ഗതാഗത നിയമ ലംഘനം : സൗദിയിൽ പിഴയ്ക്കും തടവിനും പകരം ബദൽ ശിക്ഷ

ജിദ്ദ : ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്കു ലഭിക്കുന്ന പിഴയ്ക്കും തടവിനും പകരം സൗദിയിൽ ട്രാഫിക് വിഭാഗം ബദൽ ശിക്ഷ നടപ്പിലാക്കി തുടങ്ങി. കിഴക്കൻ പ്രവിശ്യയിൽ 412 പേരെയാണ് ഇത്തരം ബദൽ ശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് സ്വഭാവത്തിൽ മാറ്റം വരുത്തുക, അവബോധം വർദ്ധിപ്പിക്കുക എന്നിവയാണ് ബദൽ ശിക്ഷ നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിയമ ലംഘനം നടത്തുന്നവർക്ക് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ പരിചരണ ചുമതലയാണ് നൽകുന്നത്.
ഒരു ദിവസത്തിൽ നിശ്ചിത സമയം മാത്രമാണ് ഇത്തരം സേവനങ്ങൾ ചെയ്യേണ്ടത്. അതേസമയം റോഡപകടങ്ങൾ കുറച്ച് കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പദ്ദതിക്ക് തുടക്കം കുറിച്ചതായും ഹൈവേ പോലീസ് വക്താവ് ബ്രിഗേഡിയർ സാമി അൽ ഷുവൈരിഖ് അറിയിച്ചു. അപകടങ്ങൾ കൂടിയ നിരത്തുകളിലാണ് മികച്ച സാങ്കേതി വിദ്യയുടെ സഹായത്താൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സംവിധാനം നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.