കൊറോണ ഭീതി: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം റദ്ദാക്കി
മുംബൈ: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജൂൺ ജൂലൈ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം ഉപേക്ഷിച്ചു. പരന്പരയുമായി മുന്നോട്ടു പോവാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് ബിസിസിഐ വ്യക്തമാക്കി. ജൂണിലും ജൂലൈയിലുമായി ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20യുമായിരുന്നു ഇന്ത്യ കളിക്കേണ്ടിയിരുന്നത്.
മത്സരത്തിന്റെ തീയതികൾ തീരുമാനിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ പരന്പരയുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇക്കാര്യം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ പരന്പര നടത്താവുന്നതാണെന്നും ധുമാൽ പറഞ്ഞു.
കൊവിഡിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ പരിശീലനം പോലും പുനരാരംഭിക്കാത്ത സാഹചര്യത്തിൽ പരന്പര ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഇന്ത്യയിൽ ഇതുവരെ 8000ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്താണ്.
അതേസമയം, ഈ വർഷത്തെ ഏഷ്യാ കപ്പിന് ശ്രീലങ്ക വേദിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. ഏഷ്യ കപ്പിന് ആതിഥ്യം വഹിക്കാൻ തയാറാണെന്ന ശ്രീലങ്കയുടെ നിർദേശത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.

