ബംഗാളിൽ സി.പി.എമ്മുമായി ധാരണയിലെത്താൻ കോൺഗ്രസിന്റെ അനുമതി; തൃണമൂലുമായി സഖ്യം വേണ്ട

ലോകസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പിഎമ്മുമായി ധാരണയിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി. സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് ബംഗാൾ പിസിസി അദ്ധ്യക്ഷൻ സോമേൻ മിത്ര. തൃണമൂൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് എ.ഐ.സിസി നേതൃയോഗത്തിൽ തീരുമാച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സഖ്യം ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും കോൺഗ്രസും ഇതിനോടകം തന്നെ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ മാസം 25നകം സ്ഥാനാർത്ഥി പട്ടിക നൽകാൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വ യോഗത്തിൽ നിർദ്ദേശിച്ചു. റഫേൽ യുദ്ധ വിമാന ഇടപാട് കോൺഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി എടുക്കാനും രാഹുൽ ഗാന്ധി നിർദ്‍ദേശിച്ചു. ബംഗാളിൽ നിന്ന് 34 എംപിമാരാണ് നിലവിൽ തൃണമൂൽ കോണ്‍ഗ്രസിനുള്ളത്. കോൺഗ്രസിന് നാലും സി.പി.എം ബി.ജെ.പി എന്നിവർക്ക് രണ്ടും എം.പിമാർ പാർലമെന്റിലുണ്ട്. 2014ൽ 39.3 ശതമാനം വോട്ടാണ് തൃണമൂൽ ബംഗാളിൽ നേടിയത്. അതേസമയം കോൺഗ്രസിന്റെ ധാരണ നീക്കവുമായി ബന്ധപ്പെട്ട് സി.പി.എം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയായിരിക്കും തീരുമാനം കൈകൊള്ളുക. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നു താഴെയിറക്കുക പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് അനുസരിച്ചുള്ള അടവുനയം സ്വീകരിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ അല്ല, പ്രാദേശികമായാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ബംഗാളിൽ കോൺഗ്രസുമായി മുന്നണി ബന്ധമില്ലെന്നും ബിജെപിയെ തോൽപ്പിക്കാൻ അടവു നയം പ്രയോഗിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമബംഗാളിൽ മുന്നണി ആവശ്യവുമായി സിപിഎമ്മിന്‍റെ പുറകേ നടക്കുന്നത് കോൺഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബംഗാളിൽ നോമിനേഷൻ കൊടുക്കാൻ പോലും സാധിക്കാത്ത പാർട്ടിയായി സിപിഎം മാറിയെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.