സൗദിയിലെ സ്വദേശിവത്കരണതോത് പുനഃപരിശോധന നടത്താൻ സാധ്യത

സൗദി തൊഴിൽമേഖലയിലെ സ്വദേശിവത്കരണതോത് ചില മേഖലകളിൽ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കി. എന്നാൽ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കിയ സ്വദേശിവത്കരണാനുപാതം തൊഴിൽ, സാമൂഹിക വികസനമന്ത്രാലയം സമഗ്രമായി പുനഃപരിശോധിക്കുമെന്ന്് മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽറാജ്ഹി വ്യാപാരികൾക്ക് ഉറപ്പ് നല്കി. സ്വദേശി−വിദേശി അനുപാതം 50 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മൊബൈൽ ഫോൺ കടകൾ, റെന്റ് എ കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൂറുശതമാനം സൗദിവത്കരണം നിലവിലുണ്ട്. എന്നാൽ ഇവയിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് നിഗമനം.
കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിലെ പന്ത്രണ്ടു തൊഴിൽമേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം കൊണ്ടുവന്നിരുന്നു. ഈ മേഖലകളിലുള്ള സ്വദേശിവത്കരണതോതിൽ മാറ്റം വരുത്തണമെന്ന് സൗദിയില വ്യാപാരികൾ നിരന്തരമായി ആവശ്യമുന്നയിക്കുകയായിരുന്നു. ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ വ്യാപാരികൾ നിർബന്ധിതരായി. എന്നാൽ കഴിവുറ്റതും അനുയോജ്യവുമായ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പല സ്ഥാപനങ്ങളും പൂട്ടുകയും മറ്റ് ചിലത് പൂട്ടലിന്റെ വക്കിലുമാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികൾ മന്ത്രിക്കു മുന്പാകെ തങ്ങളുടെ ആവശ്യം ആവർത്തിച്ചത്.