സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച പ്രതിരോധ കപ്പൽ ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി

സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പലായ ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി. ജിദ്ദ ഗവർണറേറ്റിലെ വെസ്റ്റേൺ ഫ്ലീറ്റിലെ കിങ് ഫൈസൽ നേവൽ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ വികസിപ്പിക്കുന്നതിനുള്ള ‘സറാവത്’ പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന നാലാമത്തെ കപ്പലാണിത്. പ്രതിരോധ സാമഗ്രി നിർമാണ വ്യവസായം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് കപ്പൽ പുറത്തിറക്കിയത്. മുഴുവൻ ജീവനക്കാരോടൊപ്പം മന്ത്രി കപ്പലിൽഡോക്ക്യാർഡിലും കടലിലുമായി സമഗ്ര പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് ഔദ്യോഗിക നീറ്റിലിറക്കൽ നിർവഹിച്ചത്. കിങ് ഫൈസൽ നേവൽ ബേസിൽ എത്തിയ പ്രതിരോധ മന്ത്രിയെ ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി, റോയൽ സൗദി നേവൽ ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗുഫൈലി എന്നിവർ സ്വീകരിച്ചു. ‘ജലാലത്ത് അൽമലിക് ജാസാൻ’ കപ്പൽ നാവികസേനയുടെ ശക്തിയും മേഖലയിലെ സമുദ്രസുരക്ഷയും വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുപ്രധാനവും തന്ത്രപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്ന് സ്വാഗതപ്രസംഗത്തിൽ നാവികസേന മേധാവി ലെഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗുഫൈലി പറഞ്ഞു.
ഈ കപ്പലിന്റെ പ്രതിരോധ ശേഷി പൂർണമായി തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചതാണ്. കപ്പലിന്റെ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത കരയിലും വെള്ളത്തിലും വെച്ച് അതിസൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി. വായു, ഭൗമോപരിതല ലക്ഷ്യങ്ങളിലേക്ക് ലൈവ് ഷൂട്ടിങ് നടത്താനുള്ള സംവിധാനവും പരിശോധിച്ചതിലുൾപ്പെടും. സറാവത് പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന കപ്പലുകൾ ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക സംവിധാനത്തിൽ വികസിപ്പിക്കുന്നവയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഹസം’ എന്ന ആദ്യത്തെ യുദ്ധ മാനേജ്മെൻറ് സംവിധാനം പുതിയ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും നാവികസേന മേധാവി പറഞ്ഞു.
സായുധസേനക്ക് പൊതുവെയും നാവികസേനക്ക് പ്രത്യേകിച്ചും എല്ലാ സൈനിക സേനകളുടെയും പരമോന്നത കമാൻഡർ കൂടിയായ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പരിധിയില്ലാത്ത പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാവികസേനയിൽ ഔദ്യോഗികമായി ചേർന്നതിന്റെ അടയാളമായി പുതിയ കപ്പലിൽ പ്രതിരോധ മന്ത്രി സൗദി ദേശീയപതാക ഉയർത്തി. കപ്പലിലെ റഡാറുകളും വിസിലുകളും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും തുടർന്ന് പ്രവർത്തനക്ഷമമാക്കി. ശേഷം മന്ത്രി കമാൻഡ് ടവറിലെത്തി എല്ലാം കണ്ടു. ചടങ്ങിനൊടുവിൽ കപ്പലുമായി ബന്ധപ്പെട്ട നാവികസേനയുടെ ചരിത്ര പുസ്തകത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരോടൊപ്പം നിന്ന് ഗ്രൂപ് ഫോട്ടോയും എടുത്തു. നാവികസേന മേധാവി പ്രതിരോധ മന്ത്രിക്ക് സുവനീർ സമ്മാനിച്ചു.
sdfsf