ട്രംപ് അധികാരം ഒഴിയാൻ കൂട്ടാക്കുന്നില്ലെന്ന് ബൈഡൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും പരാജയപ്പെട്ടിട്ടില്ലെന്നും ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നതിനിടെ അധികാരം കൈമാറുന്നതിൽ രാഷ്ട്രീയപരമായ തടസ്സങ്ങൾ നേരിടുന്നുവെന്ന് തുറന്ന് പറഞ്ഞ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. തെരഞ്ഞടുപ്പ് ഫലങ്ങൾ വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രധാനപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ തനിക്ക് കൈമാറുന്നത് തടസ്സപ്പെടുത്തുകയാണ് എന്നാണ് ബൈഡൻ പറഞ്ഞത്.
പ്രസിഡന്റായി വിജയിക്കുന്നയാൾക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായി രാജ്യവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറണമെന്നിരിക്കെ ഇത് നൽകാത്തത് സ്വാഭാവിക പ്രക്രിയകളെ തടസ്സപ്പെടുത്തുന്നതാണെന്നും ബൈഡൻ പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിക്കാത്ത ട്രംപ് നിരവധി വിവാദങ്ങൾക്ക് പിന്നാലെയാണ് അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ സഹകരിക്കുമെന്ന് ഉറപ്പു നൽകിയത്.
ഇതിന് പിന്നാലെ ബൈഡൻ വൈറ്റ് ഹൗസ് നേതൃത്വത്തെ പ്രകീർത്തിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ ഉറപ്പ് വാഗ്ദാനത്തിൽ മാത്രം ഒതുങ്ങിപ്പോയതിന് പിന്നാലെയാണ് പരസ്യ വിമർശനവുമായി ബൈഡൻ രംഗത്ത് വന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിയിലാണ് അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിടുന്നുവെന്ന് ബൈഡൻ വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ഓഫീസ് ഓഫ് മാനേജ്‌മെന്റ് ഓഫ് ബജറ്റിൽ നിന്നും സഹകരണം ലഭിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അതേസമയം അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബൈഡൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെ തങ്ങൾ പരമാവധി വേഗത്തിൽ കാര്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്ന് അമേരിക്കയുടെ ആക്ടിങ്ങ് ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ പറഞ്ഞു.