സൗദി അറേബ്യയുടെ പുതിയ വാർഷിക ബജറ്റ് നാളെ

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ സൗദി അറേബ്യയുടെ പുതിയ വാർഷിക ബജറ്റ് അവതരിപ്പിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കും. ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിക്കുക. ഈ വർഷം ബജറ്റ് മിച്ചം നേടിയ പശ്ചാത്തലത്തിൽ വൻ വികസന പദ്ധതികളാണ് അടുത്ത വർഷത്തേക്കുള്ള ബജറ്റിൽ പ്രതീക്ഷിക്കുന്നത്. എട്ടു വർഷം നീണ്ട കമ്മിക്കു ശേഷമാണ് ഈ വർഷം ബജറ്റ മിച്ചം കൈവരിച്ചത്.
ഈ വർഷം 90 ബില്യൺ റിയാലും അടുത്ത കൊല്ലം ഒമ്പതു ബില്യണ്‍ റിയാലും 2024ൽ 21 ബില്യൺ റിയാലും 2025 ൽ 71 ബില്യൺ റിയാലുമാണ് സർക്കാർ പ്രതീക്ഷിക്കുന്ന മിച്ചം. കഴിഞ്ഞ കൊല്ലം കമ്മി 73 ബില്യണ്‍ റിയാലായിരുന്നു. തുടർച്ചയായി എട്ടാം വർഷമാണ് സൗദി അറേബ്യ കഴിഞ്ഞ കൊല്ലം ബജറ്റ് കമ്മി രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 2013ൽ ആണ് ഏറ്റവും അവസാനമായി മിച്ചം രേഖപ്പെടുത്തിയത്. ആ വർഷം 158 ബില്യൺ റിയാൽ ബജറ്റ് മിച്ചം കൈവരിച്ചിരുന്നു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പെട്രോളിതര വരുമാനം വർധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടുള്ള സർക്കാർ നടപടികളുടെ ഫലമായി 2016 മുതൽ 2019 വരെയുള്ള കാലത്ത് ബജറ്റ് കമ്മി ക്രമാനുഗതമായി കുറഞ്ഞുവന്നു. എന്നാൽ 2020ൽ കൊറോണ മഹാമാരിയുടെ സ്വാഭാവിക പരിണിതിയെന്നോണം ബജറ്റ് കമ്മി ഉയർന്നു. 2014ൽ 100 ബില്യൺ റിയാലും 2015ൽ 389 ബില്യൺ റിയാലും 2016ൽ 311 ബില്യൺ റിയാലും 2017ൽ 238 ബില്യൺ റിയാലും 2018ൽ 174 ബില്യൺ റിയാലും 2019ൽ 133 ബില്യൺ റിയാലും 2020ൽ 294 ബില്യൺ റിയാലും 2021 ൽ 73 ബില്യൺ റിയാലുമായിരുന്നു കമ്മി.
ryrty