സനൽകുമാർ ശശിധരന്റെ സിനിമയിൽ നായകൻ ടൊവിനോ, നായിക കനി കുസൃതി
കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 26ന് പെരുന്പാവൂരിൽ ആരംഭിച്ചു. ചിത്രത്തിന്റെ പേർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പെരുന്പാവൂരിൽ അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് നടക്കുന്നത്.
റാന്നിയിലാകും ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ. നടൻ സുദേവ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്നും സനൽ കുമാർ വ്യക്തമാക്കി. മഞ്ജു വാര്യരെ നായികയാക്കി കയറ്റം എന്ന സിനിമയാണ് സനൽകുമാർ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം നേടിയ താരമാണ് കനി കുസൃതി. ചിത്രത്തിലെ പ്രകടനത്തിന് മറ്റ് ചലച്ചിത്ര മേളകളിലും കനി കുസൃതി പുരസ്‌ക്കാരം നേടിയിരുന്നു. ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി, 1956−സെൻട്രൽ ട്രാവൻകൂർ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകൾ. അതേസമയം, കാണെക്കാണെ, കള എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെതായി ഒരുങ്ങുന്നത്. ഈ സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാകും ടൊവിനോ സനൽകുമാർ ചിത്രത്തിൽ ജോയിൻ ചെയ്യുക.