക്ക് ഖത്തറിൽ തുടക്കമായി
ദോഹ : രണ്ടാമത് സ്വദേശി ഈത്തപ്പഴമേളയ്ക്ക് ഖത്തറിൽ തുടക്കമായി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ശരാശരി 8 ടൺ ഈത്തപ്പഴങ്ങളാണ് ദിവസവും ഇവിടെ വിറ്റഴിക്കപ്പെടുന്നത്. സൂഖ് വാഖിഫിൽ നടക്കുന്ന മേളയിൽ മുൻവർഷത്തെക്കാൾ കൂടുതൽ കർഷകർ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ 57 തോട്ടങ്ങളാണ് ഇത്തവണത്തെ മേളയിൽ അണിനിരന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടങ്ങളിൽ നിന്നെത്തിച്ച തദ്ദേശീയമായ നാലിനം ഈത്തപ്പഴങ്ങളാണ് രണ്ടാമത് സ്വദേശി ഈത്തപ്പഴമേളയിൽ വിൽപ്പനയ്ക്കുള്ളത്. സൂഖ് വാഖിഫിൽ ഒരുക്കിയ വിശാലമായ കൂടാരത്തിൽ ദിനേനെ എട്ട് ടൺ ഈത്തപ്പഴങ്ങൾ വിറ്റഴിക്കപ്പെടുന്നതായി ഖത്തർ വാണിജ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ഓഫീസർ ബർഗാഷ് അൽ നഈമി പറഞ്ഞു.
മേളയിൽ പങ്കെടുക്കുന്ന കർഷകരുടെയും സന്ദർശകരുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ വർദ്ധനയുണ്ട്. മുനിസിപ്പൽ കാർഷിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രദർശനത്തിന് മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ രാജ്യത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്റെയും, സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രതിഫലനം മേളയിൽ കാണാവുന്നതാണ്.

