സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്രവിലക്കിന് പരിഹാരം
സൗദിയിലെ കോവിഡ് മാനദണ്ഡങ്ങള്‍മൂലം നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കുടുങ്ങിയ അറുന്നൂറോളം ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. എംബസി ആവശ്യപ്രകാരം ഇവരെ നാട്ടിലെത്തിക്കുന്നതിന് സൗദി എയര്‍ലൈന്‍സ് സമ്മതിച്ചിട്ടുണ്ടെന്നും മുസ്‍ലിം ലീഗ് എം.പി പി.വി. അബ്ദുല്‍ വഹാബിന് അയച്ച കത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടവിലായവര്‍ നെഗറ്റിവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കൈവശംവെച്ചാല്‍ എയര്‍-സുവിധ പോര്‍ട്ടലില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതില്‍നിന്നുള്ള ഒഴിവാക്കലിന് ആരോഗ്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടല്‍ രാജ്യസഭയില്‍ വഹാബ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശ മന്ത്രി എം.പിക്ക് കത്തയച്ചത്.

