ഹാമിൽട്ടണിൽ ഇന്ത്യയ്ക്ക് സഡൻ ഡെത്ത്: കീവീസ് ജയം 8 വിക്കറ്റിന്

ഹാമിൽട്ടൺ: ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ് പരന്പര കൈവിട്ട ന്യൂസീലൻഡിന് ഹാമിൽട്ടണിൽ എട്ട് വിക്കറ്റിന്‍റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ 92ൽ ചുരുട്ടിക്കെട്ടിയ കിവികൾ 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയത്തിലെത്തി. ഗപ്റ്റിലിനെയും(14) വില്യംസണിനെയും(11) നഷ്ടമായെങ്കിലും ടെയ്‌ലറും(37) നിക്കോൾസും(30) കിവികൾക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. ഭുവിയാണ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയത്.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍റ് ബോൾട്ടടക്കമുള്ള കിവീസ് ബൗളർമാർ സംഹാരതാണ്ധവം പുറത്തെടുത്തപ്പോൾ നാലാം ഏകദിനത്തിൽ ഇന്ത്യ 30.5 ഓവറിൽ 92 റൺസിൽ പുറത്തായി. വാലറ്റത്ത് 18 റൺസെടുത്ത് പൊരുതിയ യുസ്‌വേന്ദ്ര ചഹലാണ് ടോസ് സ്‌കോറർ. നാല് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ബോൾട്ട് 10 ഓവറിൽ 21 റൺസിന് അഞ്ചും ഗ്രാൻഡ്‌ഹോം 26ന് മൂന്നും വിക്കറ്റ് വീഴ്‌ത്തി. ആഷിലും നീഷാനും ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.
ഇന്ത്യക്ക് തുടക്കത്തിലെ 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ശിഖർ ധവാൻ(13), രോഹിത് ശർമ്മ(7), അന്പാട്ടി റായുഡു(0), ദിനേശ് കാർത്തിക്(0), ഗിൽ(9), കേദാർ ജാദവ്(1), ഭുവനേശ്വർ കുമാർ(1) ഹർദ്‍ദിക് പാണ്ധ്യ(16), കുൽദീപ് (15), ഖലീൽ അഹമ്മദ്(5) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ സ്‌കോർ. യുസ്‌വേന്ദ്ര ചാഹൽ 37 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്നു.