സൗദിയിൽ മലയാളിയെ ആക്രമിച്ച് ബൈക്കും മൊബൈലും കവർന്നു

ദമാം : സൗദിയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്ക്. ദമാംമിൽ നിതാമസ സ്ഥലമായ ഖാലിദിയയിലേക്ക് സ്‌കൂട്ടറിൽ പോയ മലയാളിയെയാണ് അടിച്ചു വീഴ്ത്തി മൊബൈൽ ഫോണും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അപഹരിച്ചത്. തിരുവനന്തപുരം കല്ലന്പലം സ്വദേശി സുകുമാരൻ ജയചന്ദ്രനാണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്തിനടുത്തുവെച്ചു കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായത്.
ദമാംമിൽ നിന്ന് ഖാലിദിയ പോർട്ട് റോഡിലൂടെ സ്‌കൂട്ടറിൽ പോകുന്പോഴാണ് കാറിൽ എത്തിയ സംഘം സുകുമാരനെ അടിച്ചു വീഴ്ത്തി മൊബൈൽ ഫോണും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും അപഹരിച്ചത്. ആക്രമണത്തിൽ ബോധം നഷ്ടമായ സുകുമാരനെ വഴിയാത്രക്കാർ ആരോ ആണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ സുകുമാരന്റെ ഇടത്തെ തോൾ എല്ലു പൊട്ടുകയും തലയ്ക്കു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
ദമാം പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല.