സൗദി സാംസ്കാരിക ഉപമന്ത്രി ഇന്ത്യൻ വിദേശകാര്യ, സാംസ്കാരിക സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സൗദി സാംസ്കാരിക ഉപമന്ത്രി റാഖാൻ ബിൻ ഇബ്രാഹിം അൽതൗഖും ഇന്ത്യൻ വിദേശകാര്യ, സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയും കൂടിക്കാഴ്ച നടത്തി. ജി20 സാംസ്കാരിക മന്ത്രിമാരുടെ മന്ത്രിതല യോഗത്തിൽ സൗദിയെ പ്രതിനിധീകരിച്ച് ഇന്ത്യയിലെത്തിയപ്പോൾ വാരാണസിയിൽ വെച്ചാണ് ഇരുമന്ത്രിമാരും പരസ്പരം കണ്ട് ചർച്ച നടത്തിയത്. ജി20 യോഗത്തിന് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യൻ മന്ത്രിക്ക് സൗദി മന്ത്രി നന്ദി പറഞ്ഞു. ഈ വർഷത്തെ ജി20 അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തെ സൗദി മന്ത്രി പ്രശംസിച്ചു. സാംസ്കാരിക ബന്ധം തുടരുന്നതിന് ഇന്ത്യ പുലർത്തുന്ന താൽപര്യത്തെ അഭിനന്ദിച്ചു. അധ്യക്ഷ പദവിയിലിരിക്കെ ഇന്ത്യ മുന്നോട്ടുവെക്കുന്ന സാംസ്കാരിക പാതകളുടെ മുൻഗണനകളെ സൗദി അറേബ്യ പിന്തുണക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സാംസ്കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും വിവിധ സാംസ്കാരിക മേഖലകളിലെ സാംസ്കാരിക കൈമാറ്റവും പരിശീലന പരിപാടികളും വികസിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ചലച്ചിത്ര നിർമാണം, പാചക കലകൾ, ദൃശ്യകലാ പ്രദർശനങ്ങൾ, ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമുകൾ, അദൃശ്യമായ സാംസ്കാരിക പൈതൃകം രേഖപ്പെടുത്തുന്നതിന് അനുഭവങ്ങൾ കൈമാറുക, ചരിത്രപരമായ സ്ഥലങ്ങൾ സംരക്ഷിക്കുക എന്നിവയും ചർച്ച ചെയ്തതിലുൾപ്പെടും.
്ിുമ്