ദിലീപ് നായകനാകുന്ന ഖലാസി

മലബാർ മാപ്പിള ഖലാസികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസർ മിഥിലാജാണ് കഥയും സംവിധാനവും നിർവഹിക്കുന്നത്. മിഥിലാജിന്റെ ആദ്യ ചലച്ചിത്രസംരഭമാണ് ഖലാസി. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്റെയും മനക്കണക്കിന്റെയും കഥയാണ് ചിത്രം പറയുന്നത്. കപ്പൽ നിർമാണ തൊഴിലാളികൾ എന്നർത്ഥം വരുന്ന അറബ് പദമാണ് ഖലാസി. ബേപ്പൂർ, ചാലിയം, കല്ലായി, ഫറോക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ഖലാസി സംഘങ്ങൾ കൂടുതലുള്ളത്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ വലിച്ച് കയറ്റുന്നതിനും ഉയർത്തി വയ്ക്കുന്നതിനുമാണ് ഇവരെ തുടക്കത്തിൽ വിളിച്ചിരുന്നത്. തുടർന്ന് വലിയ ഭാരം ഉയർത്തുന്ന പണികളും ഇവർ ഏറ്റെടുത്തു തുടങ്ങി. 1988-ലെ പെരുമൺ തീവണ്ടി ദുരന്തകാലത്തെ ഖലാസി ഇടപെടലുകൾ മലയാളിക്ക് മറക്കാനാകില്ല.
ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതികതികവോടെയാകും പകർത്തുക. മലബാർ മുതൽ മെക്കവരെ നീളുന്ന ഖലാസി ചരിത്രത്തിന് ഇതാദ്യമായാണ് ചലച്ചിത്ര ഭാഷ്യമൊരുങ്ങുന്നത്. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷുമാണ് തിരക്കഥയെഴുതുന്നത്. ഗോകുലം ബാനറിൽ സഹനിർമാതാക്കളാകുന്നത് വി.സി പ്രവീണും ബൈജു ഗോപാലനുമാണ്. കൃഷ്ണമൂർത്തിയും സുധാകർ ചെറുകൂരുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.