കുവൈത്തിനെതിരായ വിലക്ക് പിൻവലിക്കാനൊരുങ്ങി ഒളിന്പിക് അസോസിയേഷൻ

കുവൈത്ത് സിറ്റി : കുവൈത്തിനു മേൽ അന്താരാഷ്ട്ര ഒളിന്പിക് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ കുവൈത്തിൽ ചേരുന്ന പ്രത്യേക യോഗം ഇക്കാര്യങ്ങൾ പരിശോധിക്കും. കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ ഡിസംബറിൽ പിൻവലിച്ചിരുന്നു.
കായിക വിലക്ക് നീക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് കുവൈത്ത് സ്പോർട്സ് അതോറിറ്റി അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അതിനുള്ള മറുപടിയിലാണ് കുവൈത്തിൽ യോഗം ചേരുന്ന കാര്യം ഒളിന്പിക് കമ്മിറ്റി വ്യക്തമാക്കിയത്. വിഷയം ചർച്ച ചെയ്യുന്നതിന് ഒളിന്പിക് കമ്മിറ്റിക്ക് കീഴിലെ പ്രത്യേക സംഘമാണ് കുവൈത്ത് സന്ദർശിക്കുക.