ഉംറയ്ക്കെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർ അനധികൃതമായി സൗദിയിൽ തങ്ങുന്നതായി റിപ്പോർട്ട്

മക്ക : കഴിഞ്ഞ സീസണിൽ ഉംറ നിർവ്‍വഹിക്കാനെത്തിയ ആയിരക്കണക്കിന് വിദേശ തീർത്ഥാടകർ അനധികൃതമായി സൗദിയിൽ കഴിയുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നുള്ള വരാണ് ഇതിൽ കൂടുതലും. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ഉംറ തീർത്ഥാടകർഎത്തിയതും പാകിസ്ഥാനിൽ നിന്നാണ്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ ഉംറ സീസണിൽ സൗദിയിലെത്തിയ വിദേശ തീർത്‍ഥാടകരിൽ പലരും വിസാ കാലാവധിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് ഹജ്ജ്−ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് അൽ ഹയാത്ത് അറബ് പത്രം റിപ്പോർട്ട് ചെയ്തു. ഇങ്ങനെ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന തീർത്ഥാടകരിൽ കൂടുതലും പാകിസ്ഥാനികളാണ്.
പാകിസ്ഥാനിൽ നിന്നെത്തിയ 1,453,440 തീർത്ഥാടകരിൽ 6,905 പേർമടങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. നൈജീരിയയിൽ നിന്നുള്ള 1,629 തീർത്ഥാടകരും, ഈജിപ്തിൽ നിന്നുള്ള 1,081 തീർത്‍ഥാടകരും ഇന്തോനേഷ്യ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 592 തീർത്ഥാടകർ വീതം പേരും ഇങ്ങനെ അനധികൃതമായി സൗദിയിൽ തങ്ങി.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ തീർത്‍ഥാടകർഎത്തിയത് പാകിസ്ഥാനിൽ നിന്നും പിന്നീട് ഇന്തോനേഷ്യയിൽ നിന്നുമാണ്. 876,246 തീർത്ഥാടകർ ഇന്തോനേഷ്യയിൽ നിന്നും ഉംറ നിർവ്‍വഹിക്കാനെത്തി. മൂന്നാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്നും 608,561 പേർ ഉംറ നിർവ്‍വഹിച്ചു. ഇന്ത്യയാണ് നാലാം സ്ഥാനത്ത്. 525,278 തീർത്ഥാടകർ കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ നിന്നും ഉംറ നിർവ്‍വഹിച്ചു. 440,398 തീർത്ഥാടകർ ഉള്ള തുർക്കിയാണ് അഞ്ചാം സ്ഥാനത്ത്. അനധികൃതമായി സൗദിയിൽ കഴിയുന്ന തീർത്ഥാടകരുടെ കൂട്ടത്തിൽ ഇന്ത്യക്കാർ ഉള്ളതായി റിപ്പോർട്ടിലില്ല.
ഈ വർഷം മുതൽ ഉംറ സീസൺ 300 ദിവസമായി വർദ്ധിക്കും. ഹജ്ജ് സീസണായ രണ്ട് മാസമൊഴികെ ബാക്കി പത്ത് മാസവും ഉംറ സീസണ്‍ണായിരിക്കും. ഇത് വഴി വിദേശ ഉംറ തീർത്ഥാടകരുടെ എണ്ണവും ഈ മേഖലയിലെ ജോലി സാധ്യതയും വർദ്ധിക്കും. കൂടുതൽ ഉംറ സർവ്‍വീസ് കന്പനികൾക്ക് ലൈസൻസ് അനുവദിക്കാനും ആലോചനയുണ്ട്.