സൗദിയിൽ ലെവി മൂലം ബാധ്യതയുണ്ടായ കന്പനികൾക്ക് 11 ശതകോടി റിയാൽ സഹായം

സൗദിയിൽ സ്വകാര്യ മേഖലയിൽ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കന്പനികൾക്ക് പതിനൊന്നര ശതകോടി റിയാൽ സഹായം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് സഹായധന അഭ്യർത്ഥനക്ക് അംഗീകാരം നല്‍കിയത്. തൊഴിൽ മന്ത്രി അഹ്മദ് അൽ റാജിയാണ് പ്രഖ്യാപനം നടത്തിയത്.
സൗദിയിലെ സ്വകാര്യ മേഖലയിൽ വിദേശി ജീവനക്കാർക്ക് ലെവി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വിവിധ സ്ഥാപനങ്ങൾ വലിയ തുക ലെവി ഇനത്തിൽ അടക്കേണ്ടി വന്നിരുന്നു. പല സ്ഥാപനങ്ങളും പ്രതിസന്ധി പരിഹാരത്തിന് വാണിജ്യ നിക്ഷേപ മന്ത്രാലയവുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഈ ആവശ്യം സാന്പത്തിക വികസന കാര്യ സമിതിയിലെത്തി. തുടർന്ന് തൊഴിൽ മന്ത്രാലയത്തിന്റെ താല്‍പര്യങ്ങൾ പരിഗണിച്ച് സഹായധനം നല്‍കാൻ തീരുമാനിക്കുകയായിരുന്നു. പതിനൊന്നര ശതകോടി റിയാലാണ് സഹായ ധനമായി സ്ഥാപനങ്ങൾക്ക് നല്‍കുക. സ്വകാര്യ സ്ഥാപനങ്ങളെ സാന്പത്തിക ബാധ്യതയിൽ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും സാന്പത്തിക പുരോഗതിയും വാഗ്ദാനം ചെയ്യുന്ന രാജാവിന്റെ തീരുമാനത്തിന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അൽ ഖസബി നന്ദി അറിയിച്ചു.