യൂസുഫ് ബിൻ അഹമ്മദ് കാനൂവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

മനാമ : ബഹ്റൈനിലെ പ്രമുഖ വ്യവസായിയും കാനൂ ഗ്രൂപ്പ് ചെയർമാനുമായ യൂസുഫ് ബിൻ അഹമ്മദ് കാനൂവിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അനുശോചിച്ചു. കാനൂ കന്പനിയിൽ താൻ ജോലി ചെയ്ത ദീർഘമായ 35 വർഷക്കാലം അദ്ദേഹത്തെ അടുത്തറിയാനും കൂടുതൽ ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ടെന്നും ധർമ്മബോധമുള്ള ഒരു വ്യവസായി ആയിരുന്നു അദ്ദേഹമെന്നും തങ്ങൾ അനുസ്മരിച്ചു.
തന്റെ കീഴിൽ ജോലി ചെയ്യുന്നവരോട് അങ്ങേയറ്റം കരുണയോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഓഫീസിലെ കൃത്യനിഷ്ഠത, ടൈം മാനേജ്മെന്റ്, ഡ്രസ്സിംഗ് എന്നിവയിലെല്ലാം മാതൃകാപരമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പാവപ്പെട്ടവർക്കും വിവിധ ചാരിറ്റി സംഘടനകൾക്കും ധാരാളമായി ദാനധർമ്മം ചെയ്യുന്ന ഒരു സ്വഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മാസം തോറും നിരവധി ചെക്കുകൾ ചാരിറ്റിക്കായി മാത്രം മാറ്റിവെയ്ക്കുകയും മറ്റാരുമറിയാതെ അത് ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്തിരുന്നു. വിശുദ്ധ റമദാനിലാണെങ്കിൽ ഒരു നിയന്ത്രണവുമില്ലാത്ത ദാനധർമ്മങ്ങളും ഇഫ്താറുകളുമാണ് അദ്ദേഹം നടത്തിയിരുന്നത്. കഠിനാദ്ധ്വാനം കൊണ്ട് ഉയരങ്ങളിലെത്താമെന്ന വലിയ പാഠമാണ് അദ്ദേഹം ഓരോ പ്രവാസികളെയും പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കാലം മുതലാണ് കാനൂ ഗ്രൂപ്പ് കൂടുതൽ ശക്തമായതെന്നും അദ്ദേഹത്തിന്റെ സൽകർമ്മങ്ങളെല്ലാം അല്ലാഹു സ്വീകരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും തങ്ങൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.