ഫുട്ബോൾ മാന്ത്രികന് ഇന്ന് 80-ാം പിറന്നാൾ

ഫുട്ബോൾ മാന്ത്രികൻ പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാൾ. ഭൂപടങ്ങളും അതിർത്തികളും മായ്ച്ച് ലോകജനത നെഞ്ചിലേറ്റിയ ഇതിഹാസതാരം ബ്രസീലിലെ വീട്ടിൽ പിറന്നാൾ ആഘോഷിക്കുന്നത്. എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ മൂന്ന് ലോകകപ്പുകൾ നേടിയ ഏകതാരമാണ്. ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിലുടനീളം ഗോളുകളടിക്കുന്നത് ഹരമാക്കി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ. 92 മത്സരങ്ങളിൽ 77 ഗോളുകൾ. ക്ലബ്ബ് കരിയറിൽ ബ്രസീലിലെ സാന്റോസ്, ന്യൂയോർക്ക് കോസ്മോസ് ടീമുകൾക്കുവേണ്ടി 1363 കളികളിൽ 1281 ഗോളുകൾ. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.
1957-ൽ ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിച്ചു. 1971-ൽ ദേശീയടീമിൽനിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബിൽ കളിച്ചത്. 1975 മുതൽ രണ്ട് വർഷം ന്യൂയോർക്ക് കോസ്മോസിൽ. ബൂട്ടഴിച്ചശേഷവും പൊതുരംഗങ്ങളിൽ സജീവം.
ബ്രസീലിൽ വിശ്രമത്തിലാണിപ്പോൾ പെലെ. നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞവർഷം പാരീസിലേക്ക് പോയിരുന്നു. ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയ്ക്കൊപ്പം ഒരു പ്രൊമോഷണൽ ഇവന്റിൽ പങ്കെടുത്തു. എന്നാൽ, വൃക്കസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് പാരീസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങി.അരക്കെട്ടിലെ ശസ്ത്രക്രിയയെത്തുടർന്ന് നടക്കാൻ ബുദ്ധിമുട്ടായി. വീൽചെയറിന്റെ സഹായം വേണ്ടിവന്നു. മൂത്രാശയ അണുബാധയെത്തുടർന്ന് തുടർച്ചയായ ഡയാലിസിസും വേണ്ടിവന്നിരുന്നു.