വ്യാജ ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്താല്‍ സൗദിയില്‍ കര്‍ശന നടപടി
റിയാദ് : കച്ചവടക്കാര്‍ വിതരണം ചെയ്യുന്ന വ്യാജ ഉത്പന്നങ്ങള്‍ മടക്കി നല്‍കി പണം തിരികെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുള്ളതായി സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര പ്രശസ്തവും റജിസ്റ്റര്‍ ചെയ്തതുമായ ട്രേഡ് മാര്‍ക്കിലുള്ള ഉത്പന്നങ്ങളുടെ വ്യാജന്മാരാണ് വ്യാപകമായി രാജ്യത്ത് വിറ്റഴിക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളുടെ തട്ടിപ്പുകളെ കുറിച്ച് 1900 എന്ന നന്പറിലൂടെയോ വാണിജ്യ നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പിലൂടെയോ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാവുന്നതാണ്.
ഇതോടൊപ്പം ഓണ്‍ലൈന്‍ സ്റ്റോറുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും വഴി പരസ്യപ്പെടുത്തുന്ന ഓഫറുകളും മന്ത്രാലയം നിരീക്ഷിച്ച് വരുന്നുണ്ട്. ഇതിനായി ഒരു പ്രത്യേക വിഭാഗം മന്ത്രാലയത്തില്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ ഉത്പന്നങ്ങള്‍ വിപണനം നടത്തിയ 90 സാമൂഹിക മാധ്യമ അക്കൗണ്ടുകളും വിദേശ ഓണ്‍ലൈന്‍ സ്റ്റോറിന്റെ വെബ്സൈറ്റും ഒന്നര വര്‍ഷത്തിനിടെ മന്ത്രാലയം അടപ്പിച്ചു. ഓണ്‍ലൈന്‍ വ്യാപാര നിയമം സൗദി മന്ത്രി സഭ പാസാക്കി കഴിഞ്ഞുവെന്നും ഇതിനായുള്ള നിയമാവലി തയ്യാറാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

