സൗദിയിൽ കുറ്റാന്വേഷണ വകുപ്പിലും വനിതകൾക്ക് നിയമനം

റിയാദ് : സൗദി അറേബ്യയിൽ കുറ്റാന്വേഷണ വകുപ്പിൽ വനിതാഉദ്യോഗസ്ഥരെ നിയമിക്കാൻ നീക്കം. സ്ത്രീ ശാക്തീകരണത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുകയും വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുറ്റാന്വേഷണ വിഭാഗത്തിൽ വനിതകളെ നിയമിക്കാൻ തീരുമാനിച്ചതെന്ന് അറ്റോർണി ജനറൽ ഷെയ്ഖ് സഊദ് അൽ മുജീബ് പറഞ്ഞു. ഇതിനായി സ്വദേശി വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. സ്വഭാവശുദ്ധിയും വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുക, വനിതകൾ ഉൾപ്പെട്ട വ്യവഹാരങ്ങളിൽ കോടതികളിൽ ഹാജരാവുക, കോടതി ഉത്തരവുകൾ നടപ്പാക്കുക, വനിതാ തടവുകാരുടെ പരാതി ശേഖരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് പുതുതായി നിയമനം നൽകുന്നവർക്ക് ഉണ്ടാവുകയെന്നും ഷെയ്ഖ് സഊദ് അൽ മുജീബ് വ്യക്തമാക്കി. തിരഞ്ഞെടുക്കുന്നവർക്ക് പരിശീലനത്തിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിൽ നിയമനം നൽകും. സൗദിയിലെ പൊതുസുരക്ഷാ വകുപ്പിൽ സ്ത്രീസാന്നിദ്ധ്യം വളരെ കുറവാണ്. യൂണിഫോം ധരിച്ച വനിതാ പോലീസും ഇല്ല. പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിൽ കുറ്റാന്വേഷണം നടത്തുന്നത് പുരുഷന്മാർ മാത്രമാണ്. കഴിഞ്ഞമാസം പാസ്പോർട്ട് വകുപ്പിൽ 140 വനിതാ തസ്തികകളിലേക്ക് ഒരുലക്ഷത്തിലധികം വനിതകൾ അപേക്ഷ നൽകിയിരുന്നു. അതുകൊണ്ടുതന്നെ വനിതാ ഉദ്യോഗാർത്ഥികളിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.