വില നിരീക്ഷിക്കാൻ ഇ-സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി : അവശ്യ വസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനുള്ള ഇ--സംവിധാനം ഉടനെ പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ-വ്യവസായമന്ത്രി ഖാലിദ് അൽ റൗദാൻ അറിയിച്ചു. 500 ഉൽപ്പന്നങ്ങളുടെ വില ഇ--സംവിധാനം വഴി വിലയിരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.
കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നം ലഭിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് എളുപ്പമാണെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചൂഷണം ഇല്ലാതാക്കാനുമാണ് പുതിയ സംവിധാനം. പ്രത്യേക ആപ് വഴി ഒട്ടേറെ സ്ഥാപനങ്ങളിലെ വില നിലവാരം ലഭ്യമാക്കും. ഓരോ സാധനത്തിനും ഓരോ സ്ഥാപനത്തിലെയും വില വിരൽത്തുന്പിൽ ഉപഭോക്താവിന് ലഭ്യമാകും.
കോ ഓപ്പറേറ്റീവ് സ്റ്റോറുകളും ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ആപ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുവെന്നതും ഉറപ്പാക്കും. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കാൻ അവസരം ഒരുങ്ങുന്നതിന് പുറമെ നീതിരഹിതമായ വിലവർദ്ധന കണ്ടെത്താൻ അധികൃതരെയും സംവിധാനം സഹായിക്കും.
വിലനിലവാരം നിരീക്ഷിക്കുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥർ നിരന്തരം കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു.