ഇറാനിൽ നിന്നുള്ള ഹാജിമാർക്ക് ഹജ്ജിന് സൗകര്യമൊരുക്കി സൗദി

ജിദ്ദ : ഇറാനിൽ നിന്നുള്ള തീർത്ഥാടകർക്ക് ഹജ്ജിന് സൗകര്യമൊരുക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതോടെ ആഗസ്റ്റ് അവസാനത്തിൽ നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ ഇറാനിൽ നിന്നും തീർത്ഥാടകരെത്തുമെന്ന കാര്യം ഉറപ്പായി. ഇറാനിൽ നിന്നുള്ള എൺപത്തഞ്ചായിരം തീർത്ഥാടകരാണ് വരുന്ന ഹജ്ജിൽ പങ്കെടുക്കുക. ഇവരെ സേവിക്കാനായി മുവ്വായിരത്തോളം ജീവനക്കാരും സൗദിയിലെത്തും എത്തും.
ഇറാൻ തീർത്ഥാടകരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും അതിൽ താൽപ്പര്യം എടുക്കാനായി ഹജ്ജ് സീസണിൽ ഒരു ഇറാൻ തീർത്ഥാടക ബ്യുറോ സൗദിയിൽ പ്രവർത്തിക്കും. ഇത് സംബന്ധിച്ച ധാരണയും സൗദി അറേബ്യയുടെ രൂപപ്പെട്ടിട്ടുടെന്നാണ് വിവരം.
ഇറാൻ ഹാജിമാരുടെ കാര്യങ്ങൾ സംബന്ധിച്ച ചർച്ചകളും പ്രാഥമിക ഉഭയകക്ഷി ധാരണകളും ചർച്ച ചെയ്യാനും രൂപപ്പെടുത്താനുമായി ഇറാനിൽ നിന്നുള്ള സംഘം കഴിഞ്ഞ നാളുകളിൽ സൗദിയിൽ എത്തിയിരുന്നു. ഇറാൻ ഹജ്ജ് തീർത്ഥാടന സംഘടനയുടെ മേധാവി ഹാമിദ് മുഹമ്മദ് സൗദിയുടെ ഹജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്തനെ സന്ദർശിച്ച് നടത്തിയ ചർച്ചകളിലാണ് ഇത് സംബന്ധിച്ച പല ധാരണകൾക്കും രൂപം കൈവന്നത്.
ഇറാൻ പോലെ സൗദിയുടെ എതിർ ചേരിയിൽ നിൽക്കുന്ന ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യവും സൗദി അറേബ്യ അനുഭാവപൂർവമാണ് പരിഗണിക്കാറ്. ഇക്കഴിഞ്ഞ റമദാനിൽ ഖത്തറിൽ നിന്നുള്ള ഉംറ തീർത്ഥാടകരെ സൗദി അറേബ്യ സ്വീകരിച്ചിരുന്നു. വരുന്ന ഹജ്ജ് തീർത്ഥാടന കാലത്തും ഖത്തറിൽ നിന്ന് തീർത്ഥാടകരെത്തും.
2015 ലെ ഹജ്ജ് വേളയിൽ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറു കണക്കിന് ഇറാൻ ഹാജിമാർ ഉൾപ്പെടെയുള്ളവർ മരണപ്പെട്ടിരുന്നു. ഇതിനെ തുടന്ന് 2016 ലെ ഹജ്ജ് ഇറാൻ ബഹിഷ്കരിച്ചിരുന്നെങ്കിലും 90000 തീർത്ഥാടകർ കഴിഞ്ഞ വർഷത്തെ ഹജ്ജിൽ പങ്കെടുത്തിരുന്നു.