യെമനിൽ കോളറ ബാധിതരെ ചികിത്സിക്കുന്നതിന് സൗദി 125 മില്യൺ റിയാൽ ഉടൻ നൽകും

റിയാദ് : യെമനിൽ കോളറ ബാധിതരെ ചികിത്സിക്കുന്നതിന് സൗദി ആദ്യ ഗഡുവായ 125 മില്യൺ റിയാൽ ഉടൻ നൽകും. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. യൂനിസെഫിന്റെ കോളറ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സംഭാവന നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 3.32 ലക്ഷം കോളറ ബാധിതർ യെമനിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. കോളറ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 250 മില്യയൺ റിയാൽ കിരീടാവകാശി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗഡു 125 മില്യൺ റിയാൽ കൈമാറുന്നതിനുളള കരാറിൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോക്ടർ അബ്ദുല്ല അൽ റബീഅയും യൂനിസെഫ് ഗൾഫ് പ്രതിനിധി ഷാഹിദ അസ്ഫറും ഒപ്പുവെച്ചു.
ദുരിതം നേരിടുന്ന യെമൻ ജനതയ്ക്ക് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഫ് സെന്റർ 550 ടൺ മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകിയിരുന്നു. ഇതിനു പുറമെ ശുചീകരണ പ്രവർത്തനങ്ങൾക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനുമുളള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ യെമനിൽ കോളറ ബാധിച്ച് 1817 പേർ മരിച്ചതായും 3.63 ലക്ഷം പേർക്ക് കോളറ ബാധിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.