ദുബൈയിലെ രണ്ടാമത് സ്മാർട്ട് ഫാർമസി പ്രവർത്തനമാരംഭിച്ചു

ദുബൈ : രാജ്യത്തെ രണ്ടാമത്തെ സ്മാർട്ട് ഫാർമസി ദുബൈ ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു. ഫാർമസിയിൽ മരുന്നെടുത്തുകൊടുക്കാൻ റോബോട്ടിക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഡോക്ടർ നൽകുന്ന ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷൻ റോബോട്ട് സ്റ്റോർ ചെയ്യും. ഒരു മിനുട്ടിനുള്ളിൽ 35,000 മരുന്നുകൾ സംഭരിക്കാനും 12 കുറിപ്പടികൾ നോക്കി മരുന്ന് തയ്യാറാക്കിവെക്കാനും ഈ റോബോട്ടിക് സംവിധാനത്തിന് കഴിയും. മരുന്ന് കഴിക്കേണ്ട രീതി രോഗികൾക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ഫാർമസിസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയിൽ ആദ്യ സ്മാർട്ട് ഫാർമസി റാഷിദ് ഹോസ്പിറ്റലിൽ തുടങ്ങിയിരുന്നു. താമസിയാതെ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ എല്ലാ ആശുപത്രികളിലും സ്മാർട്ട് ഫാർമസികൾ തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.