മശാഇര്‍ ട്രെയിനുകള്‍ സജ്ജം
ജിദ്ദ: മിന, മുസ്ദലിഫ, അറഫ യാത്രക്ക് മശാഇര്‍ മെട്രോ ട്രെയിനുകള്‍ സജ്ജം. ടിക്കറ്റ് വിതരണം മക്ക വികസന അതോറിറ്റി ആരംഭിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റ് വഴി ഹജ്ജ് ഉംറ മന്ത്രാലയം അംഗീകരിച്ച ലിസ്റ്റിലുള്ളവര്‍ക്കാണ് ടിക്കറ്റ് വിതരണം ചെയ്യുന്നത്. ആഭ്യന്തര തീര്‍ഥാടകര്‍, തെക്കനേഷ്യന്‍ മുത്വവ്വഫ് സ്ഥാപനം, അറബ് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് മശാഇര്‍ മെേട്രാ സേവനം ലഭിക്കുക.
മിനായില്‍നിന്ന് അറഫയിലേക്കും തിരിച്ചും ഏകദേശം 3,60,000 പേര്‍ യാത്രക്കുണ്ടാകുമെന്നാണ് കണക്ക്. ട്രെയിന്‍ ടിക്കറ്റ് വിതരണം വ്യവസ്ഥാപിതമാക്കാനും വേഗത്തില്‍ ലഭ്യമാക്കാനും മൂന്നാം തവണയാണ് ഇ- സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് മക്ക വികസന അതോറിറ്റി വക്താവ് എന്‍ജിനീയര്‍ ജലാല്‍ കഅ്കി പറഞ്ഞു. ലിസ്റ്റിലില്ലാത്തവര്‍ക്ക് ഇ-സംവിധാനം വഴി ടിക്കറ്റ് ലഭിക്കില്ല. 250 റിയാലാണ് മുഴുവന്‍ സ്റ്റേഷനുകള്‍ക്കിടയിലെ ടിക്കറ്റ് ചാര്‍ജ്. ദുല്‍ഹജ്ജ് 11, 12, 13 ദിവസങ്ങളിലെ യാത്രക്ക് 50 റിയാലാണ്.
ദുല്‍ഹജ്ജ് എട്ടു മുതല്‍ ദുല്‍ഹജ്ജ് 13 വരെയുള്ള ദിവസങ്ങളിലായി 20 ലക്ഷത്തിലധികം പേര്‍ യാത്രികരായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മശാഇറുകള്‍ക്കിടയിലെ തീര്‍ഥാടകരുടെ യാത്ര പ്രത്യേകിച്ച് അറഫാ ദിനത്തില്‍ മിനായില്‍നിന്ന് അറഫയിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്നതിന് 9 വര്‍ഷം മുന്പാണ് സൗദി ഭരണകൂടം ഈ ഭീമന്‍ പദ്ധതി നടപ്പാക്കിയത്.
മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി 9 സ്റ്റേഷനുകളാണുള്ളത്. 17 ട്രെയിനുകളാണ് സര്‍വിസിനുള്ളത്. മൊത്തം 204 ബോഗികളുണ്ട്. ഓരോ ബോഗിയിലും 300 ഹാജിമാരെ ഉള്‍ക്കൊള്ളാനാകും.
മണിക്കൂറില്‍ 80നും 120നുമിടയില്‍ ഓടുന്ന ട്രെയിന്‍ പൂര്‍ണമായും റിമോട്ട് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. ഇതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കണ്‍ട്രോള്‍ റൂം പദ്ധതിക്കു കീഴിലുണ്ട്.

