ആദ്യമായി സംഗീത പഠന കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകി സൗദി
റിയാദ്: രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകി സൗദി അറേബ്യ . സാംസ്‍കാരിക മന്ത്രി ബദർ അൽ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലൈസൻസിന് അപേക്ഷകൾ സമർപ്പിക്കാൻ സ്വകാര്യ മേഖലയോടും ബദർ അൽ സൗദ് ആവശ്യപ്പെട്ടു. “താൽപ്പര്യമുള്ള എല്ലാവരേയും സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിവിധ സാംസ്കാരിക മേഖലകളിലെ സ്ഥാപനങ്ങളുടെ ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ ക്ഷണിക്കുന്നു. 90 ദിവസത്തിനുശേഷം അതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയും ‘ ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
സംഗീത പഠന കേന്ദ്രങ്ങൾ വഴി, സംഗീത മേഖലയെ വികസിപ്പിക്കാനും, പരിശീലകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സൗദി അറേബ്യയിലെ സാംസ്കാരിക മന്ത്രാലയം ലക്ഷ്യമിടുന്നത്. ദീർഘ, ഹ്രസ്വകാല കോഴ്സുകളിലായി 1,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ ഈ പഠന കേന്ദ്രങ്ങളിൽ സൗകര്യമൊരുങ്ങും.