നൂറ്റാണ്ടിനിടെയുള്ള വലിയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇയും

നൂറ്റാണ്ടിനിടെയുള്ള വലിയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ യു.എ.ഇയും ഒരുങ്ങി. നാളെയാണ് ഗ്രഹണം ദൃശ്യമാവുക. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്കു മുകളിൽ ഗ്രഹണം കാണാനുള്ള സൗകര്യവും അധികൃതർ ഏർപ്പെടുത്തി. 1947ൽ ആണ് യു.എ.ഇയിൽ അവസാനമായി വലിയ ഗ്രഹണം ദൃശ്യമായത്. അതു കൊണ്ടു തന്നെ ഒന്നര നൂറ്റാണ്ടിനിപ്പുറം വന്നെത്തുന്ന വലയ ഗ്രഹണം കാണാൻ സന്ദർശകർക്ക് വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്.
ബുർജ് ഖലീഫയുടെ മുകളിലെ ഒബ്സർവേഷൻ ഡക്കിൽ നിന്ന് ഗ്രഹണം കൂടുതൽ കൃത്യതയോടെ കാണാനാകും. താൽപര്യമുള്ളവർ വ്യാഴാഴ്ച വെളുപ്പിന് 7 മണിക്ക് ബുർജ് ഖലീഫയിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ദുബൈക്കു പുറമെ അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലും വലിയ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അൽദഫ്റ മദീനത്ത് സായിദിനോട് ചേർന്ന ലിവ ഹിൽസ് ഹോട്ടലിൽ പ്രത്യേകം ഒരുക്കിയ കേന്ദ്രത്തിലും ഗ്രഹണം നേരിട്ടു കാണാം. യു.എ.ഇ ബഹിരാകാശ ഏജൻസിയും അബൂദബി കേന്ദ്രമായ അന്താരാഷ്ട്ര അസ്ട്രോണമി കേന്ദ്രവും സംയുക്തമായാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്.