സൗദിയിൽ പുതിയ വിസയിൽ‍ തിരിച്ചെത്തുന്നവർ‍ക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ്


സൗദി അറേബ്യ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ‍ പ്രാബല്യത്തിൽ‍ വരുന്നു. നാട്ടിലേക്ക് മടങ്ങിയ ശേഷം പുതിയ വിസയിൽ‍ സൗദിയിൽ‍ തിരിച്ചെത്തുന്നവർ‍ക്ക് പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരം പുതിയ ലൈസൻസ് നേടാനാകും. സൗദി ട്രാഫിക്ക് ജനറൽ‍ ഡയറക്ടറേറ്റാണ് പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ‍ അറിയിച്ചത്. എക്‌സിറ്റ് വിസയിൽ‍ നാട്ടിലേക്ക് മടങ്ങി പുതിയ വിസയിൽ‍ വീണ്ടും സൗദി അറേബ്യയിലേക്ക് എത്തുന്നവർ‍ക്ക് പഴയ ഡ്രൈവിംഗ് ലൈസൻസിന് പകരം പുതിയത് നേടാനാകുമെന്നതാണ് പ്രവാസികളെ സംബന്ധിച്ച് പുതിയ നിയമത്തിലെ നേട്ടം. പുതിയ വിസയിൽ‍ സൗദിയിൽ‍ തിരിച്ചെത്തുന്നവർ‍ ട്രാഫിക് ഓഫീസിലെത്തി പഴയ ലൈസൻസ് പുതിയ ഇഖാമ നമ്പറിൽ‍ അനുവദിക്കണമെന്ന് അപേക്ഷ നൽകുക മാത്രമാണ് ചെയ്യേണ്ടത്. 

ലൈസൻസിന്റെ കാലാവധി പൂർ‍ത്തിയായതാണെങ്കിൽ‍ ആവശ്യമായ ഫീസ് അടച്ച് വൈദ്യ പരിശോധന റിപ്പോർ‍ട്ട് അടക്കം അപേക്ഷ സമർ‍പ്പിക്കണം. സന്ദർ‍ശന വിസയിൽ‍ സൗദി അറേബ്യയിൽ‍ എത്തുന്നവർ‍ക്ക് അന്താരാഷ്ട്ര ലൈസൻസ് അല്ലെങ്കിൽ‍ വിദേശ ലൈസൻസ് ഉപയോഗിച്ച് ഒരു വർ‍ഷത്തേക്ക് വാഹനമോടിക്കാം. കൂടാതെ കാലാവധി തീരുന്നത് വരെയും പ്രസ്തുത ലൈസൻസ് തന്നെ ഉപയോഗിച്ച് വാഹനമോടിക്കാമെന്നും പുതിയ ലൈസൻസ് നിയമങ്ങളിൽ‍ നിർ‍ദേശമുണ്ടെന്ന് സൗദി അറേബ്യ ട്രാഫിക് ജനറൽ‍ വ്യക്തമാക്കുന്നു. സ്വകാര്യ ലൈസൻസിന് അപേക്ഷിക്കാൻ പതിനെട്ടുവയസ്സ് പൂർ‍ത്തിയാകണമെന്നും നിർ‍ദേശമുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനോ മയക്കുമരുന്നു കൈവശം വെയ്ക്കുന്നതിനോ ശിക്ഷിക്കപ്പെട്ടവർ‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. വാഹനമോടിക്കാൻ സാധിക്കാത്ത വിധത്തിലുള്ള രോഗങ്ങൾ‍ ബാധിച്ചവർ‍ക്കും ലൈസൻസിന് അപേക്ഷിക്കാനാവില്ലെന്നും ലൈസൻസ് സംബന്ധിച്ച പുതിയ നിയമങ്ങൾ‍ സംബന്ധിച്ച് ട്രാഫിക് ജനറൽ‍ വിശദമാക്കി.

You might also like

Most Viewed