ഗോ എയര്‍ സൗദിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലേക്ക്


ദമാം: സൗദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മജ്ദൂഈ ഗ്രൂപ്പുമായി സഹകരിച്ച് ഗോ എയര്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍. ദമ്മാമിന് പുറമെ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ഗോ എയര്‍ ദമ്മാമില്‍ നിന്ന് ആദ്യമായി കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിനോടനുബന്ധിച്ച സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്പനി അധികൃതര്‍. ദമ്മാമിനു പുറമെ സൗദിയുടെ മറ്റു പ്രവിശ്യകളില്‍ നിന്നും ഒപ്പം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍ നാഷണല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ദാസ് ഗുപ്ത പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് സൗകര്യപ്രദമായ യാത്രയൊരുക്കുകയാണ് കമ്പനി ലക്ഷ്യമെന്ന് മജ്ദൂഈ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് യുസുഫ് അല്‍ മജദൂഈ പറഞ്ഞു. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ പത്രം പരിപാടിയില്‍ പരസ്പരം കൈമാറി. ഗ്രൂപ്പിന് കീഴിലുള്ള അര്‍ജ ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്കിംഗിന് അവസരമൊരുക്കിയിരിക്കുന്നത്.  

You might also like

  • Straight Forward

Most Viewed