ഉത്തർപ്രദേശിൽ വെടിയേറ്റ ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ 20 ആയി ഉയർന്നു


ലഖ്നൗ: ഉത്തർപ്രദേശിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20  ആയി ഉയർന്നു. ഫിറോസാബാദിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 14 ലക്ഷം നഷ്ടപരിഹാരം ഈടാക്കാൻ രാംപൂരിൽ 28 പേർക്ക് പോലീസ് നോട്ടീസ് നല്‍കി. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ വെടിയേറ്റ മുക്കിം എന്ന ആളാണ് ഇന്നലെ വൈകിട്ട് മരിച്ചത്. ഫിറോസാബാദിൽ ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന മുക്കിമിനെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുക്കിമിന് വയറിലാണ് വെടിയേറ്റത്. എങ്ങനെ വെടിയേറ്റു എന്നത് വ്യക്തമല്ല. പോലീസ് വെടിവച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ നാടൻ തോക്കുകളുമായാണ് അക്രമികൾ എത്തിയതെന്നാണ് പോലീസ് വിശദീകരണം. ബിജ്നോറിൽ ഒരാൾ മരിച്ചത് ആത്മരക്ഷാർത്ഥം പോലീസ് വെടിവെച്ചപ്പോഴാണ് എന്ന് പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും ഇക്കാര്യം സ്ഥിരീകരിച്ചു.

രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് പോലീസ് നോട്ടീസ് നൽകി. പതിനാലു ലക്ഷം രൂപ വീതം ഈടാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താനാണ് നോട്ടീസില്‍ പറയുന്നത്. എംബ്രോയിഡറി തൊഴിലാളി ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ്. ഉത്തർപ്രദേശിലെ സംഭവങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. പലയിടത്തും വെടിവച്ചില്ല എന്ന വിശദീകരണം പോലീസ് നല്‍കുമ്പോഴും പ്രദേശവാസികൾ മറിച്ചുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. 

You might also like

  • Straight Forward

Most Viewed